Representative Image | Photo: Gettyimages.in
നാം കഴിക്കുന്നതെന്തോ അതായി മാറുന്നു നാം എന്ന വസ്തുതയിൽ വേരൂന്നിയതാണ് ആയുർവേദത്തിന്റെ ആഹാരസങ്കല്പങ്ങൾ. ആഹാരം ശരീരത്തിനും മനസ്സിനും പഞ്ചേന്ദ്രിയങ്ങൾക്കും തൃപ്തിയും പുഷ്ടിയും നൽകണം. കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസൃതമായി ആഹാരശീലങ്ങൾ മാറ്റുക എന്നതാണ് ആദ്യത്തെ രോഗപ്രതിരോധ പാഠം.
മഴക്കാലം ശാരീരികപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ആഹാരദഹന-പാചന പ്രവർത്തനങ്ങളിലും ഈ മാന്ദ്യം ഉണ്ടാകും. ദഹിക്കാൻ എളുപ്പമുള്ളതും ദഹനരസങ്ങളുടെ ഉത്പാദനവും പ്രവർത്തനവും ത്വരിതപ്പെടുത്തുന്നതുമായ ആഹാരപദാർഥങ്ങൾ വേണം ഇക്കാലത്തു കഴിക്കാൻ. പുളി, ഉപ്പുരസങ്ങൾ മുന്നിൽനിൽക്കുന്ന ആഹാരങ്ങൾ ദഹനം വേഗത്തിലാക്കും. പാകംചെയ്യാൻ എണ്ണയ്ക്കുപകരം നെയ്യാണ് ഈ കാലത്ത് നല്ലത്.
ആഹാരം മരുന്നായി മാറ്റുന്ന രീതി ആയുർവേദത്തിലുണ്ട്. ദശപുഷ്പങ്ങളുടെ നീര്, ഉലുവ, മുതിര, ചെറുപയർ മുതലായവ ചേർത്തുതയ്യാറാക്കുന്ന കഞ്ഞി ഉദാഹരണം. ചുക്ക് ചുട്ടരച്ചു കലക്കിയ മോരിൽ കറിവേപ്പില, മഞ്ഞൾ തുടങ്ങിയവ ചേർത്ത് കാച്ചുന്നത് (മുക്കുടി) ആഹാരരൂപേണ കഴിക്കാവുന്ന മരുന്നാണ്.
ദഹനം എളുപ്പത്തിലാക്കുക മാത്രമല്ല, ശരീരപോഷണവും ഇത്തരം സമ്പ്രദായങ്ങൾ ഉറപ്പാക്കുന്നു. ആഹാരത്തെ ഔഷധമാക്കാൻ ചില കുറുക്കുവഴികളും സ്വീകരിക്കാം-അഷ്ടചൂർണം അഞ്ചോ പത്തോ ഗ്രാം ചേർത്ത് ഇളക്കി കഞ്ഞി കുടിച്ചാൽ മുക്കുടിക്കു തുല്യമായ ഫലം ലഭിക്കും.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. പി.എം വാരിയർ
മാനേജിങ് ട്രസ്റ്റി
ചീഫ് ഫിസിഷ്യൻ
കോട്ടയ്ക്കൽ
ആര്യവൈദ്യശാല
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..