Representative Image | Photo: Gettyimages.in
കർക്കടകം എത്തുമ്പോൾ മാത്രമാണ് ആയുർവേദത്തെക്കുറിച്ചും മരുന്നു കഞ്ഞിയെക്കുറിച്ചുമെല്ലാം മലയാളി ആലോചിക്കുന്നത്. എന്നാൽ അതു പോര. ആയുർവേദം എന്നത് ഒരു ചികിത്സാ ശാസ്ത്രം മാത്രമല്ല, ഒരു ജീവിത ശൈലി തന്നെയാണ്. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള രീതികളാണ് ആയുർവേദത്തിൽ പിന്തുടരുന്നത്.
അതിന് ആവശ്യം ദിനചര്യയും ഋതു ചര്യയുമാണ്. ഓരോ ദിനത്തിലും ഓരോ ഋതുവിനും അനുഷ്ഠിക്കേണ്ടുന്ന ജീവിതരീതികൾ അതേ പോലെ ശീലിച്ചാലേ ആയുർവേദം അനുശാസിക്കുന്ന പ്രയോജനം കിട്ടൂ.
കർക്കടകത്തിന്റെ പ്രാധാന്യം
ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്നീ ആറു ഋതുക്കളിൽ വർഷ ഋതുവിലാണ് കർക്കടകം ഉൾപ്പെട്ടിരിക്കുന്നത്. ആയുർവേദ സിദ്ധാന്തമനുസരിച്ച് ശരീരത്തിന് ഏറ്റവും ബലക്കുറവുണ്ടാകുന്ന സമയമാണ് ഇത്. വാതം, പിത്തം, കഫം എന്നിങ്ങനെയുള്ള ത്രിദോഷങ്ങളും ശക്തിപ്പെടുന്ന സമയമാണ് . വായു, വെള്ളം, ഭൂമി എന്നിവയെല്ലാം ഈ സമയത്ത് മലിനമാക്കപ്പെടുന്നു. പച്ചക്കറികളിലെ രാസവളങ്ങളായും കീടനാശിനികളായും ശരീരത്തിലെത്തുന്ന വിഷാംശങ്ങളും ഈ സമയത്ത് ശക്തിപ്പെടും. ചികിത്സകളും പഥ്യവും ഔഷധക്കഞ്ഞിയും ഋതുവിന്റെ ആരംഭത്തിൽത്തന്നെ തുടങ്ങിയാൽ ഒരു പരിധി വരെ പകർച്ചവ്യാധികളും അല്ലാത്തതുമായ അസുഖങ്ങളെ അകറ്റി നിർത്താം.
പഥ്യം നിർബന്ധം
നൂറു കണക്കിന് ഔഷധങ്ങൾ കഴിച്ചാലും പഥ്യമില്ലെങ്കിൽ പ്രയോജനമില്ല. പഥ്യം കൊണ്ടു മാത്രം പല അസുഖങ്ങളും ഭേദമാക്കുകയും ചെയ്യാം. കർക്കടക മാസത്തിൽ മരുന്നു കഞ്ഞി കുടിക്കുന്നവരും ചികിത്സ ചെയ്യുന്നവരും സസ്യാഹാരം മാത്രമേ കഴിക്കാവൂ. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. മുളക്, ഉപ്പ് എന്നിവ കഴിയുന്നത്ര കുറയ്ക്കുക. തണുത്ത ആഹാരങ്ങൾ, ശീതീകരിച്ച ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ടവ
- പാക്കറ്റുകളിൽ ലഭിക്കുന്ന മരുന്നു കഞ്ഞിക്കൂട്ടുകൾ എല്ലാം ഒരേ നിലവാരം പുലർത്തുന്നവയാകില്ല.
- കഴിവതും 'ഇൻസ്റ്റന്റ്' മരുന്നു കിറ്റുകൾ ഒഴിവാക്കി വീടുകളിൽത്തന്നെ ചേരുവകൾ ചേർത്ത് ഉണ്ടാക്കുക.
- കുളി ചെറു ചൂടുവെള്ളത്തിലാക്കുക.
- പുറത്തിറങ്ങുമ്പോൾ ചെരുപ്പ്, തൊപ്പി, കുട എന്നിവ ശീലമാക്കുക.
- നനഞ്ഞ വസ്ത്രം ധരിച്ച് അധിക നേരം ഇരിക്കരുത്.
- വീടും പരിസരവും 'വയമ്പ്, ഗുൽഗുലു, കുന്തിരിക്കം, വേപ്പ്, അകിൽ' എന്നിവ കൊണ്ടുള്ള ' ഔഷധപ്പുക' കൊള്ളിക്കുന്നത് നന്നായിരിക്കും.
- സമയത്തിന് ആഹാരം കഴിക്കുക.
- ഉറക്കമൊഴിപ്പ്, പകലുറക്കം എന്നിവ പാടില്ല. രാത്രി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
- കർക്കടകം വരുമ്പോൾ മാത്രം ആയുർവേദത്തെക്കുറിച്ചും ഭക്ഷണ ശീലങ്ങളെക്കുറിച്ചും ഓർക്കാെത ചിട്ടയായ ജീവിത ശൈലി എല്ലാക്കാലവും പിന്തുടരുക. നിത്യവും ഹിതകരമായ ആഹാരങ്ങൾ, ചിട്ടയായ പ്രവർത്തനങ്ങൾ, വിഷയാസക്തിയില്ലായ്മ, സത്യ ധർമ്മാദികളോടുള്ള പ്രതിബദ്ധത, സ്നേഹം, ക്ഷമ, ഗുരുത്വം, സ്ഥിര മനസ്സ്് എന്നിവയും സമ്പൂർണ ശാരീരിക മാനസിക സൗഖ്യത്തിന് അനിവാര്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..