Representative Image | Photo: Gettyimages.in
ആയുർവേദം ഒരു ചികിത്സാശാസ്ത്രം മാത്രമല്ല, അതിലുപരി ആരോഗ്യശാസ്ത്രം കൂടിയാണ്. നിയന്ത്രിതമായ ചര്യകൾ കൊണ്ട് ആരോഗ്യത്തിന് ഹാനിവരാതെ നോക്കുന്നതാണ്. വന്ന കേട് ചികിത്സിച്ചു മാറ്റുന്നതിനേക്കാൾ അഭികാമ്യം കായികവും മാനസികവുമായ ആരോഗ്യമാണ് സ്വാസ്ഥ്യം (രോഗമില്ലാത്ത അവസ്ഥ). ത്രിദോഷങ്ങളുടെ സമാവസ്ഥ, അഗ്നിചയാപചയങ്ങൾ, മലം, മൂത്രം ഇവ ശരിയായി പ്രവർത്തിക്കുക, ശരിയായ ഉറക്കം, മനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവയുടെ കൃത്യമായ പ്രവർത്തനം എന്നിവയാണ് ആരോഗ്യ ലക്ഷണം.
കർക്കിടകമാസവും ആയുർവേദ ചികിത്സയും അഭേദ്യമായ ബന്ധമുണ്ട്. ശരീരം ഇളതാവുകയും ശരീരത്തിന്റെ ബലം കുറയുകയും ചെയ്യുന്ന ഈ കാലയളവിൽ ആയുർവേദ ചികിത്സകൾ ശരീരത്തിന് പുതുജീവൻ നൽകുന്നു. കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ചികിത്സകളും ഔഷധങ്ങളും ആഹാരങ്ങളും ആചാരനുഷ്ഠാനങ്ങളും പ്രാധാന്യത്തോടെ നിർവ്വഹിച്ചാൽ എക്കാലത്തും മനുഷ്യർക്ക് പൂർണ്ണാരോഗ്യാവസ്ഥ കൈവരിക്കാം.
എന്താണ് പഞ്ചകർമ്മ ചികിത്സ?
ആയുർവേദ ചികിത്സാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പഞ്ചകർമ്മ ചികിത്സ.ചികിത്സയിലെ ശമനമെന്നും ഗോധനമെന്നും രണ്ടായി വിഭജിക്കുന്നു. ദോഷവൈഷമ്യങ്ങൾ കൊണ്ട് രോഗം പടിപോലെ നിർഹരിക്കാതിരിക്കുമ്പോൾ ധാതുക്കളിലും സ്രോതസുകളിലും പലതരത്തിലുള്ള അഴുക്കുകൾ അടിഞ്ഞുകൂടും. ഒരു പരിധിവരെ ഔഷധം ഉപയോഗിച്ച് ഇതെല്ലാം ശമിപ്പിക്കാൻ കഴിയും. അങ്ങനെ ശമിപ്പിക്കാൻ കഴിയാത്ത വിധം വർധിച്ചിട്ടുണ്ടെങ്കിൽ ഔഷധം ഉപയോഗിച്ച് അഴുക്കുകളെ/ദോഷത്തെ പുറത്ത് കൊണ്ട് വരണം. ഈ ചികിത്സയെ ശോധനം എന്ന് പറയുന്നു. ശോധന ചികിത്സ തന്നെയാണ് പഞ്ചകർമ്മ ചികിത്സ. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന മാലിന്യങ്ങളും ആഹാരപദാർത്ഥങ്ങളിലൂടെ ശരീരത്തിൽ എത്തിച്ചേരുന്ന മാലിന്യങ്ങളും മൂലം ശരീരത്തിൽ ദോഷങ്ങൾ അടിഞ്ഞുകൂടുന്നു. ഇവയെ പുറംതള്ളുന്നത് ശോധന ചികിത്സയായ പഞ്ചകർമ്മങ്ങളിലൂടെയാണ്.
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയെ സാമാന്യമായി പഞ്ചകർമ്മങ്ങൾ എന്നു പറയുന്നു. പഞ്ചകർമ്മങ്ങളിൽ രക്തമോക്ഷം ഒഴിവാക്കി കഷായ വസ്തി സ്നേഹവസ്തി എന്നിവ ഉൾപ്പെടുത്തി പഞ്ചശോധന കർമ്മങ്ങൾ എന്നും പറയുന്നു. രോഗമുള്ളവർക്ക് രോഗചികിത്സയ്ക്കും സ്വസ്ഥന്മാർക്ക് ആരോഗ്യം നിലനിർത്താനും പഞ്ചകർമ്മങ്ങൾ വിധിക്കുന്നു. പഞ്ചകർമ്മ ചികിത്സയ്ക്ക് മുമ്പായി രോഗിയെ തയ്യാറാക്കുന്നതിനായി സ്നേഹസ്വേദ ചികിത്സകൾ പ്രാധാന്യത്തോടെ നിർവഹിക്കുന്നു.
- പഞ്ചകർമ്മങ്ങളിൽ ആദ്യത്തെ കർമ്മമായ വമനം ദുഷിച്ച കഫത്തെ പുറംതള്ളി കഥപ്രധാനമായ രോഗങ്ങളെ ശമിപ്പിക്കുന്നു.
- രണ്ടാമത്തെ കർമ്മമായ വിരേചനത്തിൽ ദുഷിച്ച പിത്തത്തെ പുറംതള്ളി പിത്തപ്രധാനമായ രോഗങ്ങളെ ശമിപ്പിക്കുന്നു.
- മൂന്നാമത്തെ കർമ്മം വസ്തി വാതപ്രധാനമായ രോഗങ്ങൾക്ക് ശമനമുണ്ടാക്കുകയും സ്രോതസ്സുകൾ ശുദ്ധീകരിച്ച് വാതദോഷത്തിന്റെ പ്രവർത്തനം സുഖകരമാക്കുന്നു.
- നസ്യം ശിരസിലെ സ്രോതസ്സുകളെ ശുദ്ധമാക്കി ശിരോരോഗങ്ങളെ ശമിപ്പിക്കുന്നു.
- പഞ്ചകർമ്മങ്ങളിൽ അഞ്ചാമത്തേതായ രക്തമോക്ഷം ദുഷിച്ച രക്തത്തെ പുറംതള്ളുന്നു.
പ്രജു കൃഷ്ണൻ
കോട്ടയ്ക്കൽ ആയുർവ്വേദ അക്കാദമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..