Representative Image | Photo: Mathrubhumi
ഇന്ന് കർക്കടകത്തിൽ ഒന്നിനും പഞ്ഞമില്ലെങ്കിലും പഴമക്കാരുടെ മനസ്സിൽ കർക്കടകം ‘പഞ്ഞമാസ’മായിരുന്നു. പഞ്ഞമാസമെന്നാൽ പുറത്തിറങ്ങാനാകാത്ത, പണിയില്ലാത്ത, രോഗാതുരമായ തണുപ്പൻ മാസം. തോരാതെ പെയ്യുന്ന മഴയിൽ വീടിനുള്ളിൽത്തന്നെ കഴിഞ്ഞ കാലം. മഴക്കാലരോഗങ്ങളും കൈയിൽ കാശില്ലാത്ത വിഷമവും കർഷകരും സാധാരണക്കാരുമായ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്ന നാളുകൾ. പണിക്കും പണത്തിനും പഞ്ഞമില്ലെങ്കിലും, രോഗവും കാലാവസ്ഥയും ഇന്നും ദുരിതം വിതയ്ക്കുന്നു.
കർക്കടകത്തിന്റെ ദോഷങ്ങളും ദുരിതങ്ങളുമകറ്റാൻ പണ്ടുള്ളവർ ചില കരുതലുകളെടുത്തിരുന്നു. പക്ഷികളും ജീവികളുംപോലും മഴക്കാലത്തെക്കരുതി ഭക്ഷണം സൂക്ഷിച്ചുവെയ്ക്കുന്നതുപോലെ, മനുഷ്യനും മഴക്കാലത്തെ മറികടക്കാൻ ചില ഉപാധികൾ കണ്ടെത്തിയിരുന്നു. ഭക്ഷണക്രമത്തിൽ മാറ്റംവരുത്തിയും ദൈവത്തോട് കൂടുതൽ അടുത്തും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചും കർക്കടകത്തിന്റെ വിഷമതകളകറ്റാൻ ശ്രമിച്ചു. പഴഞ്ചൊല്ലുകളിലൂടെയും കഥകളിലൂടെയും പുരാണങ്ങളിലൂടെയും അത് വരുംതലമുറയ്ക്ക് പകർന്നുനൽകുകയും ചെയ്തു.
പത്തിലത്തോരൻ പ്രധാനം
തൊടികളിലെ പത്ത് ഇലകൊണ്ടുള്ള തോരൻ ഭക്ഷണത്തിനൊപ്പം ചേർക്കാനായിരുന്നു ആയുർവേദാചാര്യന്മാരുടെ നിർദേശം. താള്, തകര, മത്തൻ, കുമ്പളം, ചേന, ചേമ്പ്, ചീര, പയർ, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തില. ദേശഭേദങ്ങളനുസരിച്ച് ഇലകളിൽ മാറ്റംവരാം. ദേവന്മാർ ഇലകളിൽ അമൃത് വർഷിക്കുന്ന കാലമാണ് കർക്കടകം എന്നാണ് സങ്കല്പം. സാധാരണ തോരൻ വെയ്ക്കാറുള്ള മുരിങ്ങയിലയിൽ ഇക്കാലത്ത് വിഷാംശമുണ്ടെന്നും, അത് വർജിക്കണമെന്നും പറയുന്നു. കർക്കടകച്ചേമ്പ് കട്ടിട്ടെങ്കിലും കൂട്ടണമെന്ന് പഴഞ്ചൊല്ലിൽ പറയുന്നുണ്ട്. ഭക്ഷണക്രമങ്ങൾ പിന്നെയും പലതുണ്ട്. ഉദരരോഗങ്ങൾക്ക് ഉത്തമൗഷധമായി പത്തിലത്തോരനെ ആയുർവേദാചാര്യന്മാർ കണ്ടിരുന്നു. ‘ചക്കേം മാങ്ങേം പത്തീസം, താളും തകരേം പത്തീസം, അങ്ങനേം ഇങ്ങനേം പത്തീസം’ എന്ന പഴഞ്ചൊല്ല് കർക്കടകത്തിലെ ഭക്ഷണദാരിദ്ര്യത്തെയും ഭക്ഷണക്രമത്തെയും സൂചിപ്പിക്കുന്നതാണ്.
സുഖചികിത്സയ്ക്ക് പറ്റിയ കാലം
തണുത്ത കാലാവസ്ഥയിൽ മഴക്കാലരോഗങ്ങൾ തേടിയെത്തും. ശരീരവേദന, പനി, ചുമ, വാതരോഗങ്ങൾ എന്നിവയെ മറികടക്കാനും ആചാര്യന്മാരുടെയും പഴമക്കാരുടെയും കൈയിൽ വിദ്യകളുണ്ടായിരുന്നു. സാധാരണക്കാരന്റെ ഭക്ഷണമായ കഞ്ഞിയിൽ പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും ചേർത്ത് മരുന്നുകഞ്ഞിയുണ്ടാക്കി കുടുംബത്തിൽ എല്ലാവരും ചേർന്ന് കഴിക്കുകയായിരുന്നു പതിവ്. ഇന്ന് മരുന്നുകഞ്ഞിക്കൂട്ട് കടകളിൽ സുലഭം. തേങ്ങാമരുന്ന്, ചുക്കുകാപ്പി, ശരീരവേദനയകറ്റാൻ ഉഴിച്ചിൽ, പിഴിച്ചിൽ എന്നീ ചികിത്സകളും കർക്കടകത്തിൽ ചെയ്യാറുണ്ട്.
രാമായണപാരായണവും ദശപുഷ്പം ചൂടലും
വിഷമിച്ചിരിക്കുന്ന മനസ്സിന് ആനന്ദം നൽകാൻ ഭക്തിയിലൂടെ ഒരു യാത്രയും കർക്കടകത്തിലുണ്ട്. നിലവിളക്കിനുമുമ്പിലിരുന്ന് രാമായണം പാരായണം ചെയ്യുന്നതിലൂടെ ദുഃഖദുരിതങ്ങൾക്ക് ശമനമുണ്ടാകുമെന്നാണ് ഹൈന്ദവവിശ്വാസം. ഒരുമാസം രാമായണം പാരായണംചെയ്തുകഴിയുമ്പോഴേക്കും മനസ്സിനെയും ശരീരത്തെയും കുളിരണിയിച്ച് ചിങ്ങമെത്തും. തിന്മയിൽനിന്ന് നന്മയിലേക്കുള്ള യാത്രയാണ് രാമായണപാരായണമെന്ന് ആചാര്യന്മാർ പറയുന്നു. ഇപ്പോൾ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം രാമായണമാസാചരണമുണ്ട്. നാലമ്പലദർശനവും ഈ മാസത്തിൽ പ്രധാനമാണ്.
മംഗളദായകങ്ങളായ പത്തിലയും പൂ്കളും ചേർന്നതാണ് ദശപുഷ്പം. കറുക, ചെറൂള, മുയൽച്ചെവി, വിഷ്ണുക്രാന്തി, നിലപ്പന, മുക്കുറ്റി, പൂവാംകുറുന്തല, കയ്യോന്നി, ഉഴിഞ്ഞ, തിരുതാളി എന്നിവയാണവ. ദേശഭേദമനുസരിച്ച് ഇവയുടെ പേരിൽ ചെറിയ മാറ്റങ്ങളുണ്ട്. ഓരോ പുഷ്പത്തെയും ഓരോ ദേവതയായും ഓരോ ഫലസിദ്ധിയും കല്പിക്കുന്നുണ്ട്. കർക്കടകത്തിലെ ദോഷങ്ങളകറ്റാൻ ദശപുഷ്പം നിലവിളക്കിനുമുൻപിൽ ഒരുക്കിവെയ്ക്കുന്ന രീതിയും ദശപുഷ്പമാല ചാർത്തുന്ന ചടങ്ങുമുണ്ട്. തിരുവാതിരയ്ക്കും പിറന്നാളിനുംമറ്റുമാണ് സ്ത്രീകൾ ദശപുഷ്പം ചൂടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..