പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran
അഭിനേതാവാൻ ആഗ്രഹിച്ചുവളർന്ന കുട്ടിയല്ലെന്ന് പൃഥ്വിരാജ്. മൂന്ന്, നാല് സിനിമകൾ ചെയ്ത് കഴിഞ്ഞതിനുശേഷമാണ് സിനിമ ആസ്വദിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ദിലീഷ് പോത്തന്റെ സിനിമാ നിർമാണശൈലിയേക്കുറിച്ചെല്ലാം ആരാധനയോടെയാണ് കേൾക്കുന്നത്. അതുകൊണ്ടൊക്കെയാവാം അഭിനയത്തോടും ഇഷ്ടം തോന്നിയത്. നടനാവാൻ പറ്റും, പക്ഷേ അതിനുശേഷമാണ് യഥാർത്ഥ വെല്ലുവിളി ആരംഭിക്കുന്നത്. അത്ര എളുപ്പമല്ല ഈ ജോലി. പുറത്തുനിന്ന് നോക്കുമ്പോഴുള്ള ഗ്ലാമർ മാത്രമല്ല ഇതെന്നും പൃഥ്വി പറഞ്ഞു.
ഒരാൾക്കുള്ളത് ആത്മവിശ്വാസമാണോ അഹങ്കാരമാണോ എന്നത് മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടേ പറയാൻ പറ്റൂ. ഞാൻ പറയുന്ന ഒരുകാര്യം അഹങ്കാരമാണെന്ന് കേൾക്കുന്ന ഒരാൾക്ക് തോന്നുമായിരിക്കാം. ഞാൻ പറയുന്നത് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അത് എല്ലാവരേയും എല്ലാ സമയത്തും ബോധ്യപ്പെടുത്താൻ പറ്റി എന്നുവരില്ല. പ്രായത്തിന്റേതായ പക്വത ചിലപ്പോൾ വന്നിട്ടുണ്ടാവാം.
കെ.ജി.എഫ് 2 റിലീസിന്റെ തലേദിവസം പടത്തിന്റെ ഫൈനൽ പതിപ്പ് എല്ലാവരുംകൂടി ഒരു തിയേറ്ററിൽ കണ്ടു. സിനിമ തീർന്നപ്പോൾ പ്രശാന്ത് നീൽ അടക്കം എല്ലാവരും ആശങ്കയിലായിരുന്നു. ഇത് ശരിയായി വരുമോ എന്നോർത്തായിരുന്നു അത്. പ്രശാന്താണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അടുത്തദിവസം പക്ഷേ കാര്യങ്ങളെല്ലാം മാറി. കാന്താര കണ്ടപ്പോൾ വളരെ ഇഷ്ടമായി. പക്ഷേ ഇത്രവലിയ വാണിജ്യ വിജയം ആകുമെന്ന് കരുതിയില്ല. മാസ് സിനിമകൾ ഒരു പ്രത്യേക ഫോർമാറ്റിലാണ് ചെയ്യേണ്ടത് എന്ന് സ്വയം പറഞ്ഞ് പറ്റിച്ചാൽ വലിയ കുഴപ്പമാവും.
നടന്മാർക്ക് സാങ്കേതിക പരിജ്ഞാനം വേണമെന്നില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ ഞാൻ മനസിൽ കണ്ട ഒരു സിനിമയല്ല ഇവിടെ സൃഷ്ടിക്കപ്പെടുന്നത് എന്ന് തോന്നുമ്പോൾ ആ സിനിമയുടെ സംവിധായകനോട് അത് തുറന്നുപറഞ്ഞിട്ടുണ്ട്. പത്തിരുപത്തഞ്ച് ദിവസം ഷൂട്ട് ചെയ്തത് മുഴുവൻ വേണ്ടെന്ന് വച്ച് റീഷൂട്ട് ചെയ്ത സിനിമകളുണ്ട്.
സോഷ്യൽ മീഡിയകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്നത് നിഷേധിക്കാനാവില്ല. ഒരുസിനിമ പ്രേക്ഷകരിലേക്ക് ഏറ്റവും പെട്ടന്നെത്താൻ ഞങ്ങളുപയോഗിക്കുന്ന ഉപകരണം സോഷ്യൽ മീഡിയ തന്നെയാണ്. ഒരാളാണെങ്കിലും അഞ്ച് പേരാണെങ്കിലും അതൊരു കൂട്ടമാണ് എന്ന ധാരണയുണ്ടാക്കാൻ സോഷ്യൽ മീഡിയക്ക് സാധിക്കും. സിനിമയേക്കുറിച്ച് ആർക്ക് എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. പക്ഷേ അത് ഒരാളുടെ അഭിപ്രായമാണെന്നും അതിന് വിപരീതമായ അഭിപ്രായവും അത്രമാത്രം പ്രസക്തമാണെന്നുമുള്ള തിരിച്ചറിവ് സോഷ്യൽമീഡിയാ ഉപഭോക്താക്കൾക്ക് വേണം. പൃഥ്വി കൂട്ടിച്ചേർത്തു.
Content Highlights: kaapa movie, prithviraj sukumaran interview, prithviraj about mass movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..