കാപ്പയുടെ ലോഞ്ചിങ് ചടങ്ങിൽ പൃഥ്വിരാജും ഫാസിലും
എഴുപതാം പിറന്നാള്‍ വേളയില്‍ ജോണ്‍പോളിനോട് സംസാരിച്ചു. തത്വചിന്തയും തമാശയും സമാസമം കലര്‍ന്ന ആ സംഭാഷണത്തിനിടയ്ക്ക് അദ്ദേഹം ഒരു സത്യം പറഞ്ഞു: 'ഇത്രയും നാള്‍ കൊണ്ട് എന്തുണ്ടാക്കിയെന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്നുത്തരം. ആകെയുള്ളത് ഒരു ചെറിയ ഫ്‌ളാറ്റ് മാത്രമാണ്. അതിന്റെ വായ്പാതിരിച്ചടവ് മുടങ്ങല്ലേ എന്നോര്‍ത്തുകൊണ്ട് വണ്ടിയോടിക്കുകയാണ് ഞാന്‍.'
നൂറോളം തിരക്കഥകളെഴുതിയ ഒരു മനുഷ്യന്‍ ജീവിതത്തിന്റെ അവസാനകാലത്ത് നീക്കിയിരിപ്പിനെക്കുറിച്ച് പറയുകയാണ്. ആ കഥകളിലൂടെ ആകാശത്തേക്ക് കയറിപ്പോയി നക്ഷത്രങ്ങളായിത്തീര്‍ന്നവര്‍ ഒരുപാടുണ്ട്. പക്ഷേ കഥയും കഥാപാത്രങ്ങളും അവര്‍ക്കുള്ള മൊഴികളും എഴുതിയ ആള്‍ മാത്രം ഒന്നുമാകാതെ,മഷി ഒഴിഞ്ഞ ഒരു പേന പോലെ ബാക്കിയാകുന്നു.
ഒരുവര്‍ഷം തികയും മുമ്പ് ജോണ്‍പോള്‍ ആശുപത്രിയിലായി. മരുന്നിനും ആശുപത്രിച്ചെലവുകള്‍ക്കും മുമ്പില്‍ കുടുംബം പകച്ചു. സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഓടിവന്നു,ചിലര്‍ പണം കൊടുത്തു,വേറെ ചിലര്‍ അദ്ദേഹമുണ്ടായിരുന്ന ആശുപത്രിക്കരികിലുള്ള റോഡിലൂടെ വിലകൂടിയ കാറുകളില്‍ ഓടിപ്പോയി. അവസാനം, എഴുതിയ കുറേ കഥകള്‍ മാത്രം ബാക്കിയാക്കി ആരോടും പരിഭവമില്ലാതെ ജോണ്‍പോള്‍ ഇളംകുളം പള്ളിയിലേക്ക് നിത്യനിദ്രയ്ക്കായി യാത്രയായി.
ഇന്നലെ ആ പള്ളിസെമിത്തേരിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ 'കാപ്പ'എന്ന സിനിമയുടെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങുമ്പോള്‍ ഊന്നുവടിയിലല്ലാതെ ജോണ്‍പോള്‍ അവിടേക്ക് വന്നുകാണണം. ഏറ്റുമാനൂരില്‍ നിന്ന് ഡെന്നീസ് ജോസഫും ലക്കിടിയിലെ അമരാവതിയില്‍ നിന്ന് ലോഹിതദാസും നേരത്തെ വന്ന് അദ്ദേഹത്തെ കാത്തുനിന്നിട്ടുണ്ടാകണം. അരികിലെവിടെയോ പാപ്പനംകോട് ലക്ഷ്മണനും ശാരങ്ഗപാണിയും ഉണ്ടായിരുന്നിരിക്കണം. കാരണം ആ ചടങ്ങ് അവര്‍ക്കൊക്കെയുമുള്ള ശ്രാദ്ധമായിരുന്നു.
'കാപ്പ' ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി നടിക്കുന്ന തട്ടുപൊളിപ്പന്‍ സിനിമയല്ല. അത് അങ്ങേയറ്റം പാവനമായ ദൗത്യമാണ്. സ്വയം പൊള്ളിയും നീറിയും ആത്മാവ് ഉരുക്കിയെടുത്ത അക്ഷരങ്ങളാല്‍ അഭ്രകാവ്യങ്ങളെഴുതി മുന്നേ നടന്നുപോയ മലയാളത്തിന്റെ പ്രിയ തിരയെഴുത്തുകാര്‍ക്കും പാട്ടെഴുത്തുകാര്‍ക്കും അവര്‍ ബാക്കിവെച്ച അനേകമനേകം കഥകളുടെയും പാട്ടുകളുടെയും തിരമാലകള്‍ക്കുമുള്ള സമര്‍പ്പണം. അവരുടെ ആത്മബലിക്ക് പകരമുള്ള തിലോദകം.
മലയാളസിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് 'കാപ്പ'എന്ന സിനിമയ്ക്ക് പിന്നില്‍. ലോകത്ത് ആദ്യമായാണ് ഒരു തൊഴിലാളി സംഘടന സിനിമ നിര്‍മിക്കുന്നത് എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. അതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.
പക്ഷേ ലാഭമല്ല ലക്ഷ്യം. ഈ സിനിമയുടെ പ്രദര്‍ശനത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നൊരു പങ്ക് സിനിമാലോകത്ത് അക്ഷരങ്ങള്‍ക്ക് കൊണ്ട് സ്വയം അടയാളപ്പെടുത്തുകയും പിന്നീട് ജീവിതത്തിന്റെ പ്രകാശം നഷ്ടപ്പെട്ട് നിറം മങ്ങിപ്പോകുകയും ചെയ്ത ഗുരുശ്രേഷ്ഠര്‍ക്കുള്ളതാണ്. ആശുപത്രിക്കിടക്കയിലെ ജോണ്‍പോളിന്റെ അവസ്ഥ ഇനിയൊരാള്‍ക്കുണ്ടാകരുത് എന്ന കരുതലും ദൃഢനിശ്ചയവുമാണത്.
ജോണ്‍പോളിന്റെ ജീവിതത്തിന്റെ വേദനിപ്പിക്കുന്ന ക്ലൈമാക്സ് നമ്മള്‍ കണ്ടു. പക്ഷേ കാണാത്ത ജീവിതങ്ങള്‍ ഒരുപാടുണ്ട്. വാടകവീട്ടില്‍ കഴിയുന്ന,മക്കളുടെ കല്യാണച്ചെലവിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന എഴുത്തുകാര്‍ ഇപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നു. അവരൊക്കെ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്നവരാണ്. വിശ്രമമില്ലാതെ എഴുതിക്കൊണ്ടേയിരുന്നവരാണ്. പക്ഷേ അന്തംവിട്ട എഴുത്തിനിടയില്‍ അവര്‍ ബാങ്ക് ബാലന്‍സിനെക്കുറിച്ച് ചിന്തിച്ചില്ല. നഗരപ്രദേശങ്ങളിലെ കണ്ണായ സ്ഥലങ്ങള്‍ വാങ്ങാന്‍ കാശുമുടക്കിയില്ല. കാപ്പിക്കടകള്‍ തുടങ്ങിയില്ല. സ്വന്തം നിര്‍മാണക്കമ്പനിയുണ്ടാക്കിയില്ല. അവര്‍ക്ക് സിനിമയായിരുന്നു മുഖ്യം. അതിനുവേണ്ടിയുള്ള സ്വയംസമര്‍പ്പണത്തിനിടയില്‍ സമ്പാദിക്കാന്‍ അവര്‍ മറന്നു. അതവരുടെ പരാജയമെങ്കില്‍ അവരെ നമുക്ക് തോറ്റുപോയവരെന്ന് വിളിക്കാം.
റൈറ്റേഴ്സ് യൂണിയന്‍ അതിലെ അശരണരായ അംഗങ്ങള്‍ക്ക് പ്രതിമാസം ഇപ്പോള്‍ 5000രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. പലര്‍ക്കും അതൊരു ജീവവായുവാണ്. വീട്ടുവാടകയടയ്ക്കാന്‍,മരുന്നുവാങ്ങാന്‍ ഉതകുന്നൊരു തുക. ചെറുതെങ്കിലും വലുതായ ആ കൈത്താങ്ങിന് റൈറ്റേഴ്സ് യൂണിയന്‍ നല്‍കിയിരിക്കുന്ന പേര് 'സ്നേഹം' എന്നാണ്. ആ വാക്കിനോക്കം അര്‍ഥമുള്ള മറ്റെന്തുണ്ട് ഈ ലോകത്തില്‍? അതിന് പകരം വയ്ക്കാവുന്ന മറ്റേതൊരു പദമുണ്ട് നിഘണ്ടുവില്‍?
തുക കിട്ടാന്‍ ഒരു ദിവസം വൈകിയാല്‍ ചിലര്‍ റൈറ്റേഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടി എ.കെ.സാജനെ വിളിക്കും. വിവശമായിരിക്കും സ്വരം. കാരണം അവര്‍ക്ക് അത് വെറുമൊരു തുകയല്ല. അതിനെച്ചൊല്ലി അവര്‍ മനസ്സില്‍കൂട്ടിവെച്ചിരിക്കുന്ന ഒരുപാട് കണക്കുകളുണ്ട്,പ്രതീക്ഷകളുണ്ട്..സ്വ്പനങ്ങളുമുണ്ട്. ഒന്നും ബാക്കിയില്ലാത്തവരായ,തോറ്റുപോയ ആ മനുഷ്യരുടെ സങ്കടം സാജന്റെ ഉറക്കം കെടുത്തിയപ്പോഴാണ് 'കാപ്പ'എന്ന സിനിമ ജനിച്ചത്.
അസ്വസ്ഥതയില്‍ മനസ്സ് നീറിയ ഒരു രാത്രിയില്‍ സാജന്‍ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിനെ വിളിക്കുന്നു. പുറത്ത് അപ്പോള്‍ മഴപെയ്യുന്നുണ്ടായിരുന്നു. അയ്യായിരം രൂപ എന്ന അത്താണി കാത്തിരിക്കുന്നവരെക്കുറിച്ച് പറഞ്ഞ് സാജന്‍ ഫോണിലൂടെ കരച്ചിലായി പെയ്തു. 'അവര്‍ക്ക് വേണ്ടി നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ ജിനൂ...' എന്ന് ചോദിച്ചു. അങ്ങേത്തലയ്ക്കല്‍ ജിനുവിലേക്ക് അതിന്റെ ചൂട് പടര്‍ന്നുകയറി. അങ്ങനെ ദിലീഷ് നായര്‍ എന്ന മറ്റൊരു എഴുത്തുകാരന്‍ കൂടി ആ സംഭാഷണത്തിലേക്ക് കടന്നുവന്നു. അവിടെ റൈറ്റേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സിനിമ എന്ന ആശയം പിറന്നു.
ഇന്നലത്തെ ചടങ്ങില്‍ സാജന്‍ സ്വതസിദ്ധമായ നര്‍മബോധത്തോടെ ആ ദിവസത്തെ ഇങ്ങനെ ഓര്‍ത്തു:'ഞാന്‍ ജിനുവുമായി സംസാരിച്ച് കഴിയാറായപ്പോള്‍ ജിനുവിന്റെ ഒരു അലര്‍ച്ച....ചേട്ടാ...പാമ്പ്....ജിനു അടുത്തൊരു പാമ്പിനെ കണ്ടതാണ്....അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു,ജിനു നല്ല ലക്ഷണമാണ്..ഈ സിനിമ നടക്കും.'
അതിന്റെ തുടര്‍ച്ചായി ജിനുവിന്റെ വാക്കുകള്‍:'പാമ്പിനെ കണ്ടതോടെ ഞാന്‍ ദിലീഷിനോട് പറഞ്ഞു, ഒന്നുകില്‍ നമുക്ക് സാജന്‍ ചേട്ടന്‍ പറയുന്നത് കേട്ട് എടുത്തുചാടി രക്തസാക്ഷികളാകാം. അല്ലെങ്കില്‍ ഒരു ചരിത്രം സൃഷ്ടിക്കാം. അങ്ങനെ ഞങ്ങള്‍ ചാടാന്‍ തന്നെ തീരുമാനിച്ചു.' അങ്ങനെ ജിനുവിലൂടെയും ദിലീഷിലൂടെയും ഡോള്‍വിന്‍ കുര്യാക്കോസ് എന്ന ചെറുപ്പക്കാരന്‍ റൈറ്റേഴ്സ് യൂണിയന്റെ നന്മയ്ക്കൊപ്പം കൈകോര്‍ത്തു. മൂവരും ചേര്‍ന്നുള്ള തീയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മാണക്കമ്പനി പവിത്രമായ ഒരു സ്വപ്നത്തിന് പദ്ധതിയൊരുക്കി. റൈറ്റേഴ്സ് യൂണിയന്റെ സങ്കല്‍പ്പത്തെ അതിന്റെ വിശാല അര്‍ഥത്തില്‍ കാണാനും അതിനൊത്ത് പ്രവര്‍ത്തിക്കാനുമായി എന്നിടത്താണ് ഡോള്‍വിന്റെ മഹത്വം. ഒരു നിര്‍മാതാവിന്റെ പണക്കൊതിയും കീശയെക്കുറിച്ചുള്ള കണക്കെഴുത്തുമായിരുന്നില്ല അയാളുടെ മനസ്സില്‍.
യഥാര്‍ഥത്തില്‍ അന്യന്റെ വേദന കണ്ടാല്‍ കണ്ണുനിറയുന്ന എ.കെ.സാജന്‍ എന്ന മനുഷ്യന്റെ ഒറ്റയാള്‍പ്രയത്നത്തിന്റെ ഫലശ്രുതിയാണ് 'കാപ്പ'. അതുകൊണ്ടാണ് 'സാജന്‍ കണ്ട സ്വപ്നമാണ്...അവന്റെ അലച്ചിലാണ് ഈ സിനിമ'എന്ന് കാപ്പയുടെ ലോഞ്ചിങ് ചടങ്ങില്‍വെച്ച് റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റ് കൂടിയായ എസ്.എന്‍.സ്വാമി പ്രഖ്യാപിച്ചത്. പ്രസംഗിച്ചവര്‍ ഒന്നൊഴിയാതെ സാജനെ പുകഴ്ത്തിയത്. കാരണവസ്ഥാനത്ത് എസ്.എന്‍ സ്വാമിയും ഒപ്പം ബെന്നി പി നായരമ്പലവും ജോസ് തോമസും സോഹന്‍സീനുലാലും ബാബുപള്ളാശ്ശേരിയുമെല്ലാം സാജന് കൂട്ടായി. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി.ഉണ്ണികൃഷ്ണന്റെ നേതൃപാടവം കൂടിയായപ്പോള്‍ ഒരുമിച്ചൊരു സിനിമ എന്ന വലിയ കൊടുമുടിയിലേക്ക് റൈറ്റേഴ്സ് യൂണിയന്‍ ഒരുമിച്ച് സഞ്ചരിച്ചു.
തടസ്സങ്ങളും കുറ്റപ്പെടുത്തലും ഒരുപാടുണ്ടായി. ചിലര്‍ ചതിക്കുഴികള്‍ തീര്‍ത്തു. വേറെ ചിലര്‍ മാറിനിന്ന് പുച്ഛിച്ചു. ഭ്രാന്തെന്ന് കളിയാക്കി. പക്ഷേ റൈറ്റേഴ്സ് യൂണിയന്‍ ഒത്തൊരുമകൊണ്ട് അതിനെയെല്ലാം മറികടന്നു.
പണ്ട്, മാക്ട എന്ന സംഘടന നിര്‍മിക്കാന്‍ ആലോചിച്ച സിനിമയാണ് 'ഹരികൃഷ്ണന്‍സ്'. പക്ഷേ അതു നടന്നില്ല. ഷാജികൈലാസ്-രണ്‍ജിപണിക്കര്‍ ടീമിന്റെ സിനിമ എന്ന ആലോചനയും അലസി. മലയാള സിനിമയില്‍ താരസംഘടനായ 'അമ്മ' മാത്രമാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്. 'അമ്മ'പക്ഷേ തൊഴിലാളി സംഘടനയല്ല. ആ സിനിമയുണ്ടാക്കാനായുള്ള അധ്വാനത്തെ 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു കാപ്പയുടെ ലോഞ്ചിങ് ചടങ്ങില്‍ ഒറ്റവാചകത്തില്‍ വിവരിച്ചു: 'ഇനിയിപ്പോ ട്രെയിനിന്റെ മുമ്പില്‍ ചാടാന്‍ പറഞ്ഞാലും ഞാന്‍ ചാടും. ട്വന്റി-20ക്ക് ശേഷം അത്ര ധൈര്യം കിട്ടി.'
ഇങ്ങനെ സിനിമയിലെ തൊഴിലാളിസംഘടനകള്‍ക്കൊന്നും സാധ്യമാക്കാനാവാത്ത കാര്യമാണ്, സാധ്യമാക്കാനിറങ്ങിയവര്‍ പകച്ചുപോയ ശ്രമമാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ രണ്ടുവര്‍ഷം കൊണ്ട് അലോസരങ്ങളില്ലാതെ പൂര്‍ത്തിയാക്കിയത്.
'കാപ്പ' യാഥാര്‍ഥ്യമാകുമ്പോള്‍ എടുത്തുപറയേണ്ട മറ്റൊരു പേര് പൃഥ്വിരാജിന്റേതാണ്. ഈ സിനിമ വെറുതെ അഭിനയിക്കാനുള്ളതല്ല,അഭിമാനിക്കാനുള്ളതാണ് എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിനായി. 'കാപ്പ'യുടെ ലോഞ്ചിങ് ചടങ്ങില്‍ അതുകൊണ്ടുതന്നെ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞു.:'മലയാളസിനിമയുടെ ഐഡന്റിറ്റി എന്നു പറയുന്നത് ഇവിടത്തെ എഴുത്തുകാരാണ്. കണ്ടന്റ് പരമപ്രധാനമായ കാലത്ത് മലയാളസിനിമയ്ക്ക് ദേശീയതലത്തിലുണ്ടായ മുന്നേറ്റത്തിന് പിന്നില്‍ ഇവിടത്തെ എഴുത്തുകാരാണ്. അവര്‍ കണ്ടെത്തുന്ന കഥകളെക്കുറിച്ചും എഴുതുന്ന തിരക്കഥക്കളെക്കുറിച്ചുമാണ് മറ്റ് ഭാഷകളിലുള്ളവര്‍ അതിശയത്തോടെ സംസാരിക്കുന്നത്. അതുകൊണ്ട് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടേണ്ടത്,ആദരിക്കപ്പെടേണ്ടത്,സംരക്ഷിക്കപ്പെടേണ്ടത് എഴുത്തുകാരാണ് എന്ന് അടിയുറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍. ഈ സിനിമയെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ അഭിമാനം ഞാന്‍ റൈറ്റേഴ്സ് യൂണിയന്റെ സിനിമയില്‍ അഭിനയിച്ചു എന്നതാണ്.'
'കാപ്പ'യില്‍ ആരും പ്രതിഫലം പറ്റാതെയല്ല അഭിനയിച്ചത്. കൃത്യമായ വേതനം എല്ലാവര്‍ക്കും നല്‍കി. കൂലിയില്‍ നിന്ന് പിടിച്ചുപറിക്കുന്ന കാശുകൊണ്ടാകരുത് തൊഴിലാളിയൂണിയന്‍ സിനിമ പിടിക്കേണ്ടത് എന്ന കൃത്യമായ ബോധ്യം റൈറ്റേഴ്സ് യൂണിയനുണ്ടായിരുന്നു. പക്ഷേ അവിടെയും പൃഥ്വിരാജ് യഥാര്‍ഥ ഹീറോ ആയി. പ്രതിഫലത്തില്‍ നിന്ന് വലിയൊരു തുക ലോഞ്ചിങ് ചടങ്ങിന് തൊട്ടുമുമ്പ് പൃഥ്വി റൈറ്റേഴ്സ് യൂണിയന് കൈമാറി.
'സ്നേഹ'ത്തിന്റെ പങ്ക് 5000 രൂപയില്‍ നിന്ന് 15000 രൂപയാക്കി ഉയര്‍ത്താന്‍ റൈറ്റേഴ്സ് യൂണിയന്‍ തീരുമിച്ചുകഴിഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അക്ഷരങ്ങളില്‍ ആ കാഴ്ചപ്പാടിനെ നമുക്ക് ഇങ്ങനെ വായിക്കാം:' അനേകം ഹിറ്റ് ചിത്രങ്ങളും ഗാനങ്ങളും എഴുതി മലയാളസിനിമാ വ്യവസായത്തെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്ത അനേകം എഴുത്തുകാര്‍ ജീവിതത്തിന്റെ ഗതിവിഗതികളില്‍ നിരാശ്രയരും നിസ്സഹായരുമായി അവസാനിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. ഭാവിയില്‍ ഒരെഴുത്തുകാരനും അത്തരമൊരു ഗതി ഉണ്ടാകരുതെന്ന് എഴുത്തുകാരുടെ സംഘടന ആഗ്രഹിക്കുന്നു.'
ടെയ്ല്‍ എന്‍ഡ്: 'കാപ്പ'യുടെ ലോഞ്ചിങ് ചടങ്ങ് മലയാളത്തിലെ മുതിര്‍ന്ന തലമുറയുടെ സംഗമം കൂടിയായി. ശ്രീനിവാസന്‍ തിരിതെളിച്ച ചടങ്ങില്‍ ഫാസിലും സത്യന്‍അന്തിക്കാടും കമലും മധു മുട്ടവുമെല്ലാം ആശംസയുമായെത്തി. പക്ഷേ മാനവികതയെക്കുറിച്ച് പറയുകയും പോസ്റ്റിടുകയും പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ തലതൊട്ടപ്പന്മാരായി ഭാവിക്കുകയും ചെയ്യുന്ന പുതുതലമുറയിലെ ഒറ്റ മുന്‍നിര തിരക്കഥാകൃത്തിനെയും സംവിധായകനെയും ആ വഴിക്ക് കണ്ടില്ല. കുറ്റം പറയാനാകില്ല. ഇതൊക്കെയെന്ത്! കുറേ ഔട്ട്ഡേറ്റഡ് മച്ചാന്മാരുടെ ബോറന്‍ പരിപാടികള്‍.
Content Highlights: Kaapa Kaapa movie Prithviraj sukumaran writers union of malayalam cinema shaji kailas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..