സുനിൽ ഛേത്രിയുടെ വിജയാഘോഷം | Photo: twitter/ isl
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് ഫുട്‌ബോള്‍ പ്രേമികള്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. അത്യന്തം നാടകീയമായ മത്സരത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ കാണാതെ പുറത്തായി. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിലാണ് ബെംഗളൂരു അവസാന നാലിലെത്തിയത്.
എന്നാല്‍ ഈ ഗോള്‍ അനുവദിക്കാനാകില്ലെന്ന് വാദിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് കളം വിടുകയായിരുന്നു. ഫ്രീ കിക്കിനായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയ്യാറെടുക്കുന്നതിന് ഇടയില്‍ സുനില്‍ ഛേത്രി കിക്ക് എടുത്തു എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരോപണം. എന്നാല്‍ അത് ക്വിക്ക് റീസ്റ്റാര്‍ട്ട് ആയിരുന്നുവെന്നാണ് ബെംഗളൂരുവിന്റെ വാദം.
ഇതിന് പിന്നാലെ സുനില്‍ ഛേത്രി വിവാദ ഗോളില്‍ പ്രതികരണവുമായി രംഗത്തെത്തി. ഐഎസ്എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഛേത്രിയുടെ പ്രതികരണമുള്ളത്.
'ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു. ഓപ്പണിങ് കണ്ടു. അതിലൂടെ ഗോളടിച്ചു. കിക്ക് എടുക്കാന്‍ വിസിലോ പ്രതിരോധ കോട്ടയോ ആവശ്യമില്ലെന്ന് ഞാന്‍ റഫറി ക്രിസ്റ്റല്‍ ജോണിനോട് പറഞ്ഞു. 'ഉറപ്പാണോ' എന്ന് റഫറി വീണ്ടും എന്നോട് ചോദിച്ചു. 'അതെ' എന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹം വീണ്ടും ഒരു തവണ കൂടി ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്തി. ഇത് ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ കേട്ടതാണ്. അതുകൊണ്ടാണ് അദ്ദേഹം ആ കിക്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് മൈതാനം വിട്ട വിവാദത്തില്‍ പ്രതികരിക്കാനില്ല. അത് അവരുടെ കാര്യമാണ്.' ഛേത്രി പറയുന്നു.
അതേസമയം സുനില്‍ ഛേത്രിക്കെതിരേ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫുട്‌ബോളിന്റെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് ഛേത്രി ചെയ്തതെന്നും ഒരു ഇതിഹാസ താരത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പറയുന്നു. ആ സമയത്ത് വീണ്ടും ഫ്രീ കിക്ക് എടുത്ത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കുകയാണ് ഛേത്രി ചെയ്യേണ്ടിയിരുന്നതെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
Content Highlights: sunil chhetris controversial free kick vs kerala blasters isl 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..