പകരക്കാരനായി വന്ന് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി മാറിയവന്‍, ആരാണ് ഇവാന്‍ കലിയുഷ്‌നി?


അനുരഞ്ജ് മനോഹര്‍

വെറും 24 വയസ്സ് മാത്രമുള്ള ഇവാന്‍ വായ്പാ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

രാഹുലിനൊപ്പം ഗോൾനേട്ടം ആഘോഷിക്കുന്ന ഇവാൻ | Photo: twitter.com/KeralaBlasters

കരക്കാരനായി വരുന്നു, ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തകര്‍പ്പന്‍ ഗോളുകളടിച്ച് ആരാധകരുടെ വീരപുരുഷനാകുന്നു. ടീമിന്റെ വിജയനായകനാകുന്നു. ഇതിലും മികച്ച അരങ്ങേറ്റം ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാനില്ല. ഇവാന്‍ കലിയുഷ്‌നി എന്ന 24 കാരന്‍ ഇന്ന് ഓരോ മലയാളിയുടെയും പ്രിയപ്പെട്ട താരമായി മാറുന്നത് ഇങ്ങനെയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞക്കടലായ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് വരവറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്റര്‍ മിഡ്ഫീല്‍ഡറായ ഇവാന്‍ വോളോഡിമിറോവിച്ച് കലിയുഷ്‌നി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ പകരക്കാരനായെത്തിയ ഇവാന്‍ 82-ാം മിനിറ്റിലും 89-ാം മിനിറ്റിലും ഗോളടിച്ച് ടീമിന് തകര്‍പ്പന്‍ വിജയത്തുടക്കം സമ്മാനിച്ചു. മത്സരത്തില്‍ മഞ്ഞപ്പട ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

കുരുതിക്കളമായി മാറിക്കൊണ്ടിരിക്കുന്ന യുക്രൈനില്‍ നിന്ന് വന്നതുകൊണ്ടായിരിക്കണം ഇവാന്റെ കാലുകളില്‍ നിന്ന് പിറക്കുന്ന ഓരോ ഷോട്ടുകള്‍ക്കും തീയുണ്ടയുടെ കരുത്തുണ്ട്. മത്സരത്തിന്റെ 80-ാം മിനിറ്റില്‍ അപോസ്തലസ് ജിയാനുവിന് പകരമാണ് ഇവാന്‍ ഗ്രൗണ്ടിലെത്തിയത്. ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഉയരം കൂടിയ ആ മനുഷ്യന്‍ മഞ്ഞക്കടലിരമ്പുന്ന കൊച്ചിയുടെ പുല്‍മൈതാനത്ത് ആദ്യമായി കാലുകുത്തി. ആറടി രണ്ട് ഇഞ്ച് ഉയരമുള്ള ഇവാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ തലയെടുപ്പുള്ള കൊമ്പനായി ഗ്രൗണ്ടില്‍ ഫുട്‌ബോളിന്റെ പുതിയ സമവാക്യങ്ങള്‍ രചിച്ചു. നീറുന്ന തന്റെ നാടിന്റെ വേദന അയാള്‍ ഹൃദയത്തിന്റെ എതോ മൂലയില്‍ ഒളിപ്പിച്ചുകൊണ്ട് ആരാധകരുടെ കരഘോഷത്തില്‍ സന്തോഷം കണ്ടെത്തി. ഇവാന്‍ പകരക്കാരനായി എത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരുഗോളിന് മുന്നില്‍ നില്‍ക്കുകയായിരുന്നു.ഗ്രൗണ്ടിലെത്തി വെറും ഒരുമിനിറ്റിനുള്ളില്‍ തന്നെ ഇവാന്‍ താനാരാണെന്ന് തന്റെ പ്രതിഭയെന്തെന്ന് മഞ്ഞപ്പടയ്ക്ക് കാണിച്ചുകൊടുത്തു. പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഒളിപ്പിച്ചുവെച്ച മാരകായുധമായി മാറിയ ഇവാന്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 82-ാം മിനിറ്റില്‍ വലകുലുക്കി. പ്രതിഭയുടെ മിന്നലാട്ടം പ്രകടമായ നിമിഷം. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്ത് സ്വീകരിച്ച ഇവാന്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു. നാല് പ്രതിരോധതാരങ്ങളാണ് ഇവാനെ പൂട്ടാനായി അണിനിരന്നത്. എന്നാല്‍ ഈ നാല് പ്രതിരോധതാരങ്ങളെയും ഗോള്‍കീപ്പറെയും നിസ്സഹായനാക്കി ഇവാന്‍ ലക്ഷ്യം കണ്ടു. പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് ഇവാന്‍ വലതുകാല്‍ കൊണ്ട് നിറയൊഴിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ കമല്‍ജീത് സിങ്ങിന് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. പിന്നാലെ കൊച്ചി ഉറക്കെ വിളിച്ചു ഇവാന്‍.... ഇവാന്‍...

തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാള്‍ അലക്‌സ് ലിമയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സും ഇവാനും തളര്‍ന്നില്ല. 89-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ട് ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ ഹീറോയായി. ഇത്തവണ ഇവാന്‍ ഗോളടിച്ചത് ഇടതുകാല്‍ കൊണ്ടാണ്. കോര്‍ണര്‍ കിക്കിന്റെ ഫലമായി ബോക്‌സിന് പുറത്തേക്ക് വന്ന പന്ത് സ്വീകരിച്ച ഇവാന്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് തീയുണ്ടപോലെ ഈസ്റ്റ് ബംഗാള്‍ വലതുളച്ചു. ഇതോടെ കൊച്ചി മഞ്ഞക്കടലിന്റെ തിരയില്‍ മുങ്ങി. വലതുകാല്‍ കൊണ്ടും ഇടതുകാല്‍ കൊണ്ടും ഗോളടിച്ചുകൊണ്ട് ഇവാന്‍ എന്ന മധ്യനിര താരം എതിരാളികള്‍ക്ക് വലിയൊരു സൂചനയാണ് നല്‍കിയിരിക്കുന്നത്.

ഒറ്റ രാത്രി കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരമായി മാറിയ ഇവാന്‍ ആരാണ് എവിടെനിന്ന് വന്നു തുടങ്ങിയ ചോദ്യങ്ങള്‍ പലഭാഗത്തുനിന്നായി ഉയര്‍ന്നുവന്നു. വെറും 24 വയസ്സ് മാത്രമുള്ള ഇവാന്‍ വായ്പാ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഇവാന്റെ കരിയറെടുത്താല്‍ താരം മികച്ച പല ക്ലബ്ബുകള്‍ക്ക് വേണ്ടിയും പന്തുതട്ടിയിട്ടുണ്ട്.

യുക്രൈനിലെ ഖാര്‍കിവ് ഒബ്ലാസ്റ്റിലെ സോളോകീവ് റായിയോണില്‍ 1998 ജനുവരി 21 നാണ് ഇവാന്റെ ജനനം. ഏഴാം വയസ്സുതൊട്ട് ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്ന ഇവാന്‍ ആദ്യമായി പന്തുതട്ടിയത് ആഴ്‌സനല്‍ ഖാര്‍കിവിനുവേണ്ടിയാണ്. 2005 മുതല്‍ 2008 വരെ താരം ആഴ്‌സനലിനുവേണ്ടി കളിച്ചു. ശേഷം 2008 മുതല്‍ 2015 വരെ മെറ്റാലിസ്റ്റ് ഖാര്‍കിവിനുവേണ്ടിയും പന്തുതട്ടി. 2015 വരെ യൂത്ത് ലീഗില്‍ മാത്രം കളിച്ച ഇവാന്‍ പ്രഫഷണല്‍ ഫുട്‌ബോളിന് തുടക്കമിടുന്നത് ഫ്രശസ്ത യുക്രൈന്‍ ക്ലബ്ബായ ഡൈനാമോ കീവിലെത്തിയപ്പോഴാണ്. ഡൈനാമോ കീവ് സീനിയര്‍ ടീമില്‍ 2015-ല്‍ അരങ്ങേറ്റം നടത്തിയ താരം 2018 വരെ ടീമില്‍ തുടര്‍ന്നു. 12 മത്സരങ്ങള്‍ കീവിനുവേണ്ടി കളിച്ച ഇവാന്‍ ഒരു ഗോളും നേടി. യുവേഫ യൂത്ത് ലീഗില്‍ കളിക്കാനുള്ള സുവര്‍ണാവസരവും താരത്തിന് വന്നുചേര്‍ന്നു.

2018-19 സീസണില്‍ ഡൈനാമോ കീവില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ താരം മെറ്റാലിസ്റ്റ് ഖാര്‍കിവിലേക്ക് ചേക്കേറി. ആ സീസണില്‍ ടീമിനായി 27 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളും നേടി. അവിടെ നിന്ന് അടുത്ത സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ റൂഖ് എല്‍വീവ് എന്ന ക്ലബ്ബിലേക്കും കൂടുമാറി. എല്‍വീവിനായി 32 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇവാന്‍ 2 ഗോളുകള്‍ നേടി. 2021-ല്‍ ഇവാനെ ഡൈനാമോ കീവില്‍ നിന്ന് എഫ്.സി ഒലെക്‌സാന്‍ഡ്രിയ സ്വന്തമാക്കി. പുതിയ ടീമിനൊപ്പം 23 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകള്‍ നേടി. ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഒരു വര്‍ഷത്തെ വായ്പാ അടിസ്ഥാനത്തിലാണ് ഇവാന്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടുന്നത്. യുക്രൈന്‍ ദേശീയ ടീം അംഗം കൂടിയായ ഇവാന്‍ വരും മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം തുടരുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഓര്‍ഗെ ഡയസ്സും വാസ്‌ക്വസും പോയെങ്കിലും ആരാധകര്‍ക്ക് ഇപ്പോള്‍ ടെന്‍ഷനില്ല. കാരണം ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അവര്‍ക്കൊരു യുക്രൈന്‍ താരമുണ്ട്. ഹ്യൂമേട്ടനെപ്പോലെ... ജോസേട്ടനെപ്പോലെ.. ലൂണയെപ്പോലെ ഇവാനും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സ്വന്തം താരമായി മാറിക്കഴിഞ്ഞു.

Content Highlights: Ivan Kaliuzhnyi, ivan footballer, kerala blasters, ivan kerala blasters, ivan goal, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented