Photo: twitter.com/IndSuperLeague
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആറുഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരുടീമുകളും 3-3 ന് സമനിലയില്‍ പിരിഞ്ഞു.
ഈസ്റ്റ് ബംഗാളിനായി നായകന്‍ ക്ലെയിറ്റണ്‍ സില്‍വ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജെയ്ക് ജെര്‍വിസും ലക്ഷ്യം കണ്ടു. നോര്‍ത്ത് ഈസ്റ്റിനായി പാര്‍ത്ഥിബ് സുന്ദര്‍ ഗൊഗൊയ്, മലയാളി താരം എം.എസ്.ജിതിന്‍, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഗോളടിച്ചു.
ഈ സമനിലയോടെ നോര്‍ത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള ടീം അഞ്ച് പോയന്റുമായി അവസാന സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും തിരിച്ചടി നേരിട്ടു. 17 മത്സരങ്ങളില്‍ നിന്ന് 16 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ ഈസ്റ്റ് ബംഗാളിന് നേരിയ സാധ്യത അവശേഷിക്കുന്നുള്ളൂ. മറ്റ് മ്ത്സരങ്ങളുടെ ഫലങ്ങളും ഈസ്റ്റ് ബംഗാളിന് അനുകൂലമാകണം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ടീമിന് ആദ്യ ആറില്‍ ഇടം നേടാനാകൂ.
ലീഡ് മാറിമറിഞ്ഞ മത്സരത്തില്‍ ക്ലെയിറ്റണ്‍ സില്‍വയിലൂടെ 10-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. എന്നാല്‍ 30-ാം മിനിറ്റില്‍ പാര്‍ത്ഥിബിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. തൊട്ടുപിന്നാലെ 32-ാം മിനിറ്റില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ മലയാളി താരം ജിതിന്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡ് സമ്മാനിച്ചു. പക്ഷേ ഈ ലീഡും അധികനേരം നീണ്ടുനിന്നില്ല. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ജെയ്ക് ജാര്‍വിസിന്റെ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ ഈസ്റ്റ് ബംഗാള്‍ സമനില നേടി.
രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്ലെയിറ്റണ്‍ സില്‍വ വീണ്ടും ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 85-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഇമ്രാന്‍ ഖാന്‍ നോര്‍ത്ത് ഈസ്റ്റിന് സമനില നേടിക്കൊടുത്ത് ഈസ്റ്റ് ബംഗാളിന്റെ മോഹങ്ങള്‍ കെടുത്തി.
Content Highlights: north east united draw with east bengal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..