കേരളാ ബ്ലാസ്റ്റേഴ്സ് ടീം പരിശീലനത്തിൽ |ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
കൊച്ചി: പുതുവർഷത്തിലും കുതിപ്പ് തുടരാമെന്ന പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജംഷേദ്പുർ എഫ്.സി.യുമായിട്ടാണ് പുതിയ വർഷത്തിലെ ആദ്യകളി. ചൊവ്വാഴ്ച രാത്രി 7.30-ന് കലൂരിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ ഏഴുമത്സരങ്ങളിലെ അപരാജിതകുതിപ്പോടെ കഴിഞ്ഞവർഷം അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സ് അതിന്റെ തുടർച്ചയാണ് മോഹിക്കുന്നത്. 11 മത്സരങ്ങളിൽനിന്ന് 22 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ടീം. അതേസമയം 11 കളികളിൽ ഒരേയൊരു ജയം മാത്രം നേടിയ ജംഷേദ്പുർ അഞ്ച് പോയന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ്.
നാല് മഞ്ഞക്കാർഡുകണ്ട യുക്രൈൻ മധ്യനിരതാരം ഇവാൻ കലിയൂഷ്നിക്ക് കളിക്കാൻ കഴിയില്ലെന്നതാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന ഏകഘടകം.
കലിയൂഷ്നിയുടെ അഭാവത്തിൽ വിദേശതാരം അപ്പോസ്തോലോസ് ജിയാനുവിനെ ആദ്യ ഇലവനിൽ ഇറക്കിയേക്കും. അങ്ങനെയെങ്കിൽ മുന്നേറ്റത്തിൽ ദിമിത്രിയോസ്-ജിയാനു സഖ്യമാകും. അഡ്രിയൻ ലൂണ മധ്യനിരയിലാകും കളിക്കുന്നത്. വിങ്ങുകളിൽ മലയാളി താരങ്ങളായ കെ.പി. രാഹുലും സഹൽ അബ്ദുസമദും കളിക്കും. പ്രതിരോധത്തിൽ ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചിനൊപ്പം ജെസൽ കാർനെയ്റോ, സന്ദീപ് സിങ്, റുയ്വ ഹോർമിപാം എന്നിവർ ഇറങ്ങുമെന്നും പ്രതീക്ഷിക്കാം.
കഴിഞ്ഞ സീസണിൽ ലീഗിൽ ഒന്നാമതെത്തി വിന്നേഴ്സ് ഷീൽഡ് നേടിയ ജംഷേദ്പുർ തീർത്തും മങ്ങിയ പ്രകടനമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. നൈജീരിയൻ താരം ഡാനിയൽ ചുക്വുവിനെയും ഇഷാൻ പണ്ഡിതയെയും പോലെയുള്ള സ്ട്രൈക്കർമാരുണ്ടെങ്കിലും ആവശ്യത്തിന് ഗോൾ കണ്ടെത്താൻ കഴിയാത്തത് ജംഷേദ്പുരിനെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്.
Content Highlights: kerala blasters vs jamshedpur fc isl match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..