Photo: twitter.com
കൊച്ചി: വിവാദ ഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ പ്ലേഓഫ് മത്സരത്തിനിടെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാതി
നല്‍കിയതായി റിപ്പോര്‍ട്ട്. പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും താരങ്ങള്‍ തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി ചര്‍ച്ച ചെയ്യാന്‍ എഐഎഫ്എഫ് അടിയന്തര യോഗം വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഫറി ഫ്രീ കിക്കിനു മുമ്പ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയോട് പന്തിനടുത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ ക്വിക്ക് ഫ്രീകിക്ക് അനുവദിക്കാന്‍ സാധിക്കില്ല. റഫറി കളിക്കാരനോട് മാറിനില്‍ക്കാന്‍ നിര്‍ദേശിക്കുന്നതിന്റെ അര്‍ഥം പ്രതിരോധ മതില്‍ തീര്‍ക്കാന്‍ ആവശ്യപ്പെടുന്നു എന്നാണെന്നും അതിനാല്‍ തന്നെ കളിക്കാരന്‍ ഫ്രീകിക്ക് എടുക്കാന്‍ റഫറിയുടെ വിസിലിനായി കാത്തിരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണെന്നും പരാതിയിലുണ്ട്.
ഫ്രീകിക്കിനായി പന്തിന്റെ സ്ഥാനം സൂചിപ്പിക്കാന്‍ റഫറി സ്‌പ്രേ ഉപയോഗിച്ചുവെന്നും തന്നോട് മാറാന്‍ ആവശ്യപ്പെട്ടുവെന്നും അഡ്രിയാന്‍ ലൂണ പരിശീലകനെയും കളിക്കാരേയും അറിയിച്ചിട്ടുണ്ട്. മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധത്തില്‍ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പ്രതിഷേധത്തേയോ വാക്ക് ഔട്ടിനെയോ കുറിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോ ഐഎസ്എല്‍ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഐഎസ്എല്‍ സെമിഫൈനല്‍ ആദ്യപാദം ചൊവ്വാഴ്ച നടക്കാനിരിക്കേ എഐഎഫ്എഫ് ഇക്കാര്യത്തില്‍ വേഗം പ്രതികരിക്കേണ്ടതുണ്ട്. ഇക്കാര്യം പരാതിയില്‍ ക്ലബ്ബ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights: Kerala Blasters FC seeking replay of their tempestuous Knockout clash against Bengaluru FC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..