കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകോമാനോവിച് | ഫോട്ടോ: ജെയ്വിൻ ടി. സേവ്യർ
(ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.)
ഫുട്‌ബോള്‍, കളിയ്ക്കപ്പുറം ജീവിതം തന്നെയാണ് ഇവാന്‍ വുകോമനോവിച്ചിന്. എണ്‍പതുകളില്‍ ആഭ്യന്തരകലാപങ്ങളാല്‍ മുഖരിതമായ സെര്‍ബിയയിലായിരുന്നു ഇവാന്റെ ബാല്യം. അവിടെ ഫുട്‌ബോള്‍ കളിച്ചവന്‍ വളര്‍ന്നു. കൗമാരത്തിലെത്തിയപ്പോള്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഇവാന്‍ ഉപാധിയായിക്കണ്ടതും ഫുട്‌ബോളിനെ തന്നെയായിരുന്നു.
'കൊടിയ ദാരിദ്ര്യമായിരുന്നു ചെറുപ്പകാലത്ത് അനുഭവിക്കേണ്ടിവന്നത്. കുടുംബത്തെ സഹായിക്കണമെന്ന ചിന്തയാണ് കൂടുതല്‍ നന്നായി കളിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്' ഐ.എസ്.എല്‍. പ്ലേ ഓഫിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അനുവദിച്ച അഭിമുഖത്തിനിടെ വുകോമനോവിച്ച് പറഞ്ഞു. അതുകൊണ്ടാവാം, മാനുഷിക മൂല്യങ്ങളാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞതും.
ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് കളിക്കളത്തില്‍നിന്ന് ടീമിനെ തിരിച്ചുവിളിച്ച വുകോമനോവിച്ചിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രസക്തിയുണ്ട്..
മനുഷ്യത്വമാണ് ആദ്യപാഠം
ജോലിയിലായാലും ജീവിതത്തിലായാലും മാനുഷികമൂല്യങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. തൊട്ടടുത്തുള്ളയാളെ മനുഷ്യനെന്ന നിലയില്‍ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. അതാണ് എന്റെ പരിശീലനരീതിയുടെ കാതല്‍. എന്റെ കളിക്കാര്‍ക്ക് അതറിയാം. നന്നായി കളിക്കുമ്പോഴും തെറ്റുകള്‍ വരുത്തുമ്പോഴും അവരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയും. എന്താണ് നന്നായിരുന്നതെന്നും മോശമായിരുന്നതെന്നും ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ.
ഒരു വ്യക്തിയെന്ന നിലയില്‍ തെറ്റുകള്‍ സംഭവിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. നിങ്ങളൊരു റിസ്‌കെടുക്കാന്‍ തയ്യാറായി എന്നാണ് അതിനര്‍ത്ഥം. ചിലപ്പോള്‍ അതിന് വലിയ വില നല്‍കേണ്ടിവന്നേക്കാം. എന്നാല്‍, ആ തെറ്റ് തിരിച്ചറിയുകയും അത് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ നിങ്ങളൊരു കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുന്നു.
നിങ്ങള്‍ക്ക് ഫുട്‌ബോളിനെ കുറിച്ചു മാത്രമാണ് അറിവുള്ളതെങ്കില്‍, ടാക്ടിക്‌സിനെ കുറിച്ചും കളിയിലെ സാങ്കേതികതയെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കൊരു നല്ല കോച്ചാകാനാവില്ല. പരസ്പരസഹകരണം, ടീമംഗങ്ങളുമായുള്ള ബന്ധം, ക്ലബ്ബിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായുള്ള യോജിപ്പ് ഇതെല്ലാമാണ് യഥാര്‍ത്ഥത്തില്‍ സ്ഥായിയായ പ്രചോദനം നല്‍കുക.
കോച്ചെന്ന നിലയില്‍, തീര്‍ച്ചയായും മികച്ച ഫുട്‌ബോള്‍ അവതരിപ്പിക്കുക എന്നതുതന്നെയാണ് എന്റെ ലക്ഷ്യം. പക്ഷേ, അടിസ്ഥാനപരമായി മനുഷ്യരെന്ന നിലയിലെ സഹകരണത്തിലൂടെയാണ് അത് സാധ്യമാക്കേണ്ടത്. അത് നമ്മെ വിജയത്തിലേക്ക് എത്തിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ വ്യക്തിത്വമാണ് ഞാന്‍ കോച്ചിങ്ങിലും വെളിവാക്കുന്നത്. എന്റെ കളിക്കാര്‍ക്ക് സുഹൃത്തും സഹോദരനും അച്ഛനും തുടങ്ങി എന്തെല്ലാമായിത്തീരാമോ അതെല്ലാമാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്താവശ്യമുണ്ടായാലും എന്നെ സമീപിക്കാമെന്ന് അവര്‍ക്കറിയാം.
മാറിയ കോച്ചിങ് രീതികള്‍
ഞാന്‍ കളിച്ചിരുന്ന കാലത്ത് കോച്ചാണ് എല്ലാം. കോച്ചിന് അദ്ദേഹത്തിന്റേതായ പ്ലാനുകളും ശൈലിയുണ്ടാകും. ടീമും കളിക്കാരും അതിനനുസരിച്ച് മാറുക എന്നതാണ് പതിവ്. കോച്ചിന്റെ രീതിയിലേക്ക് മാറാന്‍ കഴിയുന്നവര്‍ക്ക് മികച്ച രീതിയില്‍ കളിക്കാനാകും. അതിന് സാധിക്കാത്തവര്‍ക്ക് തങ്ങളുടെ കഴിവ് പൂര്‍ണമായും പുറത്തെടുക്കാനാവില്ല.
എന്നാല്‍, കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടിനിടെ മറ്റെല്ലാത്തിനെയും പോലെ ഫുട്‌ബോളിലും ഏറെ മാറ്റങ്ങളുണ്ടായി. ഇന്ന് കോച്ച്, തന്റെ ഡ്രസ്സിങ് റൂമിലെ ഓരോ കളിക്കാരെയും പ്രത്യേകം പ്രത്യേകം മനസ്സിലാക്കുന്നവനാകണം. ഓരോ കളിക്കാരനും വേണ്ട രീതിയില്‍ സ്വയം പാകപ്പെടണം. ഇവരെയെല്ലാം ഒന്നിപ്പിച്ച് ടീമെന്ന നിലയില്‍ ഏറ്റവും ഫലപ്രദമായ സ്ട്രാറ്റജി എന്താണെന്ന് കണ്ടെത്തണം. കളിയിലെ സാങ്കേതിക പരിശീലനങ്ങള്‍ക്ക് പുറമേ ഇതെല്ലാമിന്ന് കോച്ചിന്റെ ജോലിയാണ്. നിങ്ങള്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ ഈ ജോലി ബുദ്ധിമുട്ടാകും. അതെല്ലാം ആസ്വദിക്കുന്നയാളാണ് ഞാന്‍.
ഐ.എസ്.എല്ലും ഇന്ത്യന്‍ ഫുട്‌ബോളും
മികച്ച കളിക്കാരില്ലാത്തതോ കായികക്ഷമതയിലെ കുറവോ അല്ല ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രശ്‌നം. നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലനരീതികള്‍ ഇല്ലാത്തതാണ് യഥാര്‍ത്ഥ പോരായ്മ.
ലോകത്തെല്ലായിടത്തും ഫുട്‌ബോള്‍ ലീഗുകള്‍ പത്തു മാസമാണ്. എന്നാല്‍, ഐ.എസ്.എല്‍. തുടങ്ങിയപ്പോള്‍ രണ്ടു മാസം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ആറു മാസം വരെ എത്തിയെങ്കിലും അതും അപര്യാപ്തമാണെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞ സമയം മാത്രമേ ഉള്ളൂവെന്നതിനാല്‍ ക്ലബ്ബുകള്‍ പെട്ടെന്ന് റിസല്‍റ്റുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് ഇവിടത്തെ ഫുട്‌ബോളിന് ഗുണകരമല്ല.
കൗമാരമാണ് ഒരു കളിക്കാരനെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സമയം. ആ സമയം അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. അത്തരം ഡെവലപ്‌മെന്റല്‍ പ്ലാനുകള്‍ എല്ലാ ക്ലബ്ബുകള്‍ക്കും ഉണ്ടെങ്കില്‍ മികച്ച പ്രാദേശിക താരങ്ങളെ എല്ലായിടത്തുനിന്നും വാര്‍ത്തെടുക്കാനാകും. കേരള ബ്ലാസ്റ്റേസിന്റെ 'യങ് ബ്ലാസ്റ്റേഴ്‌സ്' സംരംഭം ഈ ലക്ഷ്യം മുന്നില്‍വെച്ചുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. അത് സാധ്യമാണെന്ന് കാണിച്ചുകൊടുക്കുകയാണ് നാം. അതൊരു നഷ്ടമല്ലെന്നും.
ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി
ഇന്ത്യയില്‍ എവിടെയും കാണാത്ത തരത്തിലുള്ള ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. അവരാണ് ഈ ടീമിന്റെ ശക്തി. മൈതാനത്തിറങ്ങുമ്പോള്‍ സ്‌പെഷ്യലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നത് ആരാധകരുടെ ശക്തികൊണ്ടാണ്. അവരുടെ പ്രാധാന്യമറിയാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളിലെ ഫലം മാത്രം നോക്കിയാല്‍ മതി. നിങ്ങള്‍ ഈ പിന്തുണ തുടരുക. നമുക്കൊന്നിച്ച് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനാകും.
Content Highlights: kerala blasters coach ivan vukomanovic interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..