ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഹൈദരാബാദ് എഫ് സിക്കെതിരായ മത്സരത്തിന് മുന്നോടിയായി പനമ്പിള്ളിനഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം | ഫോട്ടോ സിദ്ദിക്കുൽ അക്ബർ
കൊച്ചി: കണക്കിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ എല്ലാ വിശ്വാസവും അര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ നിര്‍ണായകമത്സരത്തില്‍ ഞായറാഴ്ച ഹൈദരാബാദ് എഫ്.സി.ക്കെതിരേ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് വെറും ജയം പോരാ. മൂന്നുഗോള്‍ വ്യത്യാസത്തില്‍ ജയം നേടിയാല്‍ ബെംഗളൂരുവിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിന് ലീഗില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും. അങ്ങനെവന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ്.സി.യുമായി പ്ലേ ഓഫ് കളിക്കാനാകും. മറിച്ച് ബ്ലാസ്റ്റേഴ്സ് അഞ്ചാംസ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ ബെംഗളൂരുവുമായി പ്ലേ ഓഫ് കളിക്കാന്‍ അവരുടെ നാട്ടിലേക്ക് പോകേണ്ടിവരും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് ഹൈദരാബാദുമായുള്ള മത്സരത്തിന്റെ കിക്കോഫ്.
കഴിഞ്ഞവര്‍ഷം അപാരമായ ഫോമില്‍ അപരാജിതരായി എട്ടു മത്സരങ്ങള്‍ പിന്നിട്ട ബ്ലാസ്റ്റേഴ്സ് അതിനുശേഷം തിരിച്ചടികളുടെ ട്രാക്കിലാണ് സഞ്ചാരം.
അവസാനം കളിച്ച അഞ്ച് എവേ മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫും പുറത്ത് കളിക്കേണ്ടിവന്നാല്‍ സമ്മര്‍ദമേറും. അതേസമയം ഹൈദരാബാദിനെപ്പോലെയുള്ള മികച്ച ടീമിനെതിരേ നല്ല ഗോള്‍ മാര്‍ജിനില്‍ വിജയം നേടിയെടുക്കുകയെന്നതും ഇപ്പോഴത്തെ ഫോമില്‍ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഈ കളി ജയിച്ച് പ്ലേ ഓഫ് എവിടെയായാലും അവിടെ നന്നായി കളിക്കുകയെന്നതാണ് കോച്ച് വുകോമാനോവിച്ച് കളിക്കാര്‍ക്ക് നല്‍കുന്ന സന്ദേശം.
കൊല്‍ക്കത്തയ്‌ക്കെതിരേ ചുവപ്പുകാര്‍ഡ് കണ്ട് സസ്പെന്‍ഷനിലായ കെ.പി. രാഹുലിന് കളിക്കാനാകാത്തത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച കളത്തിലിറങ്ങുന്നത്. പരിക്കേറ്റ പ്രതിരോധതാരം മാര്‍കോ ലെസ്‌കോവിച്ച് കൊല്‍ക്കത്തയ്‌ക്കെതിരേ പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും പഴയഫോമിലെത്തിയിട്ടില്ല. പ്രതിരോധത്തില്‍ ഖാബ്രയും നിഷുവുമൊക്കെ മാറിമാറി വന്നിട്ടും പിഴവുകള്‍ അടയ്ക്കാനാകുന്നില്ല. സീസണിന്റെ തുടക്കത്തില്‍ മിന്നിയ യുക്രൈന്‍ താരം ഇവാന്‍ കലിയൂഷ്നിക്ക് അതിനുശേഷം ഗോള്‍ കണ്ടെത്താന്‍ കഴിയാത്തതും ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന ഘടകമാണ്. 10 ഗോളുമായി പട്ടികയില്‍ മുകളിലുള്ള ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഫോം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷനല്‍കുന്ന ഘടകം.
19 കളിയില്‍ 12 ജയമടക്കം 39 പോയന്റുമായി ലീഗില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ക്കടന്ന ഹൈദരാബാദിന് ഈ കളിയിലെ ജയപരാജയങ്ങള്‍ ഒരുതരത്തിലും ബാധിക്കില്ല. എന്നാല്‍, അവസാനം കളിച്ച മൂന്ന് കളിയില്‍ രണ്ടിലും തോറ്റ ഹൈദരാബാദിന് വീണ്ടുമൊരു തോല്‍വിയോടെ സെമികളിക്കാന്‍ താത്പര്യമുണ്ടാകില്ല. 10 ഗോളടിച്ച് പട്ടികയില്‍ മുകളിലുള്ള നൈജീരിയന്‍ താരം ഒഗ്ബെച്ചേയാണ് ഹൈദരാബാദ് പ്രതീക്ഷകളുടെ അടിസ്ഥാനം.
Content Highlights: isl 2022-23 Kerala Blasters facing Hyderabad fc today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..