Photo: twitter.com/IndSuperLeague
ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിലും തോല്‍വി. ഒന്നിനെതിരേ മൂന്ന് ഗോളിന് എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.
ഐക്കര്‍ ഗുറോചെന, നോവ സദോയ്, റെഡീം തലാങ് എന്നിവര്‍ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഹെഡറിലൂടെ ദിമിത്രിയോസ് ഡിയാമന്റാക്കോസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതിരോധനിര താരം മാര്‍ക്കോ ലെസ്കോവിച്ചിന് പേശീവലിവ് കാരണം കളിക്കാന്‍ സാധിക്കാതിരുന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ നിഴലിച്ചു. പ്രതിരോധത്തിലെ പിഴവുകളാണ് ഇന്നും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
ഇരു ടീമിന്റെ ഭാഗത്തുനിന്നും കാര്യമായ മുന്നേറ്റങ്ങളൊന്നും ഇല്ലാതെയായിരുന്നു മത്സരത്തിന്റെ തുടക്കം. 15-ാം മിനിറ്റില്‍ ഗോവയ്ക്ക് ആദ്യ അവസരം ലഭിച്ചു. നോവ സദോയിയുടെ ക്രോസില്‍ നിന്നുള്ള ഐക്കര്‍ ഗുറോചെനയുടെ ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
പിന്നാലെ 32-ാം മിനിറ്റില്‍ സൗരവ് മണ്ഡല് ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിനെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി ഗോവയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗുറോചെന പന്ത് വലയിലെത്തിച്ച് 35-ാം മിനിറ്റില്‍ ഗോവയെ മുന്നിലെത്തിച്ചു.
പിന്നാലെ 43-ാം മിനിറ്റില്‍ ഗോവ രണ്ടാം ഗോളും കണ്ടെത്തി. അന്‍വര്‍ അലി നീട്ടിനല്‍കിയ ഒരു ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സന്ദീപ് സിങ് വരുത്തിയ പിഴവാണ് ഗോവയുടെ രണ്ടാം ഗോളിന് വഴിവെച്ചത്. സന്ദീപിന്റെ ഹെഡര്‍ പിഴച്ചതുവഴി പന്ത് റാഞ്ചിയെടുത്ത നോവ സദോയി പന്തുമായി മുന്നേറി ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിനെയും കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സില്‍ നിന്ന് മികച്ച നീക്കങ്ങളുണ്ടായി. 51-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡിയാമന്റാക്കോസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീ കിക്ക് ഡിയാമന്റാക്കോസ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
പക്ഷേ പകരക്കാരനായെത്തി 69-ാം മിനിറ്റില്‍ റെഡീം തലാങ് ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നു. തോറ്റെങ്കിലും 14 കളികളില്‍ നിന്ന് 25 പോയന്റോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: ISL 2022-23 FC Goa secure comfortable win against Kerala Blasters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..