Photo: twitter.com/90ndstoppage
ബെംഗളൂരു: ഐഎസ്എല്‍ പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ബെംഗളൂരു എഫ്‌സിയുടെ വിവാദ ഗോളിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എല്ലായിടത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതു വരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്കായിരുന്നു ആ മത്സരം സാക്ഷിയായത്. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ ആരാധകര്‍ ചേരി തിരിഞ്ഞ് പരസ്പരം പോരടിക്കുകയാണ്. ഗോള്‍ നേടിയ സുനില്‍ ഛേത്രിക്കെതിരേ സൈബര്‍ ആക്രമണവും വംശീയാധിക്ഷേപവും വരെ നടക്കുന്നുണ്ട്. മത്സരം ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നടപടിയും വിമര്‍ശനവിധേയമാകുന്നു. ഇതിനിടെ ഐഎസ്എല്ലിലെ മോശം റഫറിയിങ്ങും ചര്‍ച്ചകളില്‍ ഇടംനേടുന്നുണ്ട്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ മുന്‍ റഫറിമാന്‍ പലരും പ്രതികരിച്ചിട്ടുണ്ട്. ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റഫറിമാര്‍ പ്രതികരിച്ചു.
''അത് തികച്ചും റഫറിയുടെ പിഴവാണ്. എതിര്‍ ടീമിന് അപകടകരമാകുന്ന സ്ഥലത്തുവെച്ചാണ് ഫ്രീകിക്ക് അനുവദിച്ചത്. അതിനാല്‍ തന്നെ ഗോള്‍കീപ്പറും പ്രതിരോധ മതിലും തയ്യാറായ ശേഷമാണ് കിക്കെടുക്കുന്നതെന്ന് റഫറി ഉറപ്പുവരുത്തണമായിരുന്നു. റഫറി ചെയ്തത് തെറ്റാണ്. വാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഗോള്‍ അനുവദിച്ച തീരുമാനം റദ്ദാക്കപ്പെടുമായിരുന്നു.'' - ഒരു മുന്‍ റഫറി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
''അത് തീര്‍ച്ചയായും കിക്ക് വീണ്ടും എടുക്കേണ്ട സാഹചര്യമായിരുന്നു. കാരണം റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയും പ്രതിരോധ മതിലിലേക്ക്
9.15 മീറ്റര്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തതാണ്. റഫറി കളിക്കാരോട് പിറകിലേക്ക് നീങ്ങിനില്‍ക്കാന്‍ ആവശ്യപ്പെടുകയും കിക്കെടുക്കുന്ന ആളോട് വിസിലിന് ശേഷം മാത്രമേ കിക്ക് എടുക്കാവൂ എന്ന് പറയുകയും വേണമായിരുന്നു.'' - എന്നാണ് മറ്റൊരു റഫറി അഭിപ്രായപ്പെട്ടത്.
''പലരും പറയുന്നത് പോലെ ഇത് ക്വിക്ക് സ്റ്റാര്‍ട്ടിന്റെ കാര്യമല്ല. ഛേത്രി കിക്കെടുക്കുന്നതായി അഭിനയിച്ചപ്പോള്‍ തന്നെ റഫറി പ്രതികരിക്കണമായിരുന്നു. വിസിലിന് കാക്കണമെന്ന് കളിക്കാരനോട് നിര്‍ദേശിക്കണമായിരുന്നു. എന്നിട്ട് കളിക്കാരന് ഷോട്ട് എടുക്കാനായി 9.15 മീറ്റര്‍ ദൂരം മാര്‍ക്ക് ചെയ്യുകയും വേണമായിരുന്നു. എനിക്ക് വിസിലും പ്രതിരോധ മതിലും വേണ്ട എന്ന് ഛേത്രിക്ക് പറയാനാകില്ല, അത് അദ്ദേഹത്തിന്റെ അധികാരപരിധിയില്‍പ്പെട്ടതല്ല.'' - റഫറിമാരില്‍ ഒരാള്‍ പ്രതികരിച്ചു. ഇതോടൊപ്പം ഈ തീരുമാനമെടുത്ത റഫറി ക്രിസ്റ്റല്‍ ജോണ്‍ അടുത്തിടെ ഫിഫയുടെ എലൈറ്റ് റഫറിയായി സ്ഥാനക്കയറ്റം കിട്ടിയയാളാണ്. വിവാദ തീരുമാനങ്ങളുടെ പേരില്‍ മുമ്പ് പലതവണ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഇദ്ദേഹമെന്നും ഒരാള്‍ പറഞ്ഞു. മുമ്പ് പലപ്പോഴും ടീമുകള്‍ ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Crystal John s decision to award goal to Sunil Chhetri wrong says former referees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..