സാള്‍ട്ട് ലേക്കില്‍ മോഹന്‍ ബഗാനെ മുക്കി വിജയം നേടി ചെന്നൈയിന്‍ എഫ്.സി.


Photo: PTI

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ കരുത്തരായ എ.ടി.കെ. മോഹന്‍ ബഗാനെ വീഴ്ത്തി ചെന്നൈയിന്‍ എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിനിന്റെ വിജയം. ചെന്നൈയിന് വേണ്ടി ക്വാമി കരികരിയും റഹിം അലിയും ലക്ഷ്യം കണ്ടപ്പോള്‍ മന്‍വീര്‍ സിങ് മോഹന്‍ ബഗാനുവേണ്ടി വലകുലുക്കി.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ചെന്നൈയിന്‍ വിജയം നേടിയത്. ആദ്യപകുതിയില്‍ 1-0 ന് പിന്നില്‍ നിന്ന ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കുകയായിരുന്നു. മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. എ.ടി.കെ. മോഹന്‍ ബഗാന് വേണ്ടി മലയാളി താരം ആഷിഖ് കുരുണിയനും ചെന്നൈയിന് വേണ്ടി പ്രശാന്തും അരങ്ങേറ്റം നടത്തിയ മത്സരമായിരുന്നു ഇത്. ഇരുതാരങ്ങളും ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടുകയും ചെയ്തു.

27-ാം മിനിറ്റിലാണ് മന്‍വീര്‍ സിങ് ഗോളടിച്ചത്. മോഹന്‍ ബഗാന്റെ മികച്ച കൗണ്ടര്‍ അറ്റാക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. ചെന്നൈയിന്‍ മുന്നേറ്റനിരയില്‍ നിന്ന് പന്ത് റാഞ്ചിയ ഹ്യൂഗോ ബൗമസ് പന്ത് മന്‍വീറിന് നീട്ടിനല്‍കി. പാസ് ലഭിച്ചയുടന്‍ മന്‍വീര്‍ പന്ത് ദിമിത്രി പെട്രാറ്റോസിന് കൈമാറി. ദിമിത്രി അത് കൃത്യമായി മന്‍വീറിന് നീട്ടിനല്‍കി. ബോക്‌സിനകത്തേക്ക് കയറിയ മന്‍വീര്‍ മികച്ച ഫിനിഷിലൂടെ പന്ത് വലയിലാക്കി. ഇതോടെ മോഹന്‍ ബഗാന്‍ 1-0 ന് മുന്നിലെത്തി.

ആദ്യപകുതിയിലുടനീളം മോഹന്‍ ബഗാന്‍ തന്നെയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ചെന്നൈയിന്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ വേറിട്ടൊരു സംഭവത്തിന് ഐ.എസ്.എല്‍. വേദിയായി. മത്സരത്തിനിടെ 55-ാം മിനിറ്റില്‍ സ്റ്റേഡിയത്തിലെ ലൈറ്റുകളില്‍ ചിലത് പ്രവര്‍ത്തന രഹിതമായി. ഇതേത്തുടര്‍ന്ന് മത്സരം കുറച്ചുസമയം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ലൈറ്റ് തകരാറിലായത് താരങ്ങളെയും കാണികളെയും നിരാശയിലാഴ്ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ തന്നെ ലൈറ്റ് പ്രവര്‍ത്തനരഹിതമായത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മത്സരം പത്തുമിനിറ്റിലധികം വൈകുകയും ചെയ്തു.

62-ാം മിനിറ്റില്‍ ക്വാമി കരികരിയൂടെ ചെന്നൈയിന്‍ സമനില ഗോള്‍ നേടി. ബോക്‌സിലേക്ക് പന്തുമായി ഇരച്ചെത്തിയ കരികരിയെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത് ഫൗള്‍ ചെയ്തു. റഫറി ചെന്നൈയിന് അനുകൂലമായി പെനാല്‍ട്ടി വിധിക്കുകയും ചെയ്തു. കരികരി തന്നെയെടുത്ത കിക്ക് അനായാസം ഗോള്‍ കീപ്പറെ മറികടന്ന് വലതുളച്ചു. ഇതോടെ ചെന്നൈയിന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ഈ സീസണിലാണ് കരികരി ചെന്നൈയിനില്‍ എത്തിയത്. പകരക്കാരനായി വന്ന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാനും താരത്തിന് സാധിച്ചു.

മത്സരം സമനിലയിലേക്ക് കടക്കുമെന്ന് തോന്നിച്ച സമയത്താണ് ചെന്നൈയിനിന്റെ രക്ഷകനായി റഹിം അലി അവതരിച്ചത്. 83-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ നെഞ്ചില്‍ തീ കോരിനിറച്ചുകൊണ്ട് റഹിം അലി വലകുലുക്കി. താരത്തിന് ഗോളവസരമൊരുക്കിയത് കരികരിയാണ്. കരികരിയുടെ ക്രോസ് സ്വീകരിച്ച റഹിം അലി മികച്ച ലോങ് റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. ഇത് നോക്കിനില്‍ക്കാനേ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന് സാധിച്ചുള്ളൂ. പ്രതിരോധതാരങ്ങള്‍ അണിനിരന്നിട്ടും അവര്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് കുതിച്ചു. ഇതോടെ ചെന്നൈയിന്‍ ഏകദേശം വിജയമുറപ്പിച്ചു. പിന്നീട് പ്രതിരോധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശകര്‍ ശ്രമിച്ചത്.

88-ാം മിനിറ്റില്‍ മോഹന്‍ ബഗാന് ചെന്നൈയിന്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ലിസ്റ്റണ്‍ കൊളാസോയുടെ കിക്ക് ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാര്‍ മികച്ച ഡൈവില്‍ തട്ടിയകറ്റി. പിന്നാലെ ചെന്നൈയിന്‍ വിജയമുറപ്പിച്ചു.

Content Highlights: isl, isl 2022-2023, chennayin fc vs atk mohun bagan, mohun bagan vs chennaiyin, indian super league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented