സൈമൺ ഗ്രേയ്‌സൺ | Photo: ISL
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രി നേടിയ ഗോളിനെ തുടര്‍ന്നുണ്ടായ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. വിവാദ ഫ്രീ കിക്ക് ഗോളില്‍ പ്രതിഷേധിച്ച് ബ്ലാസ്‌റ്റേഴ്‌സ് ടീം മൈതാനും വിട്ടിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയും അവര്‍ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
ഇതിന് പിന്നാലെ ബെംഗളൂരു പരിശീലകന്‍ സൈമണ്‍ ഗ്രേയ്‌സണിന്റെ പ്രതികരണവും വന്നു. മത്സരത്തില്‍ വിജയം അര്‍ഹിച്ചിരുന്നത് ബെംഗളൂരു ആയിരുന്നെന്നും 40 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഗ്രൗണ്ട് വിടുന്നത് കണ്ടതെന്നും സൈമണ്‍ പ്രതികരിച്ചു. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും ബെംഗളൂരു എഫ്‌സി പരിശീലകന്‍.
'സെമി ഫൈനലിലേക്ക് ഇത്തരത്തിലൊരു പ്രവേശനമല്ല ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ഗ്രൗണ്ടില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു. സുനില്‍ ഛേത്രി പറഞ്ഞു, ഞങ്ങള്‍ക്ക് പ്രതിരോധക്കോട്ട ആവശ്യമില്ല. 10 വാരയുടെ നിയന്ത്രണവും വേണ്ട. റഫറി അതിന് സമ്മതം മൂളി. അദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അഡ്രിയാന്‍ ലൂണ ബ്ലോക്ക് ചെയ്യാന്‍ വരാനായി ഛേത്രി കാത്തുനിന്നു. അതിന് ശേഷം പന്ത് വലയുടെ മൂലയിലെത്തിച്ചു.
ഞങ്ങള്‍ തന്നെയാണ് വിജയം അര്‍ഹിച്ചിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തെ പിടിച്ചുകെട്ടയതിനൊപ്പം മികച്ച അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു. തുടര്‍ച്ചയായ ഒമ്പതാം വിജയം സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ട്. ഇനി മുംബൈ സിറ്റി എഫ്‌സിക്കെതിരായ സെമിയിലാകും ശ്രദ്ധ'-സൈമണ്‍ വ്യക്തമാക്കുന്നു.
എക്‌സ്ട്രാ ടൈമിലാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ വന്നത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പ് ഛേത്രി ഫ്രീ കിക്ക് എടുത്തു എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വാദം. എന്നാല്‍ അത് ക്വിക്ക് റീസ്റ്റാര്‍ട്ട് ആണെന്ന് ബെംഗളൂരും വാദിക്കുന്നു. റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഇതോടെ മാച്ച് കമ്മീഷ്ണര്‍ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു.
Content Highlights: bengaluru fc head coach simon grayson comment after match against kerala blasters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..