photo: twitter/ATK Mohun Bagan FC
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍ പ്ലേഓഫിലേക്ക് യോഗ്യതനേടി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് എടികെ യുടെ വിജയം. ജയത്തോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും മോഹന്‍ ബഗാനായി. ഇതോടെ സീസണിലെ രണ്ടുമത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് എടികെയോട് തോറ്റു. കേരള ബ്ലാസ്‌റ്റേഴ്‌സ് നേരത്തേ തന്നെ പ്ലോഓഫിലേക്ക് യോഗ്യതനേടിയിരുന്നു.
പ്ലേഓഫ് പ്രതീക്ഷകളുമായി സാള്‍ട്ട്‌ലേക്കില്‍ കളിക്കാനിറങ്ങിയ മോഹന്‍ ബഗാന്‍ തുടക്കത്തില്‍ തന്നെ ഞെട്ടി. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് എടികെ വലകുലുക്കി. മനോഹരമായ നീക്കത്തിനൊടുവില്‍ മോഹന്‍ ബഗാന്റെ പെനാല്‍റ്റിബോക്‌സിനുള്ളില്‍ നിന്ന് അപോസ്തലസ് ജിയാന്നു നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഡയമന്റകോസ് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.
എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദത്തിന് അല്‍പ്പസമയം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 23-ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂയിലൂടെ എടികെ തിരിച്ചടിച്ചു. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലാണ് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ഹ്യൂഗോ ബൗമസിന് പകരം ഫെഡറികോ ഗല്ലെഗോയെ എടികെ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ കളത്തിലിറക്കി. പിന്നീട് ഇരു ടീമുകളും മികച്ച ഗോളവസരങ്ങളാണ് സൃഷ്ടിച്ചു. എന്നാല്‍ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. 64-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് രാഹുല്‍ കെപി പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി.
പിന്നീടങ്ങോട്ട് എടികെ വിജയഗോളിനായി നിരന്തരം ആക്രമണമഴിച്ചുവിട്ടു. 71-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാള്‍ മക്ഹ്യൂ ഒരിക്കല്‍ കൂടി ഭേദിച്ച് വലകുലുക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലായി. ഗോള്‍ വീണതിന് ശേഷവും മോഹന്‍ ബഗാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ആക്രമണങ്ങളെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നന്നായി വിയര്‍ത്തു. ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ ബഗാന്‍ പ്രതിരോധം ശക്തമാക്കിയതോടെ സാള്‍ട്ട്‌ലേക്കിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയോടെ മടങ്ങി.
Content Highlights: ATK Mohun Bagan vs Kerala Blasters FC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..