photo:twitter/ATK Mohun Bagan FC
കൊല്‍ക്കത്ത: മുന്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍ 2022-23 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പ്ലേഓഫ് പോരാട്ടത്തില്‍ ഒഡിഷ എഫ്‌സിയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് എടികെ സെമിയിലെത്തിയത്. ഹ്യൂഗോ ബൗമസും ദിമിത്രി പെട്രറ്റോസുമാണ് എടികെയ്ക്കായി വലകുലുക്കിയത്.
ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനല്‍ ചിത്രം വ്യക്തമായി. ആദ്യ സെമിയില്‍ മുംബൈ സിറ്റി എഫ്‌സിയും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയാണ് എടികെയുടെ എതിരാളികള്‍. രണ്ടുപാദങ്ങളിലായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
സ്വന്തം തട്ടകമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ഗ്രൂപ്പ് സ്റ്റേജുകളിലെ പ്രകടനം ആവര്‍ത്തിക്കുന്ന എടികെ മോഹന്‍ ബഗാനെയാണ് കണ്ടത്. തുടക്കത്തില്‍ തന്നെ വിങ്ങര്‍ ആഷിഖ് കുരുണിയന്‍ പരിക്കേറ്റ് പുറത്തുപോയത് എടികെയ്ക്ക് തിരിച്ചടിയായി. പകരം ലിസ്റ്റണ്‍ കൊളാസോയാണ് മൈതാനത്തിറങ്ങിയത്. ഒഡിഷയും തിരിച്ചടിക്കാന്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ 36-ാം മിനിറ്റില്‍ എടികെ ലീഡെടുത്തു. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹ്യൂഗോ ബൗമസാണ് മോഹന്‍ ബഗാനായി വലകുലുക്കിയത്. ആദ്യ പകുതി ഒരു ഗോളിന് എടികെ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഒഡിഷ മറുപടി ഗോളിനായി ആക്രമിച്ചുകളിച്ചു. പകരക്കാരെ കളത്തിലിറക്കുകയും ചെയ്തു. എന്നാല്‍ ഒഡിഷയെ പ്രതിരോധത്തിലാക്കി എടികെ വീണ്ടും ഗോളടിച്ചു. ഇത്തവണ സ്‌ട്രൈക്കര്‍ ദിമിത്രി പെട്രറ്റോസാണ് വലകുലുക്കിയത്. പിന്നാലെ എടികെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് മൈതാനത്ത് വീണുകിടന്നത് ഏവരേയും ആശങ്കയിലാക്കി. താരങ്ങളും റഫറിയും മെഡിക്കല്‍ സംഘത്തോട് ഉടന്‍ തന്നെ മൈതാനത്തേക്ക് വരാന്‍ നിര്‍ദേശിച്ചു. ആംബുലന്‍സും മൈതാനത്തെത്തി. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം വിശാല്‍ കെയ്ത്ത് മൈതാനത്ത് എഴുന്നേറ്റ് നിന്നതോടെ ആശങ്കയ്ക്ക് വിരാമമായി. വൈകാതെ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചു.
ഇരുടീമുകളും പരുക്കന്‍ കളിയാണ് പിന്നീട് പുറത്തെടുത്തത്. താരങ്ങളുടെ കയ്യാങ്കളിയും മൈതാനത്ത് കാണാനായി. എന്നാല്‍ ഒഡിഷയ്ക്ക് തിരിച്ചടിക്കാന്‍ സാധിക്കാതെ വന്നതോടെ എടികെ വിജയത്തോടെ സെമിയിലേക്ക് യോഗ്യത നേടി.
Content Highlights: ATK Mohun Bagan, Odisha FC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..