Photo: twitter.com
ന്യൂഡല്‍ഹി: ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ വാക്ക് ഔട്ട് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) അച്ചടക്ക സമിതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 10 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് എ.ഐ.എഫ്.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വിവിധ ഘട്ടങ്ങളിലായി വാദം കേട്ട ശേഷമായിരിക്കും നടപടി. ഇതിനായി അച്ചടക്ക സമിതി, കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു ക്ലബ് പ്രതിനിധികള്‍, റഫറിമാര്‍, ഐ.എസ്.എല്‍ അധികൃതര്‍ തുടങ്ങിയവരുടെ വാദം കേള്‍ക്കും.
ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തിങ്കളാഴ്ച തള്ളിയിരുന്നു. ചെയര്‍പേഴ്‌സണ്‍ വൈഭവ് ഗാഗറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധം തള്ളിയത്. പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും വിവാദ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നുമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യവും സമിതി മുഖവിലയ്‌ക്കെടുത്തില്ല.
മത്സരം പൂര്‍ത്തിയാക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന നിലപാടാണ് എ.ഐ.എഫ്.എഫ് സ്വീകരിച്ചത്. ലീഗിലെ നിയമങ്ങള്‍ പ്രകാരം റഫറിയുടെ തീരുമാനം അന്തിമമാണ്. റഫറിയുടെ തീരുമാനത്തിനെതിരേ ഒരു തരത്തിലുള്ള പ്രതിഷേധവും നിയമങ്ങള്‍ അനുവദിക്കുന്നില്ല. റഫറിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും എ.ഐ.എഫ്.എഫ് ഔദ്യോഗികമായി അറിയിച്ചു.
എ.ഐ.എഫ്.എഫ് അച്ചടക്ക ചട്ടം (2021) ആര്‍ട്ടിക്കിള്‍ 58 പ്രകാരം മത്സരം ഉപേക്ഷിച്ചതിന് ആറു ലക്ഷം രൂപ പിഴയോ ടൂര്‍ണമെന്റ് വിലക്കോ ലഭിച്ചേക്കാം.
Content Highlights: aiff disciplinary committee begun proceedings to decide sanction against Kerala Blasters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..