Photo: Screengrab/mathrubhumi news
കൊച്ചി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിനു പിന്നാലെ കൊച്ചിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സംഘത്തിന് വമ്പന്‍ സ്വീകരണം. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമിനെ സ്വീകരിക്കാന്‍ നിരവധി ആരാധകരാണ് സ്ഥലത്തെത്തിയത്. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെയും സംഘത്തെയും മഞ്ഞ റോസാപൂക്കള്‍ നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.
വുകോമനോവിച്ചിനും ടീമിനും മുദ്രാവാക്യം വിളിക്കുന്നവരെയും കാണാമായിരുന്നു. അതേസമയം വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിലെ വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാം ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു ചോദ്യം ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചരിത്രത്തില്‍ ഇതു വരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരത്തില്‍ വിവാദഗോളിലാണ് ബംഗളുരു എഫ്. സി. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. അധിക സമയത്ത് സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദത്തിനും ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്‌ക്കരണത്തിനും കാരണമായത്.
96-ാംമിനിറ്റിലാണ് സംഭവം. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീ കിക്കിനായി തയ്യാറാകുന്നതിന് മുന്‍പ് സുനില്‍ ഛേത്രിയെടുത്ത കിക്ക് വലയിലെത്തി. റഫറി ഗോള്‍ ആയി അനുവദിക്കുകയും ചെയ്തു. തങ്ങള്‍ ഒരുങ്ങുന്നതിനു മുന്‍പേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സൈഡ് ബെഞ്ചിലിരുന്ന താരങ്ങളും ഗ്രൗണ്ടിലിറങ്ങി ഗോള്‍ അല്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ചു നേരം കൂടിയാലോചിച്ച ശേഷം പരിശീലകനൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. 15 മിനിറ്റുകള്‍ക്ക് ശേഷം ബി.എഫ്.സിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത്. ബ്ലാസ്റ്റേഴ്സിനെതിരേ പിഴയും വിലക്കും അടക്കമുള്ള നടപടികള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: After the controversial playoff match kerala Blasters reached in Kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..