Photo: twitter.com|IndSuperLeague
കോഴിക്കോട്: വിദേശതാരങ്ങളുടെ എണ്ണം കുറച്ചെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഗോളുകള്‍ അടിച്ചുകൂട്ടുകയാണ് ടീമുകള്‍. ഇതേരീതിയില്‍ ഗോളടിയുമായി മുന്നോട്ടുപോയാല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറക്കുന്ന സീസണാകും ഇത്തവണത്തേത്.
നടപ്പു സീസണില്‍ 29 കളിയില്‍നിന്ന് 101 ഗോളുകളാണുണ്ടായത്. ഗോള്‍ ശരാശരി 3.48. സൂപ്പര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച ശരാശരിയാണിത്. സീസണില്‍ 115 മത്സരങ്ങളാണുള്ളത്. ഇതുപോലെ ഗോളടി തുടര്‍ന്നാല്‍ റെക്കോഡ് ഗോളുകളാകും പിറക്കുന്നത്. 2019-20 സീസണില്‍ 3.09 ശരാശരിയില്‍ 294 ഗോളുകള്‍ പിറന്നതാണ് നിലവിലെ റെക്കോഡ്. അന്ന് 95 മത്സരങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ 2.59 ശരാശരിയില്‍ 298 ഗോളുകളാണുണ്ടായത്. സമീപകാലത്തെ മോശം ശരാശരിയും കഴിഞ്ഞ സീസണിലായിരുന്നു.
ഇലവനില്‍ വിദേശതാരങ്ങളുടെ എണ്ണം നാലായി കുറച്ചതിനുശേഷമുളള ആദ്യ സീസണാണിത്. താരങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും നിലവാരം കൂടിയതാണ് ഗോളുകളുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്ന വാദമുണ്ട്. ഇതിനൊപ്പംതന്നെ ചേര്‍ത്തുവായിക്കേണ്ട കാര്യം പ്രതിരോധത്തില്‍ വിദേശതാരങ്ങളുടെ എണ്ണം കുറഞ്ഞതുമാണ്. കഴിഞ്ഞ സീസണില്‍ ഭൂരിഭാഗം ടീമുകളുടേയും പ്രതിരോധത്തില്‍ രണ്ട് വിദേശതാരങ്ങളുണ്ടായിരുന്നു. ഇത്തവണ മിക്കവാറും എല്ലാം ടീമുകളും ഒരു വിദേശതാരത്തെയാണ് പ്രതിരോധത്തില്‍ ഇറക്കുന്നത്. ബാക്കി മൂന്ന് താരങ്ങളെ മധ്യ-മുന്നേറ്റനിരകളില്‍ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്സ് പോലുള്ള കുറച്ചു ക്ലബ്ബുകള്‍ മാത്രമാണ് രണ്ട് വിദേശതാരങ്ങളെ സെന്‍ട്രല്‍ ഡിഫന്‍സില്‍ ഇറക്കുന്നത്.
മധ്യ-മുന്നേറ്റനിരയില്‍ വിദേശതാരങ്ങളുടെ എണ്ണം പതിവുപോലെ നിലനില്‍ക്കുന്നതും പ്രതിരോധത്തില്‍ വിദേശികളുടെ കുറവും ഗോളുകളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമാകുന്നുണ്ട്. ഇതിനൊപ്പമാണ് മികച്ച വിദേശതാരങ്ങളുടെ സാന്നിധ്യവും. കളിക്കാരുടെ എണ്ണം കുറച്ചതോടെ ആ തുക കൂടി ഉപയോഗിച്ച് മികച്ച കളിക്കാരെ കൊണ്ടുവരാന്‍ ക്ലബ്ബുകള്‍ ശ്രമിച്ചിട്ടുണ്ട്.
ആദ്യ റൗണ്ടില്‍ 18 ഗോളുകള്‍ വന്നെങ്കില്‍ രണ്ടാം റൗണ്ടിലത് 15 ഗോളുകളായിരുന്നു. മൂന്നാം റൗണ്ടില്‍ ഗോളുകള്‍ 23 ആയി വര്‍ധിച്ചു. നാലാം റൗണ്ടില്‍ 13 ഗോളും അഞ്ചാം റൗണ്ടില്‍ 15 ഗോളുമുണ്ടായി. ഒരു മത്സരം ബാക്കിയുള്ള ആറാം റൗണ്ടില്‍ 15 ഗോളുകള്‍ വന്നു. ഈസ്റ്റ് ബംഗാള്‍-ഒഡീഷ മത്സരത്തില്‍ പത്ത് ഗോളുകളാണ് പിറന്നത്.
Content Highlights: Teams are scoring many goals in Indian Super League football 2021-2022 season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..