Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയെ സമനിലയില്‍ തളച്ച് എസ്.സി ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഈസ്റ്റ് ബംഗാളിനായി ആമിര്‍ ഡെര്‍വിസേവിച്ചും ഹൈദരാബാദിനുവേണ്ടി ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയും ലക്ഷ്യം കണ്ടു.
ഈ സമനിലയോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയന്റാണ് ഹൈദരാബാദിനുള്ളത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും വിജയം നേടാനാവാതെ അവസാന സ്ഥാനത്ത് തുടരുന്നു. പുതിയ സീസണില്‍ ഒരു വിജയം പോലും നേടാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല.
മത്സരത്തിന്റെ ആദ്യ പത്തുമിനിട്ടിനുള്ളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹൈദരാബാദിനും ഈസ്റ്റ് ബംഗാളിനും സാധിച്ചില്ല. 12-ാം മിനിട്ടില്‍ ഹൈദരാബാദിന്റെ ജോയല്‍ ചിയാനീസിന്റെ ഗോള്‍ശ്രമം ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ വിഫലമാക്കി.
20-ാം മിനിട്ടില്‍ ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട് ഈസ്റ്റ് ബംഗാള്‍ വലകുലുക്കി. ആദ്യ ശ്രമത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ടാണ് ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ലീഡെടുത്തത്. സൂപ്പര്‍ താരം ആമിര്‍ ഡെര്‍വിസേവിച്ച് ഈസ്റ്റ് ബംഗാളിനായി വലകുലുക്കി. 20-ാം മിനിട്ടില്‍ ഹൈദരാബാദ് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഈസ്റ്റ് ബംഗാളിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. ഡെര്‍വിസേവിച്ചാണ് കിക്കെടുത്തത്.
സ്ലോവാക്യന്‍ താരത്തിന്റെ ഫ്രീകിക്ക് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. അനായാസം രക്ഷിക്കാന്‍ കഴിയാവുന്ന ഷോട്ടാണ് കട്ടിമണിയുടെ അശ്രദ്ധ മൂലം ഗോളായി മാറിയത്. ഇതോടെ ഹൈദരാബാദ് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. ഹൈദരാബാദ് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്താനാണ് ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചത്. കൗണ്ടര്‍ അറ്റാക്കുകളില്‍ മാത്രമാണ് ഈസ്റ്റ് ബംഗാള്‍ ശ്രദ്ധ ചെലുത്തിയത്.
35-ാം മിനിട്ടില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നേറിയെങ്കിലും ഡാനിയേല്‍ ചുക്വുവിന് ലക്ഷ്യം കാണാനായില്ല. എന്നാല്‍ തൊട്ടടുത്ത ആക്രമണത്തില്‍ ഹൈദരാബാദ് ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി വല കുലുക്കിയത്.
35-ാം മിനിട്ടില്‍ ബോക്‌സിനകത്തേക്ക് അനികേത് ജാദവ് നല്‍കിയ മനോഹരമായ ക്രോസ് സ്വീകരിച്ച ഓഗ്‌ബെച്ചെ മികച്ച ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഹൈദരാബാദ് ക്യാമ്പ് ആവേശത്തിലിരമ്പി. മത്സരം ആവേശത്തിലേക്കുയര്‍ന്നു.
40-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ റഫീഖ് ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഹൈദരാബാദ് ക്രോസ് ബാറിലിടിച്ച് തെറിച്ചു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹൈദരാബാദിന്റെ എഡു ഗാര്‍സിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയേക്കാള്‍ കടുത്ത ആക്രമണമാണ് ഹൈദരാബാദ് രണ്ടാം പകുതിയില്‍ അഴിച്ചുവിട്ടത്. 53-ാം മിനിട്ടിലും ഗാര്‍സിയയ്ക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
രണ്ടാം പകുതിയില്‍ ഉടനീളം ഹൈദരാബാദാണ് ആധിപത്യം പുലര്‍ത്തിയത്. പക്ഷേ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. 83-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരം ബല്‍വന്ത് സിങ്ങിന്റെ ഹെഡ്ഡര്‍ ഹൈദരാബാദ് ക്രോസ്ബാറിലുരുമ്മി കടന്നുപോയി. പിന്നീട് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഹൈദരാബാദിനും ഈസ്റ്റ് ബംഗാളിനും സാധിച്ചില്ല.
Content Highlights: SC East Bengal vs Hyderabad FC ISL 2021-2022 match live updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..