Photo: twitter.com|IndSuperLeague
തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഒഡിഷ എഫ്.സി. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും നോര്‍ത്ത് ഈസ്റ്റിന് വിജയം നേടാനായില്ല. ഒഡിഷയ്ക്ക് വേണ്ടി ജൊനാതാസ് ക്രിസ്റ്റ്യനാണ് വിജയ ഗോള്‍ നേടിയത്.
സുവര്‍ണാവസരങ്ങള്‍ ഏറെ ലഭിച്ചിട്ടും അതൊന്നും മുതലാക്കാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. ഈ വിജയത്തോടെ ഒഡിഷ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച്മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.
മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ കോറിയറിന് മികച്ച അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് കോറിയര്‍ തൊടുത്ത ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയി. പിന്നാലെ ഏഴാം മിനിട്ടില്‍ മലയാളി താരം സുഹൈറിന്റെ ഹെഡ്ഡര്‍ ഒഡിഷ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് കൈയിലൊതുക്കി. ആദ്യ മിനിട്ടുകളില്‍ ഒഡിഷയ്ക്ക് മേല്‍ മികച്ച ആധിപത്യം പുലര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു.
17-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ച് ഒഡിഷ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഒഡിഷയുടെ അരിഡായ് സുവാരസിന്റെ ഫ്രീകിക്ക് ക്രോസ് ബാറിലിടിച്ച് തെറിച്ചു. നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പറും മലയാളിയുമായ മിര്‍ഷാദിന്റെ തകര്‍പ്പന്‍ സേവാണ് സുവാരസിന്റെ ഷോട്ട് ഗോളാക്കാതിരുന്നത്.
34-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് ഹാവി ഹെര്‍ണാണ്ടസ് കുതിച്ചെത്തിയെങ്കിലും മുന്നോട്ട് കയറി വന്ന് പന്ത് പിടിച്ചെടുത്ത് മിര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകനായി. 39-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഡെഷോണ്‍ ബ്രൗണ്‍ പന്തുമായി അതിവേഗത്തില്‍ ബോക്‌സിലേക്ക് കടന്നെങ്കിലും താരത്തിന്റെ ഫിനിഷിങ് പാളി. പന്ത് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി.
44-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ചാരയ്ക്ക് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ ഗോളടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.
ആദ്യപകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും നോര്‍ത്ത് ഈസ്റ്റാണ് ആക്രമണങ്ങളില്‍ മുന്നില്‍ നിന്നത്. എന്നാല്‍ 55-ാം മിനിട്ടില്‍ ഒഡിഷയുടെ ഹാവി ഹെര്‍ണാണ്ടസിന് മത്സരത്തിലെ ഏറ്റവും മികച്ച ഗോളവസരങ്ങളിലൊന്ന് ലഭിച്ചു. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്യേണ്ട ആവശ്യമേ ഹെര്‍ണാണ്ടസിനുണ്ടായിരുന്നുള്ളൂ. ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നിന്നിട്ടും ഓപ്പണ്‍ പോസ്റ്റിലേക്ക് കൃത്യമായി ഹെഡ്ഡ് ചെയ്ത് ഗോളടിക്കാന്‍ ഹെര്‍ണാണ്ടസിന് സാധിച്ചില്ല.
61-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ കോറിയര്‍ക്ക് തുറന്ന പോസ്റ്റിലേക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഹെഡ്ഡര്‍ പോസ്റ്റിന് പുറത്തേക്ക് പോയി. 69-ാം മിനിട്ടില്‍ കോറിയറിന്റെ ഫ്രീകിക്ക് ഒഡിഷ ബോക്‌സിന് മുകളിലൂടെ പറന്നു.
ഒടുവില്‍ സമനിലപ്പൂട്ട് പൊളിച്ച് ഒഡിഷ മത്സരത്തില്‍ ലീഡെടുത്തു. 81-ാം മിനിട്ടില്‍ ജൊനാതാസ് ക്രിസ്റ്റ്യനാണ് ഒഡിഷയ്ക്ക് വേണ്ടി വലകുലുക്കിയത്. പന്തുമായി മുന്നേറി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് തൊയ്ബ സിങ് നല്‍കിയ ക്രോസാണ് ഗോളിന് വഴിവെച്ചത്. തൊയ്ബയുടെ ക്രോസിന് തല വെച്ച ജൊനാതാസ് പന്ത് വലയിലെത്തിച്ചു. ജൊനാതാസിന്റെ ഹെഡ്ഡര്‍ ഗ്രൗണ്ടില്‍ കുത്തിയുയര്‍ന്ന് വലയില്‍ കയറുകയായിരുന്നു. ഇതോടെ മത്സരം ഒഡിഷയുടെ വരുതിയിലായി. വൈകാതെ ഒഡിഷ മത്സരം സ്വന്തമാക്കി.
Content Highlights: Noth East United vs Odisha FC ISL 2021-2022 live updates


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..