Photo: twitter.com/IndSuperLeague
തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയെ അട്ടിമറിച്ച് ഒഡിഷ എഫ്.സി. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി മാവിമിങ്താങയുടെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ അറിഡായ് സുവാരസും ജൊനാതാസ് ക്രിസ്റ്റിയനും ലക്ഷ്യം കണ്ടു. മുംബൈയ്ക്ക് വേണ്ടി ഇഗോര്‍ അംഗൂളോയും അഹമ്മദ് ജാഹുവും ലക്ഷ്യം കണ്ടു. തോല്‍വിയുടെ വക്കില്‍ നിന്ന് പിടിച്ചുകയറിയാണ് ഒഡിഷ മുംബൈ സിറ്റിയെ തകര്‍ത്തത്. രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിവെക്കുകയും ചെയ്ത ജെറിയാണ് ഒഡിഷയുടെ വിജയശില്പി.
ഈ വിജയത്തോടെ ഒഡിഷ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 13 പോയന്റ് നേടി ഏഴാം സ്ഥാനത്തെത്തി. തോറ്റെങ്കിലും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.
മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഒഡിഷയാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ അറിഡായ് സുവാരസ് ഒഡിഷയെ മുന്നിലെത്തിച്ചു. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ഗോള്‍ വഴങ്ങിയതോടെ മുംബൈ ഉണര്‍ന്നു. അതിന്റെ ഫലമായി 11-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ അഹമ്മദ് ജാഹു ഒരു ഗോള്‍ തിരിച്ചടിച്ച് മുംബൈയ്ക്ക് സമനില നേടിക്കൊടുത്തു. മികച്ച ലോങ്റേഞ്ചറിലൂടെയാണ് ജാഹു വലകുലുക്കിയത്. ഇതോടെ സ്കോര്‍ 1-1 ആയി.
പക്ഷേ, ഗോളടിച്ചിട്ടും മുംബൈയുടെ ആക്രമണത്തിന് കുറവുവന്നില്ല. 38-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് മുംബൈ മത്സരത്തില്‍ ലീഡെടുത്തു. ഇത്തവണ സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയാണ് ഗോളടിച്ചത്. താരത്തിന്റെ സീസണിലെ എട്ടാം ഗോളാണിത്. അഹമ്മദ് ജാഹുവാണ് ഗോളിനുള്ള വഴിയൊരുക്കിയത്. ജാഹുവിന്റെ ഫ്രീകിക്കിന് കൃത്യമായി തലവെച്ച അംഗൂളോ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ മുംബൈ 2-1 ന് മുന്നിട്ടുനിന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. അതിശക്തമായ ആക്രമണത്തോടെ ഒഡിഷ കളംനിറഞ്ഞതോടെ മുംബൈ പ്രതിരോധം വിയര്‍ത്തു. വിജയമുറപ്പിച്ച മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് 70-ാം മിനിറ്റില്‍ ഒഡിഷ സമനില ഗോള്‍ നേടി. ജെറി മാവിമിങ്താങയാണ് ഒഡിഷ്ക്ക് വേണ്ടി ഗോളടിച്ചത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്.
മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും വീണ്ടും വെടിപൊട്ടിച്ച് ജെറി മുംബൈ സിറ്റിയെ തകര്‍ത്തു. 77-ാം മിനിറ്റില്‍ മികച്ചൊരു ഷോട്ടിലൂടെ ജെറി ഒഡിഷയ്ക്ക് വേണ്ടി മൂന്നാം ഗോളടിച്ചു. ജൊനാതാസ് ക്രിസ്റ്റിയന്‍ ബോക്സിനകത്തേക്ക് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച ജെറി മികച്ച ഫിനിഷില്‍ പന്ത് വലയിലെത്തിച്ചു. ഇതോടെ മുംബൈ തകര്‍ന്നു.
പിന്നാലെ 88-ാം മിനിറ്റില്‍ ജൊനാതാസ് കൂടി ഗോള്‍ നേടിയതോടെ ഒഡിഷ വിജയമുറപ്പിച്ചു. ജെറിയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. മുംബൈ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മുന്നേറിയ ജെറിയുടെ ക്രോസില്‍ കാല് വെയ്ക്കേണ്ട ആവശ്യമേ ജൊനാതാസിന് വേണ്ടിവന്നുള്ളൂ. ഗോള്‍കീപ്പര്‍ നവാസ് ജൊനതാസിനെ തടയാന്‍ നോക്കിയെങ്കിലും അതിനുമുന്‍പ് പന്ത് വലയിലെത്തി. പിന്നാലെ ഒഡിഷ മത്സരത്തില്‍ വിജയം നേടുകയും ചെയ്തു.
Content Highlights: Mumbai City FC vs Odisha FC ISL 2021-2022 match result
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..