Photo: twitter.com|IndSuperLeague
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നില്‍ ശക്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനായി ഡെഷോണ്‍ ബ്രൗണ്‍ ഹാട്രിക്ക് നേടി. മുംബൈയ്ക്ക് വേണ്ടി ഇഗോര്‍ അംഗൂളോ ഇരട്ട ഗോളടിച്ചപ്പോള്‍ ബിപിന്‍ സിങ്ങും ലക്ഷ്യം കണ്ടു.
ഈ സമനിലയോടെ മുംബൈ എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് മുംബൈ ആയിരുന്നെങ്കിലും ആദ്യ ഗോളടിച്ചത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്. മുംബൈ ആക്രമണങ്ങളുടെ മുനയൊടിച്ചുകൊണ്ട് മത്സരത്തിന്റെ 29-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് മത്സരത്തില്‍ ലീഡെടുത്തു. സൂപ്പര്‍ താരം ഡെഷോണ്‍ ബ്രൗണാണ് ഹൈലാന്‍ഡര്‍മാര്‍ക്ക് വേണ്ടി വലകുലുക്കിയത്.
ഇമ്രാന്‍ ഖാന്റെ അതിമനോഹരമായ ലോങ്പാസ് സ്വീകരിച്ച് മുംബൈ ബോക്‌സിനകത്തേക്ക് മുന്നേറിയ ബ്രൗണ്‍ ഗോള്‍കീപ്പര്‍ നവാസിനെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ നോര്‍ത്ത് ഈസ്റ്റ് ക്യാമ്പില്‍ ആഘോഷം അലയടിച്ചു.
എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ സന്തോഷത്തിന് വെറും അഞ്ചുമിനിട്ട് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ഗോള്‍ വഴങ്ങിയതോടെ സര്‍വം മറന്ന് ആക്രമിച്ച് കളിച്ച മുംബൈ 34-ാം മിനിട്ടില്‍ സമനില നേടി. സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്.
മികച്ച ടീം ഗെയിമിലൂടെയാണ് ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്ന് പന്തുമായി മുന്നേറിയ അഹമ്മദ് ജാഹു ബിപിന്‍ സിങ്ങിന് കൃത്യമായി പാസ് നല്‍കി. പാസ് ലഭിച്ചയുടന്‍ ബോക്‌സിലേക്ക് കുതിച്ച ബിപിന്‍ പ്രതിരോധതാരങ്ങള്‍ക്ക് അവസരം നല്‍കാതെ അംഗൂളോയ്ക്ക് പന്ത് മറിച്ചുനല്‍കി. പാസ് സ്വീകരിച്ച അംഗൂളോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചാന്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദ് ഓടിവന്നെങ്കിലും അനായാസം ലക്ഷ്യം കണ്ട് അംഗൂളോ നിലവിലെ ചാമ്പ്യന്മാര്‍ക്ക് സമനില ഗോള്‍ സമ്മാനിച്ചു.
ഒരു ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറുംമുന്‍പ് മുംബൈ വീണ്ടും ഗോളടിച്ച് നോര്‍ത്ത് ഈസ്റ്റിനെ തളര്‍ത്തി. ഇത്തവണ ബിപിന്‍ സിങ്ങാണ് ഗോളടിച്ചത്. മത്സരത്തിന്റെ 40-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇഗോര്‍ അംഗൂളോയുടെ പാസില്‍ നിന്നാണ് ബിപിന്‍ ഗോളടിച്ചത്. ബിപിന്റെ ദുര്‍ബലമായ ഷോട്ട് പിടിച്ചെടുക്കാന്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദ് പരാജയപ്പെട്ടു. വൈകാതെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ വീണ്ടും ഗോളടിച്ച് മുംബൈ ലീഡ് ഉയര്‍ത്തി. 52-ാം മിനിട്ടില്‍ ഇഗോര്‍ അംഗൂളോയാണ് ടീമിനായി മൂന്നാം ഗോളടിച്ചത്. നോര്‍ത്ത് ഈസ്റ്റ് ബോക്‌സിനകത്തേക്ക് പന്തുമായി മുന്നേറിയ കാറ്ററാവുവിനെ നേരിടാന്‍ ഗോള്‍കീപ്പര്‍ മിര്‍ഷാദ് മുന്നോട്ട് കയറിവന്നു. പന്ത് കൈയ്യിലാക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെ മിര്‍ഷാദ് പിന്നോട്ട് വലിഞ്ഞു. ഈ അവസരം മുതലാക്കിയ കാറ്ററ്റാവും പന്ത് അംഗൂളോയ്ക്ക് മറിച്ചുനല്‍കി. അനായാസം ഫിനിഷ് ചെയ്ത് അംഗൂളോ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി.
എന്നാല്‍ കീഴടങ്ങാന്‍ നോര്‍ത്ത് ഈസ്റ്റ് തയ്യാറല്ലായിരുന്നു. 55-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിക്കൊണ്ട് ഡെഷോണ്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിന് ആശ്വാസം പകര്‍ന്നു. കോറിയറുടെ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ബ്രൗണ്‍ അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു. 69-ാം മിനിട്ടില്‍ ബിപിന്‍ സിങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട് മിര്‍ഷാദ് അത്ഭുതകരമായി തട്ടിയകറ്റി.
മത്സരം മുംബൈ സ്വന്തമാക്കുമെന്ന് തോന്നിച്ച സമയത്താണ് ഇടിമിന്നല്‍ പോലെ ബ്രൗണ്‍ മൂന്നാം ഗോളടിച്ചത്. ഇത്തവണയും ഇമ്രാന്‍ ഖാനാണ് ഗോളിന് വഴിയൊരുക്കിയത്. ഇമ്രാന്റെ മനോഹരമായ പാസ് ഗോള്‍വലയിലേക്ക് ചെത്തിയിട്ടുകൊണ്ട് ബ്രൗണ്‍ ടീമിനായി മൂന്നാം ഗോളടിച്ചു. ഒപ്പം ഹാട്രിക്കും തികച്ചു. ഈ സീസണില്‍ ജംഷേദ്പുരിന്റെ അലക്‌സ് സ്റ്റ്യൂവര്‍ട്ടിന് ശേഷം ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് ബ്രൗണ്‍.
നോര്‍ത്ത് ഈസ്റ്റ് സമനില നേടിയതോടെ ആവേശം വാനോളമായി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. ഇരുടീമിലെ ഗോള്‍കീപ്പര്‍മാരും മികച്ച സേവുകളുമായി രക്ഷകരുടെ വേഷമണിഞ്ഞു. പിന്നീട് മുംബൈയ്ക്കും നോര്‍ത്ത് ഈസ്റ്റിനും വല കുലുക്കാന്‍ കഴിഞ്ഞില്ല. മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
Content Highlights: Mumbai City FC vs North East United ISL 2021-2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..