Photo: twitter.com|IndSuperLeague
ഫത്തോർഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ജംഷേദ്പുര്‍ എഫ്.സിയെ കീഴടക്കി മുംബൈ സിറ്റി എഫ്.സി. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് വേണ്ടി കാസിയോ ഗബ്രിയേല്‍, ബിപിന്‍ സിങ്, ഇഗോര്‍ അംഗൂളോ, വെഗോര്‍ കാറ്റാറ്റാവു എന്നിവര്‍ ലക്ഷ്യം കണ്ടു. ജംഷേദ്പുരിനായി കോമള്‍ തട്ടാലും എലി സാബിയയും ആശ്വാസ ഗോളുകള്‍ നേടി.
ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരമായതിനാല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ മുംബൈ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ നേടിക്കൊണ്ട് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള ജംഷേദ്പുര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ആക്രമിച്ച് കളിച്ച മുംബൈ എഫ്.സി. രണ്ടാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. കിക്കെടുത്ത അഹമ്മദ് ജാഹു ബോക്‌സിലേക്ക് പാസ് കൊടുക്കുന്നതിനുപകരം ബോക്‌സിന് പുറത്തുനിന്ന കാസിയോ ഗബ്രിയേലിന് പന്ത് കൈമാറി. പന്ത് സ്വീകരിച്ച കാസിയോ മഴവില്ലുപോലൊരു ഷോട്ട് പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. ഈ ഷോട്ടിന് ഇഗോര്‍ അംഗൂളോ തലവെയ്ക്കാന്‍ ശ്രമിച്ചതോടെ ഗോള്‍കീപ്പര്‍ രഹനേഷിന്റെ ശ്രദ്ധ മാറി. പന്ത് അംഗൂളോയുടെ തലയ്ക്ക് മുകളിലൂടെ പറന്ന് ഗോള്‍വലയില്‍ മുത്തമിട്ടു. രഹനേഷിന് ഇത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നാം മിനിട്ടില്‍ തന്നെ മുംബൈ മത്സരത്തില്‍ ലീഡെടുത്തു.
11-ാം മിനിട്ടില്‍ ജംഷേദ്പുരിന് ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത കോമള്‍ തട്ടാലിന് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
18-ാം മിനിട്ടില്‍ വീണ്ടും ഗോളടിച്ച് മുംബൈ ജംഷേദ്പുരിനെ ഞെട്ടിച്ചു. ഇത്തവണ ബിപിന്‍ സിങ്ങാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. ജംഷേദ്പുര്‍ പ്രതിരോധതാരം എലി സാബിയയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. എലി സാബിയ വരുത്തിയ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ കാസിയോ ഗബ്രിയേല്‍ പന്ത് ബിപിന്‍ സിങ്ങിന് കൈമാറി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ആവശ്യമേ ബിപിന്‍ സിങ്ങിന് ഉണ്ടായിരുന്നുള്ളു. ഇതോടെ മുംബൈ 2-0 ന് മുന്നിലെത്തി.
രണ്ട് ഗോള്‍ നേടിയിട്ടും മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ഒരുകുറവുമുണ്ടായില്ല. അതിന്റെ ഭാഗമായി 24-ാം മിനിട്ടില്‍ മുംബൈ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സൂപ്പര്‍താരം ഇഗോര്‍ അംഗൂളോയാണ് ഗോളടിച്ചത്. ഇത്തവണയും കാസിയോ ഗബ്രിയേലായിരുന്നു ഗോളിന്റെ പിന്നിലെ സൂത്രധാരന്‍. കാസിയോ ബോക്‌സിനകത്തേക്ക് നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച അംഗൂളോ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിച്ചു. രഹനേഷ് പരമാവധി ശ്രമിച്ചെങ്കിലും പന്ത് വലതുളച്ചു. ഇതോടെ മത്സരം 25 മിനിട്ട് പിന്നിടുമ്പോഴേക്കും മുംബൈ 3-0 ന് മുന്നിലെത്തി.
45-ാം മിനിട്ടില്‍ അംഗൂളോയ്ക്ക് കാസിയോയുടെ പാസില്‍ നിന്ന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ രഹനേഷ് കൈയ്യിലൊതുക്കി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ കളിച്ച ജംഷേദ്പുര്‍ 49-ാം മിനിട്ടില്‍ തന്നെ ഒരു ഗോള്‍ തിരിച്ചടിച്ചു. യുവതാരം കോമള്‍ തട്ടാലാണ് ടീമിനായി ലക്ഷ്യം കണ്ടത്. സ്റ്റിയൂവര്‍ട്ടിന്റെ പാസ് സ്വീകരിച്ച് മുംബൈ ബോക്‌സിനുള്ളിലേക്ക് കയറിയ കോമള്‍ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മനോഹരമായി പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലേക്കുണര്‍ന്നു.
പിന്നാലെ 55-ാം മിനിട്ടില്‍ രണ്ടാം ഗോളും നേടി ജംഷേദ്പുര്‍ മുംബൈ സിറ്റിയെ ഞെട്ടിച്ചു. ഇത്തവണ പ്രതിരോധ താരം എലി സാബിയയാണ് ഗോളടിച്ചത്. പ്രതിരോധതാരം റെന്ത്‌ലെയ് നല്‍കിയ പാസ് സ്വീകരിച്ച് ഗോള്‍പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്ത ജംഷേദ്പുര്‍ താരം ഇഷാന്‍ പണ്ഡിതയുടെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. പന്ത് സ്വീകരിച്ച എലി സാബിയ ഹെഡ്ഡറിലൂടെ അനായാസം പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരം 3-2 എന്ന സ്‌കോറിലേക്ക് നീങ്ങി. ഇരുടീമുകളും ആക്രമണങ്ങളുമായി കളം നിറഞ്ഞു.
മത്സരത്തില്‍ ജംഷേദ്പുര്‍ തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും ആ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് മുംബൈ നാലാം ഗോളടിച്ച് ലീഡുയര്‍ത്തി. പകരക്കാരനായി വന്ന വൈഗോര്‍ കാറ്റാറ്റാവുവാണ് മുംബൈയ്ക്ക് വേണ്ടി ഗോളടിച്ചത്. ജംഷേദ്പുര്‍ ബോക്‌സിനുള്ളിലേക്ക് വന്ന ലോങ് ഫ്രീകിക്ക് സ്വീകരിച്ച വൈഗോര്‍ തീയുണ്ട പോലെ വലയിലേക്ക് പന്തടിച്ചുകയറ്റി. ദുഷ്‌കരമായ ആംഗിളില്‍ നിന്നാണ് താരം ലക്ഷ്യം കണ്ടത്. ഇതോടെ മുംബൈ വിജയമുറപ്പിച്ചു.
79-ാം മിനിട്ടില്‍ ഗോളടിക്കാനുള്ള സുവര്‍ണാവസരം ജംഷേദ്പുരിന്റെ നെരിയസ് വാല്‍സ്‌കിസ് പാഴാക്കി. മുംബൈ പ്രതിരോധം ശക്തിപ്പെടുത്തിയതോടെ സമനില ഗോള്‍ നേടാനുള്ള ജംഷേദ്പുരിന്റെ എല്ലാ ശ്രമങ്ങളും പാഴായി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ മുംബൈയുടെ അഹമ്മദ് ജാഹു മികച്ച ലോങ്‌റേഞ്ചര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും അസാമാന്യമായ ഡൈവിലൂടെ രഹനേഷ് ആ ഷോട്ട് രക്ഷപ്പെടുത്തി. പിന്നാലെ റഫറി ഫൈനല്‍ വിസില്‍ മുഴക്കി.
Content Highlights: Mumbai City FC vs Jamshedpur FC ISL 2021-2022 live update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..