Photo: twitter.com/IndSuperLeague
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ തകര്‍ത്ത് ബെംഗളൂരു എഫ്.സി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു മുംബൈ സിറ്റിയെ നാണം കെടുത്തിയത്. ബെംഗളൂരുവിന് വേണ്ടി പ്രിന്‍സ് ഇബാറ ഇരട്ട ഗോളടിച്ചപ്പോള്‍ ഡാനിഷ് ഫാറൂഖും ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് ബെംഗളൂരുവിനുള്ളത്. എന്നാല്‍ തോല്‍വി വലിയ തിരിച്ചടിയാണ് മുംബൈയ്ക്ക് സമ്മാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുളള സുവര്‍ണാവസരം മുംബൈ പാഴാക്കി. 11 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുള്ള മുംബൈ പട്ടികയില്‍ രണ്ടാമതാണ്.
മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ബെംഗളൂരുവാണ് ആധിപത്യം പുലര്‍ത്തിയത്. അഹമ്മദ് ജാഹുവിനെയും ഗോള്‍കീപ്പര്‍ നവാസിനെയും ഇഗോര്‍ അംഗൂളോവിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് മുംബൈ പരിശീലകന് ബക്കിങ്ഹാം ടീമിനെ ഒരുക്കിയത്. അതുകൊണ്ടുതന്നെ പാസ്സിങ് ഗെയിമില്‍ ബെംഗളൂരു ഏറെ പിന്നാക്കം പോയി. ഇത് മുതലെടുത്ത ബെംഗളൂരു എട്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു.
ഡാനിഷ് ഫാറൂഖാണ് ബെംഗളൂരുവിന് വേണ്ടി വലകുലുക്കിയത്. മുംബൈ ബോക്സിനുള്ളില്‍ വെച്ച് ക്ലെയിറ്റണ് സില്‍വയ്ക്ക് ഗോളവസരം ലഭിച്ചെങ്കിലും മുംബൈയുടെ മൊര്‍ത്താദ ഫാള്‍ അപകടം ഒഴിവാക്കി. എന്നാല്‍ പന്ത് നേരെയെത്തിയത് ഡാനിഷിന്റെ കാലിലാണ്. ബോക്സിന് പുറത്തുനിന്ന് ഡാനിഷ് തൊടുത്ത ഷോട്ട് മുംബൈ ഗോള്‍വലയില്‍ കയറി.
23-ാം മിനിറ്റില്‍ പ്രിന്‍സ് ഇബാറ ബെംഗളൂരുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റോഷന് നാവോറമിന്റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഇബാറ ലക്ഷ്യം കണ്ടു. ഇതോടെ ബെംഗളൂരു ആദ്യ 25 മിനിറ്റില്‍ തന്നെ മത്സരം കൈയ്യിലാക്കി.
ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ വീണ്ടും ഗോളടിച്ച് ബെംഗളൂരു മുംബൈ സിറ്റിയെ തകര്‍ത്തു. ഇത്തവണയും പ്രിന്‍സ് ഇബാറ-റോഷന് കോംബോയാണ് ഗോള്‍ സമ്മാനിച്ചത്.
റോഷന്റെ കൃത്യമായ ക്രോസിന് തന്ത്രപൂര്‍വം തലവെച്ചുകൊണ്ട് ഇബാറ ബെംഗളൂരുവിന് 3-0 ന്റെ ലീഡ് സമ്മാനിച്ചു. ഇബാറയുടെ ഹെഡ്ഡര്‍ തടയാന്‍ ഫാള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ആദ്യ പകുതിയില്‍ ബെംഗളൂരു 3-0 ന് മുന്നിലെത്തി.
രണ്ടാം പകുതി മുഴുവന്‍ മുംബൈ സിറ്റിയാണ് കൈയ്യടക്കിയത്. എന്നിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. മുംബൈയുടെ ലാലങ്മാവിയ റാള്‍തെയുടെ ഗോളെന്നുറച്ച ഷോട്ട് ബെംഗളൂരു ഗോള്‍പോസ്റ്റിലിടിച്ച് തെറിച്ചു. ബിപിന്‍ സിങ്ങിനും പകരക്കാരനായി വന്ന ഇഗോര്‍ അംഗൂളോയ്ക്കും ഒന്നിലധികം സുവര്ണാവസരങ്ങള് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഇതോടെ മത്സരം ബെംഗളൂരു സ്വന്തമാക്കി.
Content HIghlights: Mumbai City FC vs Bengaluru FC ISL 2021-2022 match result
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..