Photo: twitter.com/IndSuperLeague
വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്ഭുക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്. അവസാന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്താണ് മഞ്ഞപ്പട വിജയമാഘോഷിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
പ്രതിരോധതാരങ്ങളായ നിഷുകുമാറും ഹര്‍മന്‍ജോത് ഖാബ്രയുമാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഖാബ്ര ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയന്റ് നേടിയാണ് മഞ്ഞപ്പട പട്ടികയില്‍ ഒന്നാമതെത്തിയത്. സീസണില്‍ ആദ്യമായി 20 പോയന്റ് നേടുന്ന ടീം എന്ന ഖ്യാതിയും കൊമ്പന്മാര് സ്വന്തമാക്കി. തോല്‍വിയറിയാതെ ബ്ലാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്സിന്റെ സര്‍വകാല റെക്കോഡ് കൂടിയാണിത്. മറുവശത്ത് തോല്‍വിയോടെ ഒഡിഷ എട്ടാം സ്ഥാനത്തേക്ക് വീണു. 10 മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് കോര്‍ണര്‍ നേടിയെടുത്ത് ഒഡിഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 19-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഖാബ്രയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി.
26-ാം മിനിറ്റില്‍ ഒഡിഷയ്ക്ക് മത്സരത്തിലെ ആദ്യ അവസരം തുറന്നുകിട്ടി. ഗോളടിയന്ത്രം ഹാവി ഹെര്‍ണാണ്ടസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് ഉഗ്രന്‍ സേവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റി.
നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് 28-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സീസണില്‍ ആദ്യമായി ആദ്യ ഇലവനില്‍ സ്ഥാനം നേടിയ പ്രതിരോധതാരം നിഷു കുമാറാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. അഡ്രിയാന്‍ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്സിനകത്തുവെച്ച് ഒഡിഷ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മഴവില്ലഴകില്‍ പന്ത് പോസ്റ്റിലേക്കടിച്ചു. ഗോള്‍കീപ്പര്‍ അര്‍ഷ്ദീപിന് ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
ഗോളടിച്ചിട്ടും ആക്രമിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഒഡിഷ പ്രതിരോധനിരയെ വെള്ളം കുടിപ്പിക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. വൈകാതെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. ഇത്തവണ പ്രതിരോധതാരം ഹര്‍മന്‍ജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്.
40-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. അഡ്രിയാന്‍ ലൂണയെടുത്ത മികച്ച ഫ്രീകിക്കിന് കൃത്യമായി തലവെച്ച ഖാബ്ര അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു. പന്തിനെ തലകൊണ്ട് തലോടിയ ഖാബ്രയുടെ ഹെഡ്ഡര്‍ തട്ടിയകറ്റാന്‍ അര്‍ഷ്ദീപ് നോക്കിയെങ്കിലും പന്ത് വലയിലെത്തി. രണ്ട് പ്രതിരോധ താരങ്ങള്‍ ഗോളടിച്ചതും മത്സരത്തിലെ പ്രധാന സവിശേഷതയായി. വൈകാതെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ആക്രമണത്തിന് ശക്തികൂട്ടാനാണ് ഒഡിഷ ശ്രമിച്ചത്. രണ്ടാം പകുതിയില്‍ ആദ്യ പകുതിയേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചു. 3-5-2 ഫോര്‍മേഷനിലാണ് ടീം രണ്ടാം പകുതിയില്‍ കളിച്ചത്.
എന്നാല്‍ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മികവില്‍ കുറവുണ്ടായില്ല. ആക്രമണത്തേക്കാള്‍ ഉപരിയായി പ്രതിരോധം ശക്തിപ്പെടുത്താനാണ് മഞ്ഞപ്പട ശ്രമിച്ചത്. 57-ാം മിനിറ്റില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ആല്‍വാരോ വാസ്ക്വസ് പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും അര്‍ഷ്ദീപ് പന്ത് കൈയ്യിലൊതുക്കി.
62-ാം മിനിറ്റില്‍ ജൊനാതാസിന്റെ ഗോളെന്നുറച്ച മികച്ച ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ ഗില്‍ തട്ടിയകറ്റി. 66-ാം മിനിറ്റില്‍ ജൊനാതാസ് വീണ്ടും പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡര്‍ പായിച്ചെങ്കിലും ഗില്‍ അനായാസം പന്ത് കൈയ്യിലാക്കി. 81-ാം മിനിറ്റില്‍ കേരളത്തിന്റെ പൂട്ടിയയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ ശബ്ദമുയര്‍ത്തിയതിന് ഇവാന് വുകോമനോവിച്ചിനും മഞ്ഞക്കാര്‍ഡ് കിട്ടി.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. 86-ാം മിനിറ്റില്‍ വാസ്ക്വസ് മികച്ച ഫ്രീകിക്ക് തൊടുത്തെങ്കിലും പന്ത് ഒഡിഷ ബോക്സിനെ തൊട്ടുരുമ്മി കടന്നുപോയി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രംബാക്കിനില്ക്കേ വാസ്ക്വസിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ താരത്തിന് സാധിച്ചില്ല. അനായാസം സ്കോര്‍ ചെയ്യാവുന്ന അവസരമാണ് താരം പാഴാക്കിയത്. വൈകാതെ മത്സരം മഞ്ഞപ്പട സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: Kerala Blasters vs Odisha FC ISL 2021-2022 match updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..