Photo: twitter.com/IndSuperLeague
വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ച് എഫ്.സി.ഗോവ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിനുവേണ്ടി ജീക്സണ് സിങ്ങും അഡ്രിയാന്‍ ലൂണയും ഗോളടിച്ചപ്പോള്‍ ഗോവയ്ക്ക് വേണ്ടി ഓര്‍ഗെ ഓര്‍ട്ടിസും എഡു ബേഡിയയും സ്കോര്‍ ചെയ്തു. രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ കുരുങ്ങിയത്.
ഈ സമനിലയോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുള്ള ഗോവ ഒന്‍പതാം സ്ഥാനത്താണ്. ഇതോടെ തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഈ മത്സരത്തിലും റഫറിയിങ്ങിന്റെ നിലവാരത്തകര്‍ച്ച പ്രകടമായിരുന്നു.
ആദ്യ മിനിറ്റ് തൊട്ട് ബ്ലാസ്റ്റേഴ്സ് ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സഹല്‍ അബ്ദുള്‍ സമദിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. വാസ്ക്വസിന്റെ അതിമനോഹരമായ പാസ് സ്വീകരിച്ച് സഹല്‍ മുന്നേറിയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
പക്ഷേ പത്താം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ലീഡെടുത്തു. യുവതാരം ജീക്സണ് സിങ്ങാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. അഡ്രിയാന്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് മികച്ച ഹെഡ്ഡറിലൂടെ ജീക്സണ് ഗോവന്‍ വലയിലെത്തിച്ചു. ഗോവന്‍ പ്രതിരോധത്തിന് ഈ ഹെഡ്ഡര്‍ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഗോള്‍ വഴങ്ങിയ ശേഷമാണ് ഗോവന്‍ മുന്നേറ്റനിര ഉണര്‍ന്നത്. സമനില ഗോള്‍ നേടാനായി ഗോവ ഉണര്‍ന്നു കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതെല്ലാം വിഫലമാക്കി. 20-ാം മിനിറ്റില്‍ പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡുയര്‍ത്തി. അത്ഭുതഗോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ലൂണ ലക്ഷ്യം കണ്ടത്. 35 മീറ്റര്‍ ദൂരെനിന്ന് ലൂണ തൊടുത്തുവിട്ട ഷോട്ട് ഗോവന്‍ പോസ്റ്റിലേക്ക് പറന്നിറങ്ങി പോസ്റ്റിലിടിച്ച് വലയില്‍ കയറി. സ്ഥാനം തെറ്റിനിന്ന ഗോള്‍കീപ്പര്‍ ധീരജിന് പന്ത്് തട്ടിയൊഴിവാക്കാന്‍ സാധിച്ചില്ല. ഇതോടെ കേരളം 20 മിനിറ്റിനുള്ളില്‍ തന്നെ 2-0ന് മുന്നിലെത്തി.
എന്നാല്‍ തളരാന്‍ ഗോവ തയ്യാറല്ലായിരുന്നു. 24-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഗോവ മത്സരം ആവേശത്തിലാഴ്ത്തി. ഓര്‍ഗെ ഓര്‍ട്ടിസാണ് ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. സാവിയര്‍ ഗാമയുടെ മനോഹരമായ പാസ് സ്വീകരിച്ച ഓര്‍ട്ടിസ് ഗോള്‍കീപ്പര്‍ ഗില്ലിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
33-ാം മിനിറ്റില്‍ സഹലിന് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. ഗോള്‍പോസ്റ്റിന് മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഹെഡ്ഡര്‍ അവസരം ലഭിച്ചെങ്കിലും സഹലിന്റെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് ഗോവ രണ്ടാം ഗോളടിച്ച് സമനില നേടി. ഇത്തവണ എഡി ബേഡിയയാണ് ഗോള്‍ നേടിയത്. ഒളിമ്പിക് ഗോളിലൂടെ ബേഡിയ ഏവരെയും അത്ഭുതപ്പെടുത്തി. കോര്‍ണര്‍ കിക്ക് നേരിട്ട് ഗോള്‍വലയിലെത്തിച്ചാണ് എഡു ബേഡിയ വലകുലുക്കിയത്. ഇതോടെ മത്സരം 2-2 എന്ന നിലയിലായി.
40-ാം മിനിറ്റില്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് മത്സരത്തില്‍ കല്ലുകടിയായി. അതിന്റെ ഭാഗമായി ഗോവയുടെ ഗ്ലാന്‍ മാര്‍ട്ടിന്‍സിനും ബ്ലാസ്റ്റേഴ്സിന്റെ ലെസ്കോവിച്ചിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ലെസ്കോവിച്ചിന് മഞ്ഞക്കാര്‍ഡ് നല്‍കിയത് വിവാദത്തിന് വഴിവെച്ചു. വൈകാതെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ 47-ാം മിനിറ്റില്‍ ഗോവയുടെ ഓര്‍ഗെ ഓര്‍ട്ടിസിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 57-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളില്‍ വെച്ച് ഓര്‍ഗെ ഓര്‍ട്ടിസിനെ ബിജോയ് വീഴ്ത്തിയെങ്കിലും റഫറി ഓര്‍ട്ടിസിന് മഞ്ഞക്കാര്‍ഡ് നല്‍കിയത് വിവാദമായി. റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരത്തില്‍ കല്ലുകടിയായി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിനേക്കാളും മികച്ച ആക്രമണഫുട്ബോള്‍ കാഴ്ചവെച്ചത് ഗോവയായിരുന്നു.
67-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ചെഞ്ചോയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും പന്ത് കൈവശം വെയ്ക്കുന്നതില്‍ താരം പരാജയപ്പെട്ടു. 75-ാം മിനിറ്റില്‍ ഗോവയുടെ ദേവേന്ദ്ര മുര്ഗാവോന്കര്ക്ക് ഗോളടിക്കാനുള്ള അവസരം ലഭിച്ചു. പക്ഷേ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ദേവേന്ദ്രയുടെ ഷോട്ട് കൈയ്യിലൊതുക്കി അപകടം ഒഴിവാക്കി.
87-ാം മിനിറ്റില്‍ എഡു ബേഡിയയുടെ ഗോളെന്നുറച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ക്രോസ് ബാറിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ 89-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വാസ്ക്വെസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇന്‍ജൂറി ടൈമില്‍ ഗോവയ്ക്ക് ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളായി മാറിയില്ല. മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Kerala Blasters vs FC Goa ISL 2021-2022 live updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..