Photo: twitter.com/IndSuperLeague
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സെമി ഫൈനല്‍ മത്സരം കളിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ജംഷേദ്പുരിന്റെ വരവ്. എന്നാല്‍ ഐ.എസ്.എല്ലിലെ സെമി ഫൈനല്‍ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനുള്ള മേല്‍ക്കൈ ജംഷേദ്പുരിന് തലവേദന നല്‍കുന്നു. ഇതുവരെ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല. രണ്ട് തവണ സെമിയിലെത്തിയപ്പോഴും വിജയത്തിന്റെ അകമ്പടിയോടെ ടീം ഫൈനലിലെത്തി.
കേരള ബ്ലാസ്റ്റേഴ്സ് ഇതിനുമുമ്പ് കളിച്ച രണ്ട് സെമിഫൈനലുകള്‍ നാടകീയതയും അവസാനനിമിഷംവരെ ആവേശം നിറഞ്ഞതുമായിരുന്നു. ഒരു സെമിഫൈനല്‍ എക്സ്ട്രാ ടൈമിലും മറ്റൊന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലുമാണ് അവസാനിച്ചത്. രണ്ടിലും ജയം ടീമിനൊപ്പമായിരുന്നു.
2014-ലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഐ.എസ്.എല്‍ സെമിയിലെത്തിയത്. പ്രഥമ ഐ.എസ്.എല്‍. സെമിഫൈനലില്‍ ചെന്നൈയിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ആദ്യപാദത്തില്‍ കൊച്ചിയില്‍ 3-0ത്തിന് ജയിച്ച് ബ്ലാസ്റ്റേഴ്സ് മുന്‍തൂക്കം നേടി. എന്നാല്‍, രണ്ടാം പാദത്തിന്റെ നിശ്ചിതസമയത്ത് ചെന്നൈയിന്‍ 3-0 ത്തിന് ജയിച്ച് തിരിച്ചടിച്ചു. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒടുവില്‍ 117-ാം മിനിറ്റില്‍ സ്റ്റീഫന്‍ പിയേഴ്സന്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു.
2016-ലാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ കളിച്ചത്. ഇത്തവണ ഡല്‍ഹി ഡൈനാമോസായിരുന്നു എതിരാളി. കൊച്ചിയിലെ ആദ്യപാദത്തില്‍ 1-0ത്തിന് ജയിച്ച് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാല്‍, രണ്ടാംപാദത്തില്‍ ഡല്‍ഹി 2-1ന് ജയിച്ചതോടെ ഗോള്‍നില തുല്യമായി. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും തീരുമാനമായില്ല. ഒടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു. ഷൂട്ടൗട്ടില്‍ ഡല്‍ഹിയുടെ മൂന്ന് കിക്കുകളും പാഴായി. ബ്ലാസ്റ്റേഴ്സ് നാലില്‍ മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു.
Content Highlights: kerala blasters third semi final match in indian super league


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..