നടക്കുന്നത് സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാകാതെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍


അനീഷ് പി. നായര്‍

Photo: twitter.com|IndSuperLeague

കോഴിക്കോട്: ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇപ്പോള്‍ സ്വപ്നലോകത്താണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ സംഭവിക്കുന്നത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാത്ത അവസ്ഥ. അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന കളിയാണ് ടീം പുറത്തെടുക്കുന്നത്. ഒപ്പം തുടര്‍വിജയങ്ങളും.

കഴിഞ്ഞ ഏഴുസീസണുകളില്‍ ആരാധകരുടെ മനംനിറയ്ക്കുന്ന കളി ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് അപൂര്‍വമായി മാത്രം. എന്നാല്‍, എട്ടാം സീസണില്‍ പിന്നിട്ട ഏഴുമത്സരങ്ങളിലും ടീം നന്നായി കളിച്ചു. ചെന്നൈയിനെതിരേ ഇതുവരെ കാണാത്ത, ഹൈപ്രസ്സിങ്ങും പാസിങ് ഗെയിമും ടാക്റ്റിസുമുള്ള ടീമിനെ കണ്ടു.

പ്രതിരോധിക്കുമ്പോള്‍ 5-3-2 ശൈലിയിലിലേക്കും ആക്രമണത്തിന് 3-5-2 ശൈലിയിലേക്കും മാറുന്ന ഗെയിംപ്ലാനാണ് ചെന്നൈയിന്റേത്. ആറുകളിയിലും അവരുടെ തന്ത്രം വിജയമായിരുന്നു. മൂന്നുജയവും രണ്ടുസമനിലയും അവര്‍ക്ക് സ്വന്തമായിരുന്നു. വഴങ്ങിയത് നാലുഗോളുകള്‍ മാത്രം. ഇതുവരെയുള്ള കളികളിലൊന്നും ഒന്നിലേറെ ഗോളുകള്‍ വഴങ്ങിയിട്ടില്ല. ബ്ലാസ്റ്റേഴ്സിനെതിരേയും അവര്‍ ഇതേ തന്ത്രം പുറത്തെടുത്തു. പ്രതിരോധമാണ് ചെന്നൈയിന്റെ നയമെന്ന് തിരിച്ചറിഞ്ഞ്, ശത്രുവിന്റെ മടയില്‍ ആക്രമിക്കുകയെന്ന ഗെയിംപ്ലാനാണ് ബ്ലാസ്റ്റേഴ്സ് നടപ്പാക്കിയത്. 4-4-2 ഫോര്‍മേഷന്റെ ആക്രമണരൂപമായ ഡയമണ്ട് ആകൃതിയിലാണ് ടീം കളിച്ചത്. ആദ്യ മിനിറ്റുമുതല്‍ ഹൈപ്രസ്സിങ് ഗെയിം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു. പാസിങ് ഗെയിമിനൊപ്പം ലോങ് ബോളുകളും എതിര്‍ ഹാഫിലേക്ക് എത്തിക്കൊണ്ടിരുന്നു.

മുന്നേറ്റത്തില്‍ യോര്‍ഗെ ഡയസും അല്‍വാരോ വാസ്‌ക്വസും പൊസിഷന്‍ വെച്ചുമാറി കളിച്ചു. വിങ്ങര്‍മാരായ സഹല്‍ അബ്ദു സമദും അഡ്രിയന്‍ ലൂണയും ആക്രമണസമയത്ത് വിങ്ങുകളെ അധികം ഉപയോഗിക്കാതെ അകത്തേക്ക് കട്ടുചെയ്ത് കയറി കളിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജീക്സന്‍ സിങ്ങും സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ പുടിയയും പ്രതിരോധത്തിന് പ്രാധാന്യം നല്‍കി, പൊസിഷന്‍ സംരക്ഷിച്ച് കളിച്ചതുകൊണ്ടാണിത്. ഇരുവരും അധികം കയറി കളിക്കാതിരുന്നതോടെയുള്ള സ്‌പേസാണ് സഹലും ലൂണയും നന്നായി ഉപയോഗിച്ചത്. അതേസമയം, പന്ത് സ്വന്തം ഹാഫിലേക്ക് വരുമ്പോള്‍ ലൂണയും സഹലും പൊസിഷന്‍ സംരക്ഷിച്ച് കളിച്ചു. പന്ത് തിരിച്ചെടുക്കുന്നതില്‍ ഇരുവരും മികവുകാട്ടിയതോടെ ചെന്നൈയിന്റെ അതിവേഗ പ്രത്യാക്രമണം ഫലവത്തായില്ല.

ഡയസ് മുന്നേറ്റത്തില്‍ കഠിനാധ്വാനിയാണ്. വാസ്‌ക്വസ് ക്ലിനിക്കല്‍ ഫിനിഷറും. ലൂണ ഭാവനാസമ്പന്നന്‍. സഹല്‍ ഫൈനല്‍ തേഡില്‍ കൂടുതല്‍ അപകടകാരിയും. ഈ വ്യത്യസ്തതയാണ് ബ്ലാസ്റ്റേഴ്സിന്റെ നാല്‍വര്‍ സംഘത്തെ അപകടകാരികളാക്കുന്നത്. ഇതിനൊപ്പം ഉറച്ച പ്രതിരോധവുമുണ്ട്. മുംബൈയുടെ പേരുകേട്ട ആക്രമണത്തെ തടഞ്ഞ ടീം, ചെന്നൈയിനെതിരേയും ആ മികവു തുടര്‍ന്നു. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം എന്നിവര്‍ക്കൊപ്പം ജീക്‌സന്‍ സിങ്ങിന്റെ മികവും പ്രധാനമാണ്. ജീക്‌സന്‍ ടീമിന്റെ നിശ്ശബ്ദനായ പോരാളിയാണ്. മുംബൈക്കെതിരേ പന്ത് കൈവശംവെച്ച് എതിര്‍ ആക്രമണങ്ങളുടെ വേഗവും താളവും തെറ്റിക്കാനാണ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ശ്രമിച്ചതെങ്കില്‍ ഇക്കുറി ഹൈ പ്രസ്സിങ് ഗെയിം പുറത്തെടുത്ത് എതിരാളിയുടെ താളംതെറ്റിച്ചു.

Content Highlights: kerala blasters outplayed chennaiyin fc to extend unbeaten run

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented