Photo: twitter.com/KeralaBlasters
മഡ്ഗാവ്: ഐ.എസ്.എല്‍. ഫൈനലിലെ ഷൂട്ടൗട്ടില്‍ ഹൈദരാബാദിന് തുണയായത് ഗോള്‍കീപ്പര്‍ കട്ടിമണിയുടെ പരിചയസമ്പത്തും മുന്നൊരുക്കവും. മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ കട്ടിമണി വിജയശില്പിയും കളിയിലെ താരവുമായി. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ 90 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട് ഗോവക്കാരന് കട്ടിമണിക്ക്.
ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളുടെ കിക്കുകള്‍ കൃത്യമായി കണക്കുകൂട്ടി രക്ഷപ്പെടുത്താന്‍ സഹായിച്ചതും ഈ പരിചയസമ്പത്തുതന്നെ. ഇതിനൊപ്പം ഫൈനല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാനുള്ള ഹൈദരാബാദിന്റെ തന്ത്രത്തിനൊപ്പം കട്ടിമണിയും തയ്യാറെടുത്തിരുന്നെന്ന് സേവുകള്‍ വ്യക്തമാക്കുന്നു.
കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ കേരളതാരങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. 2016-ല്‍ ടീമിന് നേരിട്ട ഷൂട്ടൗട്ട് ദുരന്തം താരങ്ങളുടെ ഓര്‍മയിലെത്തിക്കാണും.
കിക്കെടുക്കാനുള്ള കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങള്‍ പിഴയ്ക്കുന്നതും കണ്ടു. പെനാല്‍ട്ടി കിക്ക് എടുത്തു പരിചയമുള്ള അല്‍വാരോ വാസ്ക്വസിനെയും യോര്‍ഗെ ഡയസിനെയും മത്സരസമയത്ത് പിന്‍വലിച്ചതോടെ കിക്കെടുക്കാന്‍ പരിചയസമ്പന്നരില്ലാതായി. യുവതാരങ്ങളായ നിഷുകുമാര്‍, അയുഷ് അധികാരി, ജീക്സന് സിങ് എന്നിവരെ നിയോഗിച്ച തീരുമാനം പാളി. ആയുഷിന് മാത്രമാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. ഇതിനൊപ്പം കളിസമയത്ത് മികച്ച ഗോള്‍കീപ്പര്‍ ഗില്‍ മികച്ച ഫോമിലായിരുന്നെങ്കിലും ഷൂട്ടൗട്ടില്‍ പരിചയസമ്പന്നനായ കരണ്‍ജിത്തിന് അവസരം ലഭിച്ചില്ല. യുവതാരങ്ങള്‍ക്ക് ഫൈനല്‍ പോലെയുള്ള വലിയ മത്സരത്തില്‍ ഷൂട്ടൗട്ടിനെ അതിജീവിക്കാന്‍ കഴിയാതെപോയത് ടീമിന് തിരിച്ചടിയായി.
ചെഞ്ചോ, ലൂണ, ഖാബ്ര തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ ഇരിക്കെ ആദ്യ കിക്കുകളെടുക്കാന് യുവതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത്. പരിചയസമ്പന്നനായ ലെസ്കോവിച്ച് ആദ്യ കിക്ക് പാഴാക്കിയപ്പോള്‍ തന്നെ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ ആത്മവിശ്വാസം കുറഞ്ഞു. ഫൈനലിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ആയുഷ് അധികാരിയ്ക്ക് മാത്രമാണ് സാധിച്ചത്. രണ്ടാമത് അവസരം ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതെപോയ നിഷു കുമാറും ഒട്ടും ആത്മവിശ്വാസമില്ലാതെ കിക്കെടുത്ത ജീക്സണുമെല്ലാം ബ്ലാസ്റ്റേഴ്സിന്റെ മോശം തീരുമാനങ്ങളായി.
ഹൈദരാബാദ് പരിചയസമ്പന്നരെയാണ് കിക്കെടുക്കാന്‍ നിയോഗിച്ചത്. അവരുടെ ആദ്യ മൂന്ന് കിക്കുകളും വിദേശതാരങ്ങളാണ് എടുത്തത്. നാലാം കിക്കെടുത്ത ഹാളിചരണ്‍ നര്‍സാറിക്ക് മത്സരപരിചയം ഏറെയുണ്ട്.
Content Highlights: kerala blasters isl 2021-2022 final vs hyderabad fc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..