Photo: twitter.com/ivanvuko19
മഡ്ഗാവ്: ഞായറാഴ്ച ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ താരങ്ങള്‍ തികയുമോ എന്ന് സംശയം പ്രകടിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.
ലീഗില്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കായി ടീം തയ്യാറെടുത്തിട്ടില്ലെന്നും താരങ്ങളെല്ലാം തന്നെ ക്വാറന്റീനിലായിരുന്നുവെന്നും അവര്‍ക്ക് കഴിഞ്ഞ ദിവസം വരെ മുറിക്ക് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ലെന്നും പരിശീലകന്‍ വ്യക്തമാക്കി. നാളെ കബഡി കളിക്കാനാണെങ്കില്‍ ഏഴോ എട്ടോ കളിക്കാരെ അണിനിരത്താം എന്നാല്‍ ഫുട്‌ബോള്‍ കളിക്കാനാവശ്യമായ താരങ്ങള്‍ ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളത്തെ മത്സരത്തിനു മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വുകോമനോവിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
താരങ്ങള്‍ക്കും പരിശീലകനടക്കമുള്ളവര്‍ക്കും കോവിഡ് ബാധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ച ബെംഗളൂരുവുമായി മത്സരമുണ്ടെങ്കിലും താരങ്ങളെല്ലാം തന്നെ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വുകോമനോവിച്ച് ചൂണ്ടിക്കാട്ടി.
''കഴിഞ്ഞ 15 ദിവസത്തിനിടെ ഇന്നലെ മാത്രമാണ് പുറത്തിറങ്ങാനായത്. ടീമിലെ ബാക്കിയുള്ളവരുടെ നിലവിലെ അവസ്ഥ അറിയില്ല. നാളെ ബെംഗളൂരുവിനെതിരേ ടീമിനെ കളത്തിലിറക്കാന്‍ സാധിക്കുമോ എന്നറിയില്ല.'' - അദ്ദേഹം പറഞ്ഞു.
''ഞങ്ങള്‍ കളിക്കാന്‍ തയ്യാറാണോ എന്നതൊന്നും ആരും തന്നെ കാര്യമാക്കുന്നില്ല. കളിക്കേണ്ടി വന്നാല്‍ എങ്ങനെയെങ്കിലും ഞങ്ങളുടെ 100 ശതമാനവും നല്‍കാന്‍ ശ്രമിക്കും. എന്നാല്‍ അതൊരു ഫുട്‌ബോള്‍ മത്സരത്തെ പോലെ തോന്നുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല.'' - വുകോമനോവിച്ച് വ്യക്തമാക്കി.
ബയോ ബബിള്‍ ആഡംബര തടവറയ്ക്ക് സമാനം
ഐഎസ്എല്‍ ബയോ ബബിള്‍ ആഡംബരം നിറഞ്ഞ തടവറയ്ക്ക് സമാനമാണെന്നും വുകോമനോവിച്ച് പറഞ്ഞു. ''ആഡംബര തടവറ പോലെയാണിത്. ഐഎസ്എല്‍ അധികൃതര്‍ അവരുടെ ചുമതല നിര്‍വഹിക്കുന്നുണ്ട്. ബയോ ബബിള്‍ സുരക്ഷിതമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. കളിക്കാറും ടീം ഒഫീഷ്യല്‍സും എല്ലാ നിബന്ധനകളും പാലിച്ചിട്ടും ബയോ ബബിള്‍ തകര്‍ന്നു. എല്ലാവരും രോഗബാധിതരാകുകയും ചെയ്തു. എന്നിട്ടും ലീഗ് കഴിയുന്നത് വരെ ഇവിടെ തുടരേണ്ട അവസ്ഥയാണ്. പ്രൊഫഷണല്‍സ് ആയതുകൊണ്ട് ഐഎസ്എല്‍ ആവശ്യപ്പെട്ടാല്‍ കളിക്കും. എന്നാല്‍ അവര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഒഡീഷ ക്യാമ്പില്‍ കോവിഡ് കേസുകള്‍ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും കളിയുമായി മുന്നോട്ട് പോയി. അക്കാരണത്താല്‍ തന്നെ ചങ്ങല പോലെ എല്ലാവരും രോഗബാധിതരായി. അത്തരം പിഴവുകള്‍ സംഭവിക്കരുതായിരുന്നു.'' - വുകോമനോവിച്ച് വ്യക്തമാക്കി.
Content Highlights: kerala blasters head coach ivan vukomanovic unsure about match against bengaluru fc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..