Photo: twitter.com/KeralaBlasters
സീസണിലെ ആറാമത്തെ മത്സരം, കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടുന്നു. ടീമിന്റെ ഘടനയില്‍ പരിശീലകന് ഇവാന് വുകോമാനോവിച്ച് വരുത്തിയ നിര്‍ണായകമാറ്റങ്ങള്‍ കളിയില്‍ പ്രതിഫലിച്ചു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ 3-0-ത്തിന് തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് കരയ്ക്കുകയറുമ്പോള് ടീമിന് ലഭിച്ചത് ജയവും ആത്മവിശ്വാസവും മാത്രമല്ല, മികച്ച ഒരു ആദ്യ ഇലവനെ കൂടിയായിരുന്നു. അന്ന് പരിശീലകന് വരുത്തിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് 21-കാരന് റുയ്വ ഹോര്‍മിപാമിന്റെ വരവായിരുന്നു.
കഴിഞ്ഞദിവസം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ജംഷേദ്പുരിനെ ബ്ലാസ്റ്റേഴ്സ് കീഴടക്കിയപ്പോള്‍ കളിയിലെ താരമായി തലയുയര്‍ത്തിയത് മണിപ്പുരില്‍നിന്നുള്ള ഈ പ്രതിരോധനിരതാരമായിരുന്നു. ഒരു കളിക്കാരന്റെ വരവ് ടീമിന്റെ വിജയഫോര്‍മുലയില്‍ നിര്‍ണായകമാകുന്നത് ഫുട്ബോളില്‍ പതിവുസംഭവമല്ലായിരിക്കാം. എന്നാല്‍, ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ അത്തരം കഥകള്‍ അധികമില്ല.
ആദ്യ അഞ്ചുകളിയില്‍ ഒരു ജയവും മൂന്ന് സമനിലയുമായി ഉഴറിയ ബ്ലാസ്റ്റേഴ്സിന് ഹോര്‍മിപാമിന്റെ പ്രകടനം നിര്‍ണായകമായത് ഫോര്‍മേഷനിലാണ്. സെന്‍ട്രല്‍ ഡിഫന്‍സില്‍ മാര്‍ക്കോ ലെസ്കോവിച്ചിനൊപ്പം ഇന്ത്യന്‍ യുവതാരം പതറാതെ കോട്ട കാത്തതോടെ മുന്നേറ്റനിരയില്‍ യോര്‍ഗെ ഡയസ്-അല്‍വാരോ വാസ്ക്വസ് സഖ്യത്തെ സ്ഥിരപ്പെടുത്താന്‍ പരിശീലകനായി. ഈ സഖ്യം പിന്നീടുള്ള ബ്ലാസ്റ്റേഴ്സ് കുതിപ്പില്‍ നിര്‍ണായകമായി. മുന്നേറ്റത്തില്‍ ക്ലച്ചുപിടിക്കാതിരുന്ന അഡ്രിയന്‍ ലൂണയെ പ്ലേമേക്കര്‍ റോളില്‍ പരീക്ഷിക്കാനും കഴിഞ്ഞു. അതോടെ പുടിയ- ജീക്്സന് സഖ്യം ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന്റെ നിയന്ത്രണമേറ്റെടുത്തു.
നാല് വിദേശതാരങ്ങള്ക്കുമാത്രം ഇലവനില്‍ കളിക്കാന്‍ അവസരമുള്ള ലീഗില്‍ ഹോര്‍മിപാം ഇവാന് വുകോമാനോവിച്ചിന് നല്‍കിയത് ശരിക്കുമൊരു വിജയഫോര്‍മുലയായിരുന്നു. യുവതാരം മാറിനില്ക്കുമ്പോള് മാത്രമാണ് സെന്‍ട്രല്‍ ഡിഫന്‍സില്‍ വിദേശതാരം സിപോവിച്ചിന് ആദ്യ ഇലവനില്‍ അവസരം ലഭിക്കുന്നത്.
ലീഗില്‍ 11 മത്സരം കളിച്ച താരം ഇതുവരെ ഒറ്റ മഞ്ഞകാര്‍ഡും കണ്ടിട്ടില്ല. കരിയറില്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലുമായി 41 മത്സരം കളിച്ചതില്‍ അഞ്ച് മഞ്ഞ മാത്രമാണ് താരത്തിനുള്ളത്. കാര്‍ഡുകള്‍ ഏറെ ലഭിക്കാന്‍ സാധ്യതയുള്ള സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിച്ചിട്ടാണിത്. മിനര്‍വ പഞ്ചാബ് അക്കാദമിയിലൂടെ വളര്‍ന്ന ഹോര്‍മിപാം ഇന്ത്യന്‍ ആരോസിനായും കളിച്ചിട്ടുണ്ട്.
Content Highlights: kerala blasters centre back player ruivah hormipam plays important role in team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..