കേരളാ ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുൽ | Photo: twitter.com|KeralaBlasters
ഇന്ത്യ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ എട്ടാം സീസണില്‍ കളിക്കുന്ന 11 ക്ലബ്ബുകളിലെ കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ ശരാശരി പ്രായം 25 വയസ്സാണ്. ചെറുപ്പത്തിന്റെ കാര്യത്തില്‍ ബെംഗളൂരു എഫ്.സി. മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. ബെംഗളൂരു സ്ക്വാഡിന്റെ ശരാശരി പ്രായം 24 വയസ്സാണ്. ഏറ്റവും പ്രായം കൂടിയ ടീമിനെ ഇറക്കുന്നത് കൊല്‍ക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും. 27.1 ആണ് ശരാശരി പ്രായം.
പരിചയസമ്പന്നരായ വിദേശതാരങ്ങളും ഇന്ത്യന്‍ ഫുട്ബോളിലെ ഒരുസംഘം യുവതാരങ്ങളും ചേര്‍ന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ടീം. മുന്‍കാലങ്ങളിലെപ്പോലെ കളിക്കുമുമ്പ് അമിതപ്രതീക്ഷ നല്‍കുകയും പിന്നീട് തകര്‍ന്നുപോകുകയും ചെയ്യുന്ന പതിവ് ടീം മാറ്റുമോയെന്ന് ആദ്യ കളിക്കുശേഷമേ പറയാന്‍ കഴിയുകയുള്ളൂ. സന്നാഹമത്സരങ്ങളിലെ പ്രകടനവും സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍സിന്റെ ശുഭപ്രതീക്ഷനല്കുന്ന വാക്കുകളും ആരാധകര്‍ക്ക് പ്രതീക്ഷനല്‍കുന്നു.

28 അംഗ ടീമിലെ 15 താരങ്ങള്‍ 25 വയസ്സില്‍ താഴെയുള്ളവരാണ്. ഇതില്‍ സഹല്‍ അബ്ദുസമദ്, കെ.പി. രാഹുല്‍, കെ. പ്രശാന്ത്, ഹോര്‍മിപാം, നിഷുകുമാര്‍, സഞ്ജീവ് സ്റ്റാലിന്, ഗിവ്സന്‍ സിങ്, ആയുഷ് അധികാരി, ജീക്സന് സിങ്, പുടിയ, വിന്‍സി ബാരറ്റോ എന്നിവര്‍ക്ക് മിക്കവാറും എല്ലാ കളിയിലും അവസരം ലഭിക്കുകയും ചെയ്യും.
അതേസമയം വിദേശതാരങ്ങളെല്ലാം പരിചയസമ്പന്നരും ശരാശരി 30 വയസ്സ് പ്രായമുള്ളവരുമാണ്. യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ലീഗിലെ ചെറുപ്പക്കാരായ പരിശീലകരിലൊരാളായ സെര്ബിയക്കാരന് ഇവാന് വുകോമാനോവിച്ച്.
Content Highlights: isl kerala blasters consists of young players in this season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..