.jpg?$p=8a7b7b1&f=16x10&w=856&q=0.8)
ബ്ലാസ്റ്റേഴ്സിന്റെ ഗോവൻ താരം ജെസൽ കാർനെയ്‌റോ | Photo: Mathrubhumi / Kerala Blasters
മഡ്ഗാവ്: സ്വദേശമായ കുര്‍ട്ടോറിമില്‍വെച്ച് കാണുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോവന്‍ താരം ജെസല്‍ കാര്‍നെയ്റോ ആവേശത്തിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ടീം കപ്പടിക്കുമെന്ന് ക്യാപ്റ്റന്‍കൂടിയായ താരം ഉറപ്പിച്ചുപറഞ്ഞു. പരിക്കുമൂലം ടീമില്‍ സീസണിലെ ഭൂരിഭാഗം കളികളും നഷ്ടമായ നായകന്‍ ഫൈനല്‍ പോരാട്ടത്തില്‍ ആവേശംപകരാന്‍ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ടീമിന്റെ വി.ഐ.പി. ബോക്സിലുണ്ടാകും. ജെസല്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
കൂടെയുണ്ട്, ആവേശം പകരാന്‍
ഫൈനലിനിറങ്ങുമ്പോള്‍ ടീമിനൊപ്പമുണ്ടാകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ബയോ ബബിള്‍ കഴിഞ്ഞതോടെ ഞായറാഴ്ച ടീമിനൊപ്പം ചേരും. ഇത്തവണ കിരീടം ഉറപ്പാണ്.
മാജിക്കില്ല, കഠിനാധ്വാനം
ടീമിന്റെ പ്രകടനം കഠിനാധ്വാനത്തില്‍നിന്നുണ്ടായതാണ്. വിദേശതാരങ്ങളും യുവതാരങ്ങളും ടീമിനായി ഒത്തിണക്കത്തോടെ കളിക്കുന്നു. ഇത്തവണ ടീമിലെത്തിയ വിദേശതാരങ്ങള്‍ മികച്ചവരും അതിലേറെ നല്ലവരുമാണ്. അവര്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുകയും അവരുടെ അനുഭവസമ്പത്ത് പകര്‍ന്നുനല്‍കുകയും ചെയ്യുന്നു.
ആരാധകരാണ് ശക്തി
കൊച്ചിയില്‍ ആരാധകരുടെ മുന്നില്‍ കളിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമാണ്. ആരാധകര്‍ ടീമിന്റെ വലിയ ശക്തിയാണ്. അവരുടെ മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയുന്നത് ടീമിന്റെ കരുത്തുകൂട്ടും.
രാഹുല്‍ ബ്രോ
ടീമില്‍ എല്ലാവരോടും നല്ല അടുപ്പമുണ്ട്. രാഹുല്‍, സഹല്‍, പ്രശാന്ത് എന്നിവരോട് അടുപ്പംകൂടും. ഗോകുലം ക്ലബ്ബിലേക്കുപോയ അബ്ദുള്‍ ഹക്കുവായിരുന്നു അടുത്തസുഹൃത്ത്. രാഹുലാണ് മലയാളം വാക്കുകള്‍ പഠിപ്പിക്കുന്നത്. താരങ്ങള്‍ മിക്കവരും വീട്ടില്‍വരാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..