അഡ്രിയാൻ ലൂണ | Photo: Kerala Blasters
ഐഎസ്എല്‍ സമ്മാനിച്ച ഏറ്റവും മറക്കാനാവാത്ത നിമിഷം ഏതാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. 'കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ബിഗ് സ്‌ക്രീനില്‍ എന്റെ പേര് എഴുതിക്കാണിച്ചപ്പോള്‍ ഗാലറിയില്‍ നിന്നുയര്‍ന്ന ആരവം'. ആ ആരവത്തിനും ആവേശത്തിനും ലൂണ മനോഹരമായൊരു സമ്മാനം തിരിച്ചുനല്‍കിയിരിക്കുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്ക് താളവും മുറുക്കവും നല്‍കി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന് കൈയടിക്കാതെ വയ്യ.
ട്രോളുമായി വരവേല്‍പ്പ്
തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഈ സീസണിലെ പുതിയ താരങ്ങളെ ട്രോളുമായാണ് വരവേറ്റത്. ഒരു യുറുഗ്വായ് താരം ടീമിലെത്തുന്നു എന്നു അറിഞ്ഞപ്പോഴും അതു കുറേ കേട്ടിട്ടുണ്ട് എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എന്നാല്‍ ലൂണയുടെ മികവിനെ അളന്നുനോക്കിയ ശേഷമുള്ള സൈനിങ്ങാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ടീം സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ്ന്‍കിസ് യാതൊരു സൂചനകളും നല്‍കാതെ താരത്തെ അപ്രതീക്ഷിതമായി ടീമിലെത്തിക്കുകയായിരുന്നു.
പ്രീ സീസണ്‍ മുതല്‍ ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായി ലൂണ തിളങ്ങി. സഹതാരങ്ങള്‍ക്ക് നിരന്തരം പ്രചോദനമായി കളത്തിലുണ്ടായിരുന്ന ലൂണ പക്ഷേ അന്നു ക്യാപ്റ്റനായിരുന്നില്ല. ഗോവക്കാരൻ ജെസല്‍ കാര്‍നെയ്‌റോ ആയിരുന്നു അന്ന് കേരള ടീമിന്റെ കപ്പിത്താന്‍. എന്നാല്‍ ജെസലിന് പരിക്കേറ്റതോടെ ആരെ ക്യാപ്റ്റനായി തിരഞ്ഞെടുക്കണമെന്നതില്‍ ടീം മാനേജ്‌മെന്റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതോടെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ലൂണയുടെ കൈയിലെത്തി.

ബ്ലാസ്റ്റേഴ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്
ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതിന് പിന്നില്‍ ലൂണയുടെ കാലുകളുടെ വിശ്രമമില്ലാത്ത ചലനങ്ങളുണ്ടായിരുന്നു. കീ പാസുകളും ത്രൂ ബോളിലും ലൂണ കാണിക്കുന്ന ലോകോത്തര മികവ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജാതകം കുറിക്കുന്നതില്‍ നിര്‍ണായകമായി.
സെമി ഫൈനലില്‍ ജംഷേദ്പുരിനെതിരായ രണ്ടാം പാദ സെമി ഫൈനലില്‍ ലൂണയുടെ ആ ഒരൊറ്റ ഗോള്‍ മതി അദ്ദേഹത്തിന്‍ന്റെ മികവ് നിര്‍ണയിക്കാന്‍. ആ സെറ്റ് പീസ് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സീസണില്‍ ഫൈനല്‍ വരെ ആറു ഗോളുകളാണ് 29-കാരന്‍ നേടിയത്. അവസരമൊരുക്കിയത് ഏഴെണ്ണത്തിലും.
എതിര്‍ പ്രതിരോധത്തെ കീറിമുറിച്ച് ലൂണ നല്‍കുന്ന പാസുകളും ലോങ് ക്രോസുകളും അല്‍വാരോ വാസ്‌കസിനും ജോര്‍ജ് ഡയസിനും ഗോളിലേക്കുള്ള വഴിയൊരുക്കി. മുന്നേറ്റത്തില്‍ വാസ്‌കസിനൊപ്പം അനായാസം കണ്ണിചേരാന്‍ കഴിയുന്നതിനൊപ്പം മധ്യനിരയില്‍ പുട്ടിയക്കൊപ്പം ചേര്‍ന്ന് ഒന്നാന്തരം നീക്കങ്ങളുമുണ്ടാക്കുന്നു. എവിടെവെച്ചും പ്രതിരോധത്തെ പിളര്‍ത്തി ബോക്‌സിലേക്ക് പാസുകള്‍ നല്‍കും. ബോക്‌സിനു പുറത്തെ ഏതു നീക്കത്തിലും അപകടം വിതയ്ക്കാനുള്ള കഴിവും ലൂണയ്ക്ക് സ്വന്തം. എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്സി ടീമുകള്‍ക്കെതിരായ ലൂണയുടെ ഫ്രീകിക്ക് ഗോളുകള്‍ അതിന് അടിവരയിടുന്നു.
മെല്‍ബണില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക്
യുറുഗ്വായിലെ അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവീഡിയോ വാണ്ടറേഴ്‌സ്, ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിംഗ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലൂടെയാണ് ലൂണ തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത്. മെക്‌സിക്കോയില്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ടിബറോനെസ് റോജോസിലും അവിടെ നിന്ന് വായ്പ അടിസ്ഥാനത്തില്‍ വെനാഡോസ് എഫ്സിയിലും കളിച്ചു. 2019 ജൂലൈയില്‍ ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സിറ്റിക്കായി ലൂണ കരാര്‍ ഒപ്പുവെച്ചു. തുടര്‍ന്ന് രണ്ട് സീസണ്‍ ക്ലബ്ബിന്റെ ഭാഗമായ താരം 51 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടി. കഴിഞ്ഞ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
അണ്ടര്‍ 17, അണ്ടര്‍ 20 വിഭാഗങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ലൂണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2009ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിലും 2011ല്‍ ഫിഫ അണ്ടര്‍-20 ലോകകപ്പിലും ദേശീയ ജെഴ്സി അണിഞ്ഞ അദ്ദേഹം രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടിയിട്ടുണ്ട്. 11 വര്‍ഷത്തിലേറെയായ തന്റെ ക്ലബ് ഫുട്‌ബോള്‍ കരിയറില്‍ ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എല്ലാ ക്ലബ്ബുകള്‍ക്കുമായി 336 മത്സരങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങി. അതില്‍ നിന്ന് ഇതേ വരെ 47 ഗോളുകളും 46 അസിസ്റ്റുകളും നേടിയെടുത്തു.
Content Highlights: ISL Kerala Blasters Captain Adrian Luna Life Story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..