Photo: indiansuperleague.com
മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിനിടെ തന്റെ സമീപനം കൊണ്ട് ആരാധകരുടെ കൈയടി നേടി ബെംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി.
മത്സരത്തിനിടെ ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ഗോള്‍ നേടാനുള്ള അവസരമുണ്ടായെങ്കിലും പന്ത് ഉദാന്ത സിങ്ങിന് നീട്ടി നല്‍കി ഛേത്രിയുടെ പ്രവൃത്തിയാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു സംഭവം. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബെംഗളൂരു ഡിഫന്‍ഡര്‍ പരാഗ് ശ്രിവാസ് പന്ത് സുനില്‍ ഛേത്രിക്ക് നീട്ടുന്നു. ബോക്‌സിലുണ്ടായിരുന്ന നാല് ഡിഫന്‍ഡര്‍മാരില്‍ രണ്ടു പേരെ വീതം അനായാസം മറികടന്ന ഛേത്രിക്ക് പന്ത് ഒന്ന് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കാത്തുനിന്ന താരം പന്ത് ബോക്‌സിന്റെ ഇടത് ഭാഗത്തുണ്ടായിരുന്ന ഉദാന്ത സിങ്ങിന് നീട്ടുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഉദാന്ത പന്ത് വലയിലെത്തിക്കുകയും ചെയ്തു.
ഈ ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ഛേത്രിക്ക് സ്വന്തമാക്കാമായിരുന്നു. നിലവില്‍ 48 ഗോളുകളോടെ ഫെറാന്‍ കോറോയുടെ നേട്ടത്തിനൊപ്പമാണ് ഛേത്രി. ഈ സാഹചര്യത്തിലാണ് സഹതാരത്തോടുള്ള ഛേത്രിയുടെ നിസ്വാര്‍ത്ഥമായ പെരുമാറ്റം.
Content Highlights: isl 2021-22 unselfish piece of football by Sunil Chhetri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..