Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം പിടിച്ചത്. ജയത്തോടെ പോയന്റ് പട്ടികില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.
62-ാം മിനിറ്റില്‍ പെരേര ഡിയാസിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് 82-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസിന്റെ തകര്‍പ്പന്‍ ഗോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തി.
ആദ്യ മത്സരങ്ങളിലെ കളം നിറഞ്ഞ് കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെയല്ല ആദ്യ പകുതിയില്‍ കണ്ടത്. കോവിഡ് ബാധ താരങ്ങളെ ബുദ്ധിമുട്ടിച്ചു എന്നതിന് തെളിവായിരുന്നു ആദ്യ പകുതി. നോര്‍ത്ത് ഈസ്റ്റായിരുന്നു ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചത്.
ഒടുവില്‍ 62-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ വന്നത്. നിഷു കുമാര്‍ ബോക്‌സിലേക്ക് നീട്ടിയ പന്ത് ഹര്‍മന്‍ജോത് ഖബ്ര ഡിയാസിന് മറിച്ച് നല്‍കി. ഉഗ്രനൊരു ഹെഡറിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി 70-ാം മിനിറ്റില്‍ ആയുഷ് അധികാരിക്ക് റഫറി മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി. സീസണില്‍ ആദ്യമായി 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് പക്ഷേ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.
82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ പോലും ഞെട്ടിച്ച് വാസ്‌ക്വസിന്റെ ഗോളെത്തി. സ്വന്തം പകുതിയില്‍ നിന്ന് പന്ത് ലഭിച്ച വാസ്‌ക്വസ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരി സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്ത് തൊടുത്ത നെടുനീളന്‍ ഷോട്ട് കൃത്യമായി വലയില്‍. സുഭാശിഷ് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹെര്‍നന്‍ സന്റാനയുടെ പാസില്‍ നിന്ന് മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
Content Highlights: isl 2021-22 Kerala Blasters FC beat NorthEast United FC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..