Photo: twitter.com/IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2014-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ ലീഗില്‍ ആദ്യകളിയില്‍ എ.ടി.കെ.യോട് തോറ്റതിനുശേഷം ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ അപരാജിതരാണ് ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിക്കാനിറങ്ങിയത് ഹൈദരാബാദായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ എഡു ഗാര്‍സിയയുടെ ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.
ഇതിനിടെ 10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിനെ പിന്നില്‍ നിന്നും വീഴ്ത്തിയതിന് ഹൈദരാബാദ് താരം ബര്‍ത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
24-ാം മിനിറ്റില്‍ ജോര്‍ജ് ഡിയാസിന്റെ ഉറച്ച ഗോള്‍ ശ്രമം ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി അദ്ഭുതകരമായി രക്ഷപ്പെടുത്തി.
42-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ലോങ് ത്രോയില്‍ നിന്നായിരുന്നു ഗോള്‍. ബോക്സിലേക്കെത്തിയ പന്ത് സഹല്‍ അബ്ദുള്‍ സമദ് പിന്നിലേക്ക് ഹെഡ് ചെയ്തു. ഈ പന്ത് ലഭിച്ച ഹൈദരാബാദ് താരം ആശിഷ് റായ് ഹെഡ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിച്ചത് അല്‍വാരോ വാസ്ക്വസിന് പിന്നിലേക്കായിരുന്നു. തന്നെ മാര്‍ക്ക് ചെയ്ത താരത്തെ കബളിപ്പിച്ച വാസ്ക്വസിന്റെ ഇടംകാലന്‍ വോളി ബുള്ളറ്റ് കണക്കെ വലയില്‍. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍.
ബ്ലാസ്റ്റേഴ്സിന്റെ ലീഡില്‍ ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചാണ് ഹൈദരാബാദ് കളത്തിലിറങ്ങിയത്. 47-ാം മിനിറ്റില്‍ തന്നെ നിഖില്‍ പൂജാരിയുടെ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തിയെങ്കില് ഡിഫന്‍ഡര്‍മാര്‍ അപകടമൊഴിവാക്കി.
53-ാം മിനിറ്റില്‍ അനികേത് യാദവിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. അവസാന മിനിറ്റുകളില്‍ ഹൈദരാബാദിന്റെ കടുത്ത പ്രസ്സിങ് ഗെയിം അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയവുമായി മടങ്ങിയത്.
Content Highlights: ISL 2021-22 Kerala Blasters FC beat Hyderabad FC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..