
Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഈസ്റ്റ് ബംഗാളിനെതിരായ ഐഎസ്എല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സ് താരം ഏനെസ് സിപോവിച്ചിന്റെ ഗോളാഘോഷം ശ്രദ്ധ നേടുന്നു. കളിയുടെ 49-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയ ശേഷം അല്ലു അര്ജുന് നായകനായ തെലുങ്ക് ചിത്രം 'പുഷ്പ'യിലെ അല്ലുവിന്റെ ഡാന്‍സ് നമ്പര്‍ അനുകരിച്ച സിപോവിച്ച് താരത്തിന്റെ പ്രശസ്തമായ പുഷ്പ ഡയലോഗും പുനരാവിഷ്കരിച്ചു.
അല്ലു അര്‍ജുന്റെ പുഷ്പയിലെ ഡയലോഗും ഡാന്‍സ് നമ്പറും ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെയും ടിക്ടോക്കിലൂടെയും വൈറലായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിപോവിച്ചും ഇത് ഏറ്റെടുത്തത്. ഇതാദ്യമായല്ല സിപോവിച്ച്, പുഷ്പയിലെ ഡയലോഗ് പറഞ്ഞ് ശ്രദ്ധ നേടുന്നത്. നേരത്തെ തന്റെ ഇന്‍സ്റ്റാഗ്രാമിലും ഇതേ ഡയലോഗ് പറഞ്ഞ് സ്പോവിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
സിപോവിച്ചിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ജയത്തോടെ 15 കളിയിലായി ടീമിന് 26 പോയന്റായി. പുടിയ എടുത്ത കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു സിപോവിച്ചിന്റെ വിജയ ഗോള്‍. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്തിനെ ഉയരക്കാരന് എനെസ് സിപോവിച്ച് തലകൊണ്ട് അനായാസം പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
ലീഗില്‍ ഇത്തവണത്തെ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമായിരുന്നു ഇത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സീസണില്‍ ബ്ലാസ്റ്റേഴ്സ് ഏഴു ജയം നേടുന്നത്. 2016 സീസണിലും 2017-18 സീസണിലും നേടിയ ആറു വിജയങ്ങളെന്ന നേട്ടമാണ് ഇത്തവണ ഇവാന് വുകോമനോവിച്ചിന്റെ നേതൃത്വത്തില്‍ ടീം മറികടന്നത്. ഒരു സീസണില്‍ ബ്ലാസ്റ്റേഴ്സ് 26 പോയന്റ് നേടുന്നതും ഇതാദ്യമായാണ്.
Content Highlights: isl 2021-22 Kerala Blasters Enes Sipovic pushpa style goal celebration viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..