Photo: twitter.com/IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി.
അഞ്ചു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ജയത്തോടെ ഒന്നാം സ്ഥാനത്ത് മൂന്ന് പോയന്റിന്റെ ലീഡെടുക്കാനും ഹൈദരാബാദിനായി. ജോയല്‍ കിയാനിസെ, ജാവോ വിക്ടര്‍, ആകാശ മിശ്ര എന്നിവരാണ് ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. നന്ദകുമാര്‍ ശേഖറിന്റെ പാസില്‍ നിന്ന് ജെറി ഒഡിഷയെ മുന്നിലെത്തിച്ചു. ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. കട്ടിമണിയില്‍ നിന്ന് പന്ത് ലഭിച്ച നന്ദകുമാറിന്റെ സമയം പാഴാക്കാതെയുള്ള മുന്നേറ്റം ജെറിയുടെ ഗോളില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് 51-ാം മിനിറ്റില്‍ ജോയല്‍ കിയാനിസെയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ അകാശ് മിശ്ര നല്‍കിയ ക്രോസ് കിയാനിസെ വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 70-ാം മിനിറ്റില്‍ ജാവോ വിക്ടറിലൂടെ ഹൈദരാബാദ് ലീഡുയര്‍ത്തി. ആശിശ് റായ് നീട്ടിയ പന്ത് ഒഡിഷ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വിക്ടര്‍ ബുള്ളറ്റ് കണക്കെ വലയിലെത്തിക്കുകയായിരുന്നു.
മൂന്ന് മിനിറ്റിനകം ആകാശ മിശ്രയിലൂടെ ഹൈദരാബാദ് മൂന്നാം ഗോളും കണ്ടെത്തി. യാസിര്‍ മുഹമ്മദിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒഡിഷ ഒരുക്കമായിരുന്നില്ല. 84-ാം മിനിറ്റില്‍ ജൊനാഥാസ് ക്രിസ്റ്റിയനിലുടെ ഒഡിഷ തങ്ങളുടെ രണ്ടാം ഗോള്‍ കണ്ടെത്തി. റെഡീം തലാങ്ങിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
തുടര്‍ന്ന് സമനില ഗോളിനായി ഒഡിഷ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. 17 പോയന്റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്.
Content Highlights: isl 2021-22 hyderabad fc beat odisha fc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..