Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ എഫ്.സി ഗോവയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ നഷ്ടമാക്കിയ നോര്‍ത്ത് ഈസ്റ്റ് ഒടുവില്‍ ഇന്‍ജുറി ടൈമില്‍ ഖാസ കമാറ നേടിയ ലോങ് റേഞ്ചര്‍ ഗോളിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഗോവന്‍ ആക്രമണമെത്തി. ആല്‍ബര്‍ട്ടോ നൊഗ്വേര ബോക്സിലേക്ക് ചിപ് ചെയ്ത് നല്കിയ പന്തില്‍ നിന്നുള്ള ജോര്‍ജ് ഓര്‍ട്ടിസിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ് രക്ഷപ്പെടുത്തി.
പിന്നാലെ 10-ാം മിനിറ്റില്‍ റോച്ചര്സെലയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. മത്തിയാസ് കോറെര് നല്കിയ ത്രൂബോള്‍ റോച്ചര്‍സെല സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആഘോഷത്തിന് വെറും മൂന്ന് മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 13-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ജെസുരാജിലൂടെ എഫ്.സി ഗോവ ഒപ്പമെത്തി. വലത് വിങ്ങില്‍ നിന്ന് ഓര്‍ട്ടിസ് തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഓര്‍ട്ടിസിന്റെ ക്രോസ് ബാക്ക് ഹീല്‍ ചെയ്യാനുള്ള ജെസുരാജിന്റെ ശ്രമം വിജയിച്ചില്ല. എന്നാല്‍ തുടര്‍ന്ന് പന്ത് ലഭിച്ച ആല്‍ബര്‍ട്ടോ നൊഗ്വേര നല്കിയ പാസ് ആദ്യ ടച്ചില്‍ തന്നെ ബോക്സിനു മുന്നിലുണ്ടായിരുന്ന ജെസുരാജ് വലയിലെത്തിക്കുകയായിരുന്നു.
60-ാം മിനിറ്റില്‍ മത്തിയാസ് കോറെറിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പിന്നാലെ 71-ാം മിനിറ്റിലും കോറെറെ നിര്‍ഭാഗ്യം പിന്തുടര്ന്നു. മധ്യഭാഗത്തുനിന്ന് പന്ത് ലഭിച്ച കോറെര് ഗോള്‍കീപ്പര്‍ ധീരജ് സിങ് സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്ത് അടിച്ച ഷോട്ട് ധീരജിനെ മറികടന്നെങ്കിലും ക്രോസ്ബാറില്‍ തട്ടി തെറിക്കുകയായിരുന്നു.
എന്നാല്‍ മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് കമാറ തകര്‍പ്പന്‍ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റിനെ വിജയത്തിലെത്തിച്ചത്.
Content Highlights: isl 2021-2022 northeast united fc beat fc goa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..