Photo: twitter.com/KeralaBlasters
മൂന്ന് കോടിയിലേറെ വരുന്ന ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല. അക്ഷരാര്‍ഥത്തില്‍ ഷൂട്ടൗട്ട് ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന തോല്‍വിയാണ് ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരായ ഐഎസ്എല്‍ ഫൈനലില്‍ സംഭവിച്ചത്. അത്ര തന്ത്രശാലിയായ പരിശീലകനൊന്നുമല്ല സെര്ബിയക്കാരന് ഇവാന് വുകോമനോവിച്ച്, എന്നാല്‍ ഫുട്ബോളിന്റെ പ്രാഥമിക പാഠങ്ങള്‍ കൃത്യമായി മൈതാനത്ത് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷേ ഫൈനല്‍ വേദിയില്‍ വുകോമനോവിച്ചിനെ ഹൈദരാബാദ് പരിശീലകന് മനോളോ മാര്‍ക്വസ് അനായാസം മറികടക്കുന്ന കാഴ്ചയാണ് കാണാനായത്.
കളിയുടെ ആദ്യ പകുതി ബ്ലാസ്റ്റേഴ്സ് നിറഞ്ഞു കളിക്കുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തുന്ന കാഴ്ചയായിരുന്നു ഫൈനലില്‍. ആദ്യ പകുതിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും മുന്നില്‍ ബ്ലാസ്റ്റേഴ്സായിരുന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ വലതു വിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയില്‍ തന്നെ ജോയല്‍ കിയാനിസെയെ മാറ്റേണ്ടി വന്നിട്ടും ബര്‍ത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് പന്ത് ലഭിക്കാതെ വന്നിട്ടും മനോളോ തെല്ലും പതറിക്കണ്ടില്ല. മറിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ കളി വീക്ഷിച്ച് അതിനുള്ള മരുന്നുമായാണ് അയാള്‍ രണ്ടാം പകുതിയില്‍ ഹൈദരാബാദിനെ കളിത്തിലിറക്കിയത്. അതുവരെ മുന്നില്‍ കളിപ്പിച്ച ഓഗ്ബെച്ചെയെ കുറച്ച് മധ്യനിരയിലേക്ക് ഇറക്കിയതോടെ ഹൈദരാബാദിന് വേഗം കൈവന്നു.
എന്നാല്‍ 68-ാം മിനിറ്റില്‍ രാഹുല്‍ കെ.പിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിട്ടും മനോളോയും ഹൈദരാബാദും കളി കൈവിട്ടില്ല. 70 മിനിറ്റിന് ശേഷം മിക്ക ബ്ലാസ്റ്റേഴ്സ് താരങ്ങളും തളര്‍ന്നു പോകുന്ന മുന്‍ മത്സരങ്ങളിലെ അനുഭവം മുന്‍നിര്‍ത്തി കൃത്യമായി സബ്സ്റ്റിറ്റിയൂഷന് നടത്തിയ മനോളോയുടെ തന്ത്രത്തിന്റെ ഫലമായിരുന്നു 88-ാം മിനിറ്റില്‍ സഹില്‍ ടവോറ നേടിയ ഗോള്‍. രാഹുലിന്റെ ഗോള്‍ വീണ് തൊട്ടടുത്ത നിമിഷമാണ് ഹാളിചരണ്‍ നര്‍സാരിയും സഹിലും കളത്തിലിറങ്ങിയതെന്നോര്‍ക്കണം.
മറുവശത്ത് അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും മത്സരം പോകുമെന്നോര്‍ക്കാതെ വുകോമനോവിച്ച് 91-ാം മിനിറ്റില്‍ യോര്‍ഗെ ഡയസിനെയും 111-ാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസിനെയും പിന്‍വലിച്ചത് തിരിച്ചടിയായി. അനുഭവസമ്പത്തുള്ള രണ്ട് താരങ്ങളില്ലാതെ ഷൂട്ടൗട്ടിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ കിക്ക് മുതല്‍ തന്നെ പിഴച്ചു. 120 മിനിറ്റോളം കളിച്ച് തളര്‍ന്ന മാര്‍ക്കോ ലെസ്കോവിച്ചിനെ ആദ്യ കിക്കെടുക്കാന്‍ വിട്ടതുമുതല്‍ ഷൂട്ടൗട്ടില്‍ കണ്ടതെല്ലാം പിഴവുകളായിരുന്നു. ഒടുവില്‍ 2014, 2016 വര്‍ഷങ്ങളിലേതു പോലെ മറ്റൊരു ഐഎസ്എല്‍ ഫൈനലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ദുരന്തമായി.
മാറ്റത്തിന്റെ ബ്ലാസ്റ്റേഴ്സ്
കേരളത്തിലെ ജനങ്ങള്‍ മുമ്പ് എപ്പോഴെങ്കിലും ഇത്ര ആവേശത്തോടെ ഒരു മത്സരത്തെ സമീപിച്ചിട്ടുണ്ടോ എന്നു പോലും സംശയിക്കുന്ന തരത്തിലായിരുന്നു കലാശപ്പോരിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് ലഭിച്ച പിന്തുണ. കഴിഞ്ഞ നാലു സീസണുകളിലും കാണികളെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന്റെ പൂര്‍വ്വാധികം ശക്തിയോടെയുള്ള തിരിച്ചുവരവിനാണ് ഇത്തവണ നമ്മള് സാക്ഷിയായത്. ഡേവിഡ് ജെയിംസിനും ഇയാന്‍ ഹ്യൂമിനും സന്ദേശ് ജിംഗനും സ്റ്റീഫന്‍ പിയേഴ്സണുമൊന്നും നേടിത്തരാന്‍ സാധിക്കാതിരുന്ന ആ നേട്ടം ഇത്തവണ ജോര്‍ജ് ഡയസും അല്‍വാരോ വാസ്ക്വസും അഡ്രിയാന്‍ ലൂണയും സഹലും ഖബ്രയുമെല്ലാം ചേര്‍ന്ന് സ്വന്തമാക്കുമെന്ന് ലോകമെമ്പാടുമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
നിരാശ മാത്രം തങ്ങള്‍ക്ക് നല്കിയ കഴിഞ്ഞ നാലു സീസണുകള്‍ക്കുള്ളില്‍ കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പോലും ഈ ടീമിനെ കൈവിട്ടിരുന്നു. ടീം പിരിച്ചുവിട്ട് വേറെ പണിനോക്കിക്കൂടേ എന്ന ആരാധകരുടെ വാക്കുകള്‍ തങ്ങളുടെ പ്രിയ ടീം ഇത്തരത്തില്‍ നശിക്കുന്നത് കണ്ടുള്ള അവരുടെ രോഷമായിരുന്നു. ഐഎസ്എല്ലിന്റെ ആദ്യ മൂന്ന് സീസണില്‍ രണ്ട് തവണയും റണ്ണറപ്പായ ടീമിനെ ആരാധകര്‍ ചങ്കിലാണ് കൊണ്ടു നടന്നിരുന്നത്. 2014ലും 2016ലും കലാശപ്പോരില്‍ എടികെയോട് തോറ്റ് മടങ്ങിയപ്പോള്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയെ സ്നേഹിച്ച ഓരോ ആരാധകനും കണ്ണീര് വാര്‍ത്തു. എന്നാല്‍ അവിടെ നിന്നും ഒരുവേള ബ്ലാസ്റ്റേഴ്സ് എന്ന ടീം കടുത്ത ആരാധകരുടെ മനസില്‍ നിന്നുതന്നെ ഇറങ്ങിപ്പോകുന്ന തരത്തിലെത്തി. 2018, 2019, 2020, 2021 സീസണുകളില്‍ ടീമെന്ന നിലയില്‍ തന്നെ തീര്‍ത്തും പരാജയമായ ബ്ലാസ്റ്റേഴ്സിനെ ആരാധകര്‍ കൈവിട്ടു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് ഒരു കൈയടി പോലും നല്‍കാതെ ആരാധകര്‍ പ്രതിഷേധിച്ചിട്ട് അധിക കാലമൊന്നും ആകുന്നില്ല.
ഒടുവില്‍ മാറണമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തന്നെ തോന്നിത്തുടങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ ടീം. കഴിഞ്ഞ ഏഴു സീസണു സീസണുകളിലും ഇതുപോലെ മനോഹരമായി കളിക്കുന്ന, ജയം സ്വന്തമാക്കുന്ന ടീം വേറെയുണ്ടായിട്ടില്ല. അരങ്ങില്‍ വാസ്ക്വസും ഡയസും ലൂണയും സഹലുമൊക്കെ ആടിത്തിമിര്‍ത്തപ്പോള്‍ അതിന് അണിയറ ബുദ്ധികേന്ദ്രങ്ങളായ രണ്ടുപേരുണ്ട്. മുഖ്യപരിശീലകന്‍ ഇവാന് വുകോമാനോവിച്ചും സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസും. മോശം പ്രകടനങ്ങളുടെ നാല് സീസണുകള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നതിന് ഈ രണ്ട് പേരോടാണ് ക്ലബ്ബ് കടപ്പെടുന്നത്. കൊപ്പലാശാന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ കളി ഒന്നാകെ മാറ്റിയ വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിന് കാരണം സ്കിന്‍കിസാണ്. അതുവരെയുള്ള ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോള്‍ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചാണ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടറെ നിയമിച്ചത്. അത് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായിരുന്നു. ലിത്വാനിയന്‍ ക്ലബ്ബ് ഫുട്ബോളില്‍ എഫ്.സി. സുഡുവയുടെ വമ്പന്‍നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കരോളിസ് ഇന്ത്യന്‍ ഫുട്ബോളിലും തന്റെ മാന്ത്രികത പുറത്തെടുക്കാന്‍ തുടങ്ങിയെന്ന് നടപ്പുസീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം സൂചിപ്പിക്കുന്നു. പരിശീലകജോലിയൊന്നുമില്ലാതെയിരുന്ന സെര്ബിയക്കാരന് ഇവാനെ കരോളിസ് കൊണ്ടുവരുമ്പോള്‍ പലരും മൂക്കത്ത് വിരല്‍വെച്ചിരുന്നു. വമ്പന്‍പേരുകാരെക്കാള്‍ ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നയാളെയാണ് കൊണ്ടുവരികയെന്ന് കരോളിസ് അന്ന് തന്റെ നയം വ്യക്തമാക്കി. അത് അച്ചട്ടായി.
ഒപ്പം യുറഗ്വായ് താരം ലൂണയെ മെല്‍ബണ്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് താരം അല്‍വാരോ വാസ്ക്വസിനെ സ്പോര്‍ട്ടിങ് ഗിജോണില്‍ നിന്നും അര്ജന്റീനക്കാരന് യോര്‍ഗെ ഡയസിനെ പ്ലാറ്റെന്‍സില്‍ നിന്നും റാഞ്ചിയതും സ്കിന്‍കിസ് തന്നെ.
ഇത്തവണ ആദ്യ മത്സരത്തില്‍ എടികെയോട് 4-2ന് തോറ്റാണ് ബ്ലാസ്റ്റേഴ്സ് സീസണ് തുടക്കമിട്ടത്. തുടര്‍ന്ന് പരാജയമറിയാതെ പിന്നിട്ടത് 10 മത്സരങ്ങളാണ്. നോര്‍ത്ത് ഈസ്റ്റ്, ബെംഗളൂരു, ഈസ്റ്റ് ബംഗാള്‍, ജംഷേദ്പുര്‍, ഗോവ ടീമുകളോട് സമനില വഴങ്ങിയപ്പോള്‍ ഒഡിഷ, ഹൈദരാബാദ്, ചെന്നൈയ്ന്, മുംബൈ സിറ്റി ടീമുകളെ തകര്‍ത്തായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റം. ജനുവരി 16-ന് മുംബൈയുമായുള്ള അടുത്ത മത്സരത്തിനു മുമ്പാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ബയോ ബബിളിനുള്ളില്‍ കോവിഡ് വ്യാപിക്കുന്നത്. അതോടെ ഇടയ്ക്ക് കിതച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന മത്സരങ്ങളില്‍ ബെംഗളൂരുവിനോടും നോര്‍ത്ത് ഈസ്റ്റിനോടും ജംഷേദ്പുരിനോടും തോറ്റു. എന്നാല്‍ അവിടെ നിന്നും ബ്ലാസ്റ്റേഴ്സ് നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവ് ആരാധകരെ തെല്ലൊന്നുമല്ല ത്രില്ലടിപ്പിച്ചത്. എടികെയോട് സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെയും മുംബൈയേയും തകര്‍ത്ത് സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഗോവയ്ക്കെതിരേ നാലു ഗോളടിച്ച് നേടിയ സമനിലയും ഇക്കൂട്ടത്തിലുണ്ട്. നിര്‍ണായക മത്സരത്തില്‍ മുംബൈയെ 3-1ന് തകര്‍ത്ത ബ്ലാസ്റ്റേഴ്സിന്റെ മികവ് എടുത്ത് പറയാതിരിക്കുന്നതെങ്ങിനെ. ഒടുവില്‍ സെമിയില്‍ കരുത്തരായ ജംഷേദ്പുരിനെ കളിമികവിലൂടെ മറികടന്ന് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കലാശപ്പോരിന് ടിക്കറ്റെടുത്തു. എന്നാല്‍ കലാശപ്പോരില്‍ തന്ത്രങ്ങള്‍ പിഴച്ചപ്പോള്‍ അത് ഫത്തോര്‍ഡയില്‍ ഒത്തുകൂടിയ പതിനായിരക്കണത്തിന് വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നല്‍കിയത് നിരാശ മാത്രം.
Content Highlights: isl 2021-22 kerala blasters wrong changes tragic shootout
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..