Photo: twitter.com/KeralaBlasters
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയതോടെ അന്തരീക്ഷമാകെ മാറി. ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കോച്ച് ഇവാന് വുകോമാനോവിച്ചിന്റെ ഒരു വീഡിയോ ആവേശമായി ആളിപ്പടര്‍ന്നു. ''ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകര്‍ക്കും ഗോവയിലേക്ക് സ്വാഗതം. ഫൈനലിന് എത്തുക, ഞങ്ങളെ പ്രോത്സാഹിപ്പിക്കുക''. അതിനുശേഷം മലയാളത്തില്‍ 'കേറി വാടാ മക്കളേ' എന്ന് വുകോമാനോവിച്ച് പറയുന്നു. കോച്ചിന്റെ വാക്കുകള്‍ നല്കിയ ആവേശത്തിലാണ് ആരാധകര്‍.
തന്ത്രങ്ങളുടെ ആശാനാണ് ജംഷേദ്പുര്‍ പരിശീലകന് ഓവന് കോയില്‍. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സെമിഫൈനലിന്റെ ഇരുപാദങ്ങളിലും കോയിലിന്റെ തന്ത്രങ്ങള്‍ വിലപ്പോയില്ല. അവിടെ അവസാനത്തെ ചിരി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമാനോവിച്ചിന്റേതായി.
ആദ്യപാദത്തില്‍ ഗോളടിച്ച സഹല്‍ അബ്ദു സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഫോര്മേഷന് പതിവുപോലെ 4-4-2 തന്നെ. ജംഷേദ്പുരിനെതിരേ ഇരുപാദങ്ങളിലും ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍മാര്‍ വൈഡായാണ് കളിച്ചത്. ജംഷേദ്പുര്‍ സെന്‍ട്രല്‍ ഡിഫന്‍സിനെ മറികടക്കാനായിരുന്നു ഈ നീക്കം ആദ്യപാദത്തില്‍ സഹലിനെ മധ്യഭാഗത്തുകൂടി ആക്രമിക്കാന്‍ നിയോഗിച്ചെങ്കില് രണ്ടാംപാദത്തില്‍ അഡ്രിയന്‍ ലൂണക്കായിരുന്നു ചുമതല. ശാരീരിക ഗെയിം പുറത്തെടുക്കുന്ന ജംഷേദ്പുരിനെതിരേ പാസിങ് ഗെയിം മാറ്റിവെച്ച് ലോങ് ബോള്‍ ഗെയിമാണ് കേരള ടീം പുറത്തെടുത്തത്. അതും നേരിട്ട് ഗോള്‍മുഖത്തേക്ക് കളിക്കുന്നതിനു പകരം വിങ്ങുകളിലെ ഒഴിഞ്ഞ ഭാഗത്തേക്ക് കളിച്ച് ആക്രമണമുണ്ടാക്കുന്ന രീതിയാണ് നടപ്പാക്കിയത്. ലൂണയുടെ ഗോള്‍ വന്നതും ഇത്തരമൊരു മുന്നേറ്റത്തില്‍ നിന്നായിരുന്നു.
ജംഷേദ്പുരിന് സ്വന്തം ഹാഫില്‍ സ്പേസ് അനുവദിക്കാതെ കളിക്കുകയെന്ന തന്ത്രം ബ്ലാസ്റ്റേഴ്സ് വിജയകരമാക്കി. പുടിയയും ആയുഷ് അധികാരിയും മധ്യഭാഗം വിട്ടുപോകാതെ, സെന്‍ട്രല്‍ ഡിഫന്‍സിനോട് ചേര്‍ന്ന് കളിച്ചത് അപകടകാരികളായ ഗ്രെഗ് സ്റ്റുവര്‍ട്ടിനെയും ഡാനിയേല്‍ ചീമയെയും തടയാനായിരുന്നു. രണ്ടു മത്സരത്തിലും അത് വിജയമായി. ഇരുവരിലേക്കുമുള്ള പന്ത് വിതരണം കൃത്യമായി തടയപ്പെട്ടു. ജംഷേദ്പുര്‍ രണ്ടാംപാദത്തില്‍ തന്ത്രം മാറ്റി. ഇഷാന് പണ്ഡിതയെ ചീമയ്ക്കൊപ്പം ആക്രമണത്തിന് നിയോഗിച്ച് സ്റ്റുവര്‍ട്ടിനെ ഇറക്കി കളിപ്പിച്ചു. സ്റ്റുവര്‍ട്ട് ഭൂരിഭാഗവും മധ്യനിരയിലാണ് കളിച്ചത്. ടീമിന്റെ നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞെങ്കിലും ഫൈനല്‍ തേര്‍ഡില്‍ സമ്മര്‍ദമുണ്ടാക്കാന്‍ കഴിഞ്ഞില്ല. രണ്ടാംപകുതിയില്‍ ജംഷേദ്പുര്‍ ആക്രമണം ശക്തമാക്കിയപ്പോള്‍ ലൂണയ്ക്കും വാസ്ക്വസിനും കൃത്യമായ പ്രതിരോധച്ചുമതല നല്‍കിയാണ് ഇവാന് ടീമിനെ രക്ഷപ്പെടുത്തിയത്.
റഫറിമാരുടെ 'കളി '
റഫറിമാരുടെ തെറ്റായ തീരുമാനങ്ങളില്‍ ഏറ്റവുംകൂടുതല്‍ വലഞ്ഞ ടീമുകളിലൊന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. സെമിഫൈനല്‍ രണ്ടാംപാദത്തിലും റഫറിയുടെ ചില തീരുമാനങ്ങള്‍ ടീമിനെതിരായി. ജംഷേദ്പുരിനായി പ്രണോയ് ഹാല്‍ദാര്‍ ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് പന്ത് കൈയില്‍ കൊണ്ടിരുന്നു. ടെലിവഷന്‍ റീപ്ലേകളിലും ഇത് വ്യക്തം. എന്നാല്‍ മത്സരം നിയന്ത്രിച്ച ഹരീഷ് കുണ്ടു അത് കാണാതെ പോയി. നേരത്തേ ബ്ലാസ്റ്റേഴ്സിനെതിരേ ഓഫ് സൈഡ് ഗോള്‍ റഫറി ആദ്യം അനുവദിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തതോടെ തീരുമാനം മാറ്റി. ഈ സീസണില്‍ റഫറി ആര് വെങ്കിടേഷിനതിരേ ഫുട്ബോള്‍ ഫെഡറേഷന് ബ്ലാസ്റ്റേഴ്സ് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തില്‍ റഫറിമാര്‍ വലിയ പങ്കുവഹിച്ചിരുന്നു.
സഹല്‍ ഫൈനലില്‍ കളിച്ചേക്കില്ല
ബംബോലിം: ഫൈനലിലും വിങ്ങര്‍ സഹല്‍ അബ്ദു സമദിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിച്ചേക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. സെമിഫൈനലിന്റെ ആദ്യപാദത്തില്‍ സഹല്‍ ഗോള്‍ നേടിയിരുന്നു. രണ്ടാംപാദത്തില്‍ കളിച്ചില്ല. പകരം നിഷുകുമാറാണ് ഇറങ്ങിയത്. സീസണില്‍ മിന്നുന്ന ഫോമിലാണ് സഹല്‍. ആറ് ഗോളുകളാണ് നേടിയത്.
Content Highlights: isl 2021-22 kerala blasters coach ivan vukomanovic invites fans to watch final in goa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..