Photo: twitter.com/IndSuperLeague
ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്സി. ജയത്തോടെ ഹൈദരാബാദ് സെമി ബര്‍ത്ത് ഉറപ്പാക്കി.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
ബര്‍ത്തലോമ്യു ഓഗ്ബെച്ചെ, ജാവിയര്‍ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ സ്കോര്‍ ചെയ്തത്. ഇന്‍ജുറി ടൈമില്‍ വിന്‍സി ബാരെറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
തുടക്കം മുതല്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തത് ഹൈദരാബാദായിരുന്നു. മികച്ച പല മുന്നേറ്റങ്ങളും നടത്തിയ അവര്‍ ഒടുവില്‍ 28-ാം മിനിറ്റില്‍ മുന്നിലെത്തി. ഹൈദരാബാദ് താരത്തിന്റെ ക്രോസ് രോഹിത് ദാനു ബോക്സിലുണ്ടായിരുന്ന ബര്‍ത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് ഹെഡ് ചെയ്ത് നല്കി. പന്ത് നിയന്ത്രിച്ച ഓഗ്ബെച്ചെ, ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
ആദ്യ പകുതിയിലുടനീളം മത്സരത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 41-ാം മിനിറ്റില്‍ ചെഞ്ചോയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ പക്ഷേ ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 50-ാം മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച മികച്ച അവസരം ചെഞ്ചോ പാഴാക്കുകയും ചെയ്തു. പിന്നാലെ ഹര്‍മന്‍ജോത് ഖബ്രയുടെ ഹെഡര്‍ ക്രോസ്ബാറിലിടിച്ചു. 55-ാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസിന്റെ ഷോട്ടും കട്ടിമണി രക്ഷപ്പെടുത്തി.
58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ഇരട്ട സേവുകളുമായി ടീമിനെ രക്ഷിച്ചു. ബോക്സിന് തൊട്ടുവെളിയില്‍ നിന്നുള്ള രോഹിത് ദാനുവിന്റെ ഷോട്ട് രക്ഷപ്പെടുത്തിയ ഗില്‍, പിന്നാലെ ഓഗ്ബെച്ചെയുടെ ഗോളെന്നുറച്ച ഷോട്ടും രക്ഷപ്പെടുത്തി.
സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിക്കുന്നതിനിടെ 87-ാം മിനിറ്റില്‍ ജാവിയര്‍ സിവെറിയോ മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍ കണ്ടെത്തി. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ നിഖില്‍ പൂജാരി ബോക്സിലേക്ക് നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് സാധിച്ചില്ല, ഒരു ഡൈവിങ് ഹെഡറിലൂടെ സിവെറിയോ പന്ത് വലയിലെത്തിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ വിന്‍സി ബാരെറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
സന്ദീപിന്റെ അഭാവത്തില്‍ സഞ്ജീവ് സ്റ്റാലിനെയും പെരേര ഡയസിന് പകരം ചെഞ്ചോയേയും ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങിയത്. ഇരുവരുടെയും അഭാവം മത്സരത്തില്‍ കാര്യമായി നിഴലിക്കുകയും ചെയ്തു. അഡ്രിയാന്‍ ലൂണയ്ക്കും ഇന്ന് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് 18 കളികളില്‍ നിന്ന് 35 പോയന്റായി. 17 മത്സരങ്ങളില്‍ നിന്ന് 27 പോയന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ള മൂന്ന് കളികളും ഇനി നിര്‍ണായകമാണ്.
Content Highlights: isl 2021-22 Hyderabad FC beat Kerala Blasters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..