Photo: twitter.com/IndSuperLeague
ഫത്തോര്‍ഡയില്‍ ഞായറാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും ഏറ്റുമുട്ടുന്നതോടെ ഐഎസ്എല്ലില്‍ പുതിയ കിരീടജേതാക്കള്‍ ഉണ്ടാകും. ഇരു ടീമും തങ്ങളുടെ കന്നികിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച ബൂട്ടുകെട്ടുക. ഹൈദരാബാദിന് ഇത് തങ്ങളുടെ കന്നി ഐഎസ്എല്‍ ഫൈനലാണെങ്കില്‍ മൂന്നാം തവണയാണ് കേരളത്തിന്റെ മഞ്ഞപ്പട കലാശപ്പോരിനിറങ്ങുന്നത്. 2014-ലെ പ്രഥമ ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് എടികെയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് 2016-ലും ഫൈനലിലെത്തിയെങ്കിലും അന്നും എടികെയോട് കലാശപ്പോരില്‍ തോറ്റു.
ഹൈദരാബാദ് താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പ്രധാന തലവേദന. 19 കളികളില്‍നിന്ന് 18 ഗോളുകളുമായി സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുമ്പനാണ് ഈ 37-കാരന്‍. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധമൊരുക്കുന്ന പൂട്ട് ഓഗ്‌ബെച്ചെ ഏത് തരത്തില്‍ പൊട്ടിക്കുമെന്നത് അനുസരിച്ചിരിക്കും ഫൈനലില്‍ ഹൈദരാബാദിന്റെ മുന്നേറ്റം. 53 ഗോളുകളുമായി ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഈ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം.
ജാവിയര്‍ സിവെരിയോ, ജോയല്‍ കിയാനിസെ എന്നിവരുടെ പിന്തുണ കിട്ടേട്ട പോലെ കിട്ടിയാല്‍ ഓഗ്‌ബെച്ചെ അപകടകാരിയാകും. മിഡ്ഫീല്‍ഡര്‍ ജാവോ വിക്ടറിനെയും ബ്ലാസ്റ്റേഴ്‌സ് കാര്യമായി സൂക്ഷിക്കണം. സ്‌ട്രൈക്കര്‍മാര്‍ക്കും ഡിഫന്‍ഡര്‍മാര്‍ക്കും ഇടയിലെ പ്രധാന കണ്ണിയാണ് വിക്ടര്‍. സീസണില്‍ അഞ്ചു ഗോളുകള്‍ നേടിയ താരത്തിന്റെ ഫിനിഷിങ്ങും കേരളത്തിന് ഒരുപക്ഷേ വെല്ലുവിളിയാകും. സീസണില്‍ ഇതുവരെ 46 ഗോളുകള്‍ നേടിയ ഹൈദരാബാദ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ്.
മറുവശത്ത് അര്‍ജന്റീനക്കാരന്‍ ജോര്‍ജ് പെരെയ്‌ര ഡയസാണ് എട്ടു ഗോളുകളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാരില്‍ മുന്നില്‍. ഡയസിനൊപ്പം സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസ് കൂടി ചേരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം ശക്തം. എന്നാല്‍ സഹല്‍ അബ്ദുള്‍ സമദിന് പരിക്ക് കാരണം ഫൈനലിന് ഇറങ്ങാന്‍ സാധിക്കാത്തത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. ഡയസിനെയും വാസ്‌ക്വസിനെയും എതിര്‍ പ്രതിരോധം പൂട്ടിയിടുമ്പോള്‍ ലഭിക്കുന്ന സ്‌പേസ് കൃത്യമായി വിനിയോഗിക്കാന്‍ സഹലിന് സാധിച്ചിരുന്നു. മധ്യനിരയില്‍ പുട്ടിയയുടെയും ആയുഷ് അധികാരിയുടെയും സാന്നിധ്യം മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കുന്നതില്‍ നിര്‍ണായകമാകും. ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാര്‍ എന്നിവരടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഹൈദരാബാദ് മുന്നേറ്റ നിരയ്ക്ക് കടുത്ത വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. ഗോളി പ്രഭ്‌സുഖന്‍ ലില്ലാകട്ടെ മികച്ച ഫോമിലും. ഇവര്‍ക്കൊപ്പം അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റാനും മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ക്കാനും കെല്‍പ്പുള്ള അഡ്രിയാന്‍ ലൂണ കൂടി ചേരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരാളിയെ വിറപ്പിക്കാന്‍ പോന്ന ടീമാകുന്നു.
Content Highlights: isl 2021-22 first-time winners guaranteed as kerala blasters take on hyderabad fc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..