Photo: twitter.com/IndSuperLeague
ബാംബോലിം: ഐഎസ്എല്‍ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. തകര്‍പ്പന്‍ കളി പുറത്തെടുത്ത ഗോവയ്ക്കെതിരേ ബ്ലാസ്റ്റേഴ്സ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. എട്ടു ഗോള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും നാലു ഗോള്‍ വീതം നേടി. ഗോവയ്ക്കായി ഐറം കബ്രേറ ഹാട്രിക്ക് നേടി. ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.
മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ജോര്‍ജ് ഡിയാസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ഗോവ ഗോള്‍കീപ്പര്‍ ഹൃത്വിക് തിവാരിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഹൃത്വിക് സഹതാരത്തിന് പാസ് ചെയ്ത പന്ത് സഹല്‍ അബ്ദു സമദ് പിടിച്ചെടുക്കുകയായിരുന്നു. സഹലിന്റെ പാസ് ഡിയാസ് സ്ലൈഡ് ചെയ്ത് വലയിലെത്തിച്ചു.
പിന്നാലെ 25-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിയാസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. ചെഞ്ചോയെ ഹൃത്വിക് തിവാരി ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഡിയാസിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.
എന്നാല്‍ ആദ്യ പകുതി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയെങ്കില്‍ രണ്ടാം പകുതിയില്‍ ഗോവന്‍ ആധിപത്യമായിരുന്നു. മൂന്ന് മാറ്റങ്ങളുമായി തിരിച്ചടിക്കാനുറച്ചാണ് ഗോവ രണ്ടാം പകുതിക്ക് ഇറങ്ങിയത്. പകരക്കാരനായെത്തിയ ഐറം കബ്രേറയിലൂടെ 49-ാം മിനിറ്റില്‍ ഗോവ ആദ്യ ഗോള്‍ നേടി. എഡു ബേഡിയയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ 63-ാം മിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കബ്രേറ ഗില്ലിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്കോര്‍ 2-2.
79-ാം മിനിറ്റില്‍ ഒരു കിടിലന്‍ ഷോട്ടിലൂടെ ഐബാന് ഡോഹ്ലിങ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം കബ്രേറ തന്റെ ഹാട്രിക്കും ഗോവയുടെ നാലാം ഗോളും സ്വന്തമാക്കി. ഇതോടെ ആദ്യ പകുതിയില്‍ 2-0ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് 82 മിനിറ്റ് പിന്നിട്ടപ്പോള്‍ 4-2ന് പിന്നിലായി. പക്ഷേ വിട്ടുകൊടുക്കാന്‍ ബ്ലാസ്റ്റേഴ്സ് ഒരുക്കമായിരുന്നില്ല. 88-ാം മിനിറ്റില്‍ വിന്‍സി ബാരെറ്റോ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി. ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അല്‍വാരോ വാസ്ക്വസ് 90-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ കുറിച്ചു.
Content Highlights: ISL 2021-22 fc goa and Kerala Blasters share point after a tense draw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..