കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോളാഘോഷം | Photo: fb| Kerala Blasters
ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ്, എടികെ താരം പ്രബീര്‍ ദാസ് എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഏഴാം മിനിറ്റിലും 64ാം മിനിറ്റിലും നായകന്‍ അഡ്രിയാന്‍ ലൂണയാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്. ഏഴാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ലൂണ കേരളത്തെ മുന്നിലെത്തിച്ചത്. എന്നാല്‍ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത മിനിറ്റില്‍ ഡേവിഡ് വില്യംസിന്റെ ഗോളില്‍ എടികെ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ കേരളം വീണ്ടും ലൂണയിലൂടെ മുന്നിലെത്തി. പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് എടികെ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.
എന്നാല്‍ തകര്‍പ്പന്‍ ഡിഫെന്‍സും ഒപ്പം ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനവും കൊല്‍ക്കത്ത ക്ലബ്ബിന് ഗോള്‍ മാത്രം നിഷേധിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് കോകോയുടെ ഗോള്‍ കേരളത്തെ സമനിലയില്‍ തളച്ചത്. ജയിച്ചിരുന്നുവെങ്കില്‍ 29 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 16 കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായി എ.ടി.കെ മോഹന്‍ബഗാന്‍ ഒന്നാം സ്ഥാനത്തും 16 കളികളില്‍ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്.
മറ്റൊരു മത്സരത്തില്‍ ഗോവ ഹൈദരാബാദിനെ നേരിടുകയാണ്. ജയിച്ചാല്‍ 32 പോയിന്റുമായി ഹൈദരാബാദിന് ഒന്നാമതെത്താം സമനില നേടിയാലും 30 പോയിന്റുമായി അവര്‍ക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയും.
Content Highlights: ISL 2021 2022 Kerala Blasters vs Mohun Bagan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..